ഹൃദയമിടിച്ച് തുടങ്ങി, ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ തുടിക്കും; ഹൃദയ മാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം

ലിസി ആശുപത്രിയിലെ ഹൃദയ മാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം.ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ച് തുടങ്ങി. ശസ്ത്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. 4 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചി ലിസി ആശുപത്രിയിലേക്ക് എത്തിയത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ലിസി ആശുപത്രിയിൽ ഹൃദയം സ്വീകരിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ എയർ ആംബുലൻസ് ഹയാത്ത് ഹെലിപ്പാഡിൽ എത്തിച്ച്, അവിടെനിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സെപ്റ്റംബർ ആറിനാണ് കൊട്ടാരക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഹോട്ടൽ ഉടമയായ 33 കാരൻ ഐസക്ക് ജോർജിന് ഗുരുതരമായി പരുക്കേറ്റത്.
തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ഐസക്കിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ വൈകീട്ടോടെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബം സന്നദ്ധത അറിയിച്ചതോടെയാണ് ഐസക്കിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. ഐസക്കിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ഹൃദയം, കരൾ, വൃക്കകൾ, കോർണിയകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. കരളും ഒരു വൃക്കയും കിംസിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും അവയവമാറ്റത്തിനായി ഉപയോഗിക്കും. കോർണിയകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് മാറ്റുന്നത്.
Story Highlights : issac heart transplantation first stage success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here