നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്തെത്തിയിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി താൽക്കാലിക ഭരണ ചുമതല ഏറ്റെടുക്കാൻ ധാരണയിൽ എത്തിയതിന് പിന്നാലെയാണ് നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്ത് വന്നത്. പ്രക്ഷോഭകരുമായി സൈനിയ മേധാവി പല തവണ ചർച്ചകൾ നടത്തി.
എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ ആഹ്വാനം ചെയ്തു. രണ്ടു ദിവസത്തെ പ്രക്ഷോഭത്തിൽ 51 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തെക്കുകിഴക്കൻ കാഠ്മണ്ഡുവിലെ ജയിലിൽ നിന്നും ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 2 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു.
സംഘർഷത്തിനിടെ 15000 ത്തോളം പേർ ജയിൽ ചാടിയതായാണ് റിപ്പോർട്ട്. അതിൽ 200 പേരെ പിടികൂടി. 60 ഓളം പേരെ ഇന്ത്യൻ അതിർത്തി കളിൽ നിന്നാണ് പിടികൂടിയത്. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യ ക്കാർക്കായി ഇന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തി. സമൂഹമാധ്യമ ആപ്പുകൾക്കുമേൽ നിരോധനമേർപ്പെടുത്തിയതിനെ തുടർന്ന് ആരംഭിച്ച ജെൻസി പ്രതിഷേധം അഴിമതിയുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി സാമാന്യ ജനങ്ങൾ ഏറ്റെടുത്തതോടെ നേപ്പാൾ സംഘർഷഭരിതമാവുകയായിരുന്നു.
Story Highlights : Former Chief Justice Sushila Karki sworn in as interim Prime Minister of Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here