‘കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഭാര്യയോട് മോശമായി പെരുമാറി’; പീച്ചി മുന്‍ എസ്‌ഐ രതീഷിനെതിരെ വീണ്ടും ആരോപണം

പീച്ചി മുന്‍ എസ്‌ഐ രതീഷിനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം. കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുവെന്ന് മുണ്ടത്തിക്കോട് വില്ലേജ് അസിസ്റ്റന്റ് അസര്‍. വ്യാജ പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചുവെന്നും ഭാര്യയോട് മോശമായി പെരുമാറി എന്നും അസര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കള്ളക്കേസിന് പിന്നാലെ ജോലി നഷ്ടമായ അസര്‍ നിയമപോരാട്ടത്തിന് ശേഷമാണ് ജോലി തിരികെ ലഭിച്ചത്.
2018 നവംബറില്‍ രതീഷ് മണ്ണൂത്തി എസ്‌ഐ ആയിരിക്കേയാണ് വ്യാജ പരാതിയുടെ പേരില്‍ വില്ലേജ് അസിസ്റ്റന്റായ അസറിനെ മര്‍ദിക്കുന്നത്. വ്യാജ പരാതി ലഭിച്ചതിന് പിന്നാലെ അസറിനെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിച്ചെന്നാണ് അസറിന്റെ ആരോപണം. മര്‍ദനത്തിന് പിന്നാലെ അസറിനെ പ്രതിയാക്കി കേസും എടുത്തു.
ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ അസറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. രതീഷ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പൊലീസ് മര്‍ദനത്തില്‍ രതീഷിനെതിരെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പകരം രതീഷ് ഭീഷണി തുടര്‍ന്നു.
കള്ളക്കേസിന് പിന്നാലെ ജോലി നഷ്ടമായ അസര്‍ ഇതിനിടെ കോടതിയെ സമീപിച്ചു. മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ജോലി തിരികെ ലഭിച്ചു. എന്നാല്‍ തന്നെ മര്‍ദിച്ച രതീഷിനെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നാണ് അസറിന്റെ ആരോപണം.
Story Highlights : Allegations again against former Peechi SI Ratheesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here