സമവായത്തിന്റെ കേന്ദ്രബിന്ദു; പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ നയിച്ച നേതാവ്; പി പി തങ്കച്ചന്‍ വിട വാങ്ങുമ്പോള്‍

പ്രദേശിക തലത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചന്‍. കോണ്‍ഗ്രസിലെ സമവായത്തിന്റെ മുഖം. 13 വര്‍ഷമാണ് യുഡിഎഫ് കണ്‍വീനറായി അദ്ദേഹം പ്രവര്‍ത്തിച്ചത്. മുന്നണി യോഗം ചേര്‍ന്നാല്‍ അവസാനം പിപി തങ്കച്ചന്റെ വാര്‍ത്താസമ്മേളനമുണ്ടാകും. നയചാതുരിയോടെ ഏത് കഠിനമായ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറയും. എന്നാല്‍ വളരെ കര്‍ക്കശക്കാരനായ നേതാവുമായിരുന്നില്ല അദ്ദേഹം.
പല പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചു. പിളര്‍പ്പിലേക്ക് പോകുന്നതടക്കമുള്ള നിരവധി കയറ്റിറക്കങ്ങളുടെ സമയത്ത് യോജിപ്പിച്ചു കൊണ്ടു പോകുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു. എല്ലാ ഘട്ടത്തിലും ഐ ഗ്രൂപ്പിന്റെ , കെ കരുണാകരന്റെ വിശ്വസ്ഥനായ അനുയായിയാരുന്നു. അതേസമയം, എ ഗ്രൂപ്പിലെ എല്ലാ നേതാക്കളുമായും അടുപ്പവും അദ്ദേഹം സൂക്ഷിച്ചിരുന്നു. എല്ലാവര്‍ക്കും ഏറെ പ്രാപ്യനായ നേതാവ്. കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന നേതാവായിരുന്നു. കെ കരുണാകരന്‍ വലിയ നിലപാടുകള്‍ എടുത്ത് ഡിഐസി രൂപീകരിക്കുന്നതടക്കമുള്ള ഘട്ടത്തിലൊക്കെ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. അന്ന് കെ കരുണാകരനൊപ്പം പോകാതെ കോണ്‍ഗ്രസിന് ഒപ്പം തന്നെ നിന്നു. കുറേയധികം ആളുകള്‍ പാര്‍ട്ടി വിടാതെ കാത്ത് സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ വ്യക്തിപരമായ അടുപ്പത്തില്‍ വിള്ളല്‍ വീഴ്ത്തിയിയുമില്ല.
വിവാദങ്ങളില്‍പ്പെടാതെ സൗമ്യതയുടെ മുഖമായി രാഷ്ട്രയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തങ്കച്ചന്‍ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു.
പലകാര്യങ്ങളും മാതൃകയായ നേതാവ് കൂടിയായിരുന്നു. യുഡിഎഫ് കണ്‍വീനറായി തുടരവേ പ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കെതിരെ രംഗത്ത് വന്ന യുവ നേതാക്കളോടുള്ള പ്രതികരണം എല്ലാ കാലത്തും ഓര്‍മിക്കപ്പെടുന്നതാണ്. പ്രായാധിക്യത്തിന്റെ പ്രശ്‌നമുണ്ട് അദ്ദേഹത്തെ ഒഴിവാക്കണമെന്നായിരുന്നു യുവ നേതാക്കളുടെ വാദം. എനിക്ക് ഓര്‍മക്കുറവോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല. എങ്കില്‍ പോലും പാര്‍ട്ടി പറഞ്ഞാല്‍ ഏത് സ്ഥാനത്ത് നിന്നും മാറാന്‍ ഒരു മടിയുമില്ല എന്നായിരുന്നു സൗമ്യമായി അദ്ദേഹത്തിന്റെ മറുപടി.
Story Highlights : P P Thankachan explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here