മകളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസികളായ രക്ഷിതാക്കളുടെ പരാതി

രണ്ട് മാസം മുമ്പ് കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച മാതാപിതാക്കള്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് തൃശൂര്‍ പറപ്പൂര്‍ വടക്കൂട്ട് ജസ്റ്റിന്റെ ഭാര്യ ആന്‍ലിയ (അപര്‍ണ 25) യെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതാകുന്നത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്‍ലിയയെ കാണാതായതായി ഭര്‍തൃ വീട്ടുകാര്‍ തൃശൂര്‍ റെയില്‍വേ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം പെരിയാര്‍ പുഴയില്‍ കണ്ടെത്തി. കോട്ടയില്‍ കോവിലകം അഞ്ചാംപെരുത്തി ഭാഗത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ആന്‍ലിയ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അപായപ്പെടുത്തിയതുമാണെന്നും ജിദ്ദയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഫോര്‍ട്ട് കൊച്ചി നസ്രത്ത് പാറയ്ക്കല്‍ ഹൈജിനസും അമ്മ ലീലാമ്മയും പരാതിപ്പെട്ടു. ഇതിലേക്ക് സൂചന നല്‍കുന്ന നിരവധി തെളിവുകള്‍ നല്‍കിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മാതാപിതാക്കള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധമായി രക്ഷിതാക്കളുടെ വിശദീകരണം ഇങ്ങനെ:
ബി.എസ്.സി നഴ്സിംഗ് പാസായ ആന്‍ലിയ ജിദ്ദയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ആന്‍ലിയയും ദുബായില്‍ ജോലി ചെയ്യുകയായിരുന്ന ജസ്റ്റിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. എഴുപത് പവന്‍ സ്വര്‍ണാഭരണങ്ങളും മുപ്പതി അയ്യായിരം രൂപയും വിവാഹ സമ്മാനമായി നല്‍കി. പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വിവാഹ ചടങ്ങ് നടന്നത്. എം.എസ്.സി നഴ്സിംഗ് പൂര്‍ത്തിയാക്കി അധ്യാപന രംഗത്തേക്ക് കടയ്ക്കാനുള്ള ആന്‍ലിയയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുമെന്ന് ഭര്‍ത്താവ് ജസ്റ്റിന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ശേഷം ആന്‍ലിയയെ ദുബായിലേക്ക് കൊണ്ട്പോയി. അവിടെ നഴ്സിംഗ് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നഴ്‌സിംഗുമായി ബന്ധപ്പെട്ട് യു.എ.ഇ ആരോഗ്യ വകുപ്പ് നടത്തുന്ന പരീക്ഷ ആൻലിയ എഴുതിയിരുന്നില്ല. ഇതിനിടെ ആ ന്‍ലിയ ഗര്‍ഭിണിയായി. വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനുള്ളില്‍ ഭര്‍ത്താവ് ജസ്റ്റിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. അതോടെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു ഇരുവരും നാട്ടില്‍ തിരിച്ചെത്തി.
ജോലി ലഭിക്കാത്തതില്‍ പരാതിപ്പെട്ടും വീട്ടുകാരില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃമാതാവ് ഉള്‍പ്പെടെ വീട്ടുകാരും ആന്‍ലിയയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചു. മാനസികരോഗിയാണെന്ന് ആരോപിച്ചു. ഗര്‍ഭിണിക്ക് നല്‍കേണ്ട പരിചരണവും ശിക്ഷണവും ചികിത്സയും നല്‍കിയില്ല. വിവാഹമോചനം വേണമെന്ന് ഭര്‍തൃ മാതാവ് നിരന്തരം ആവശ്യപ്പെട്ടു. എല്ലാം സഹിച്ചു ഭര്‍ത്താവിനോടൊപ്പം നിന്ന ആന്‍ലിയ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് പ്രസവിച്ചു. പ്രസവാനന്തരവും പീഡനം തുടര്‍ന്നു. നിവൃത്തിയില്ലാതെ പീഡനത്തെക്കുറിച്ച് ആന്‍ലിയ തന്‍റെ സഹോദരന്‍ അഭിഷേകിനോട് വിവരങ്ങളെല്ലാം പറഞ്ഞു. കൊച്ചി എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ അഭിഷേക് വിവരം ധരിപ്പിച്ചു. പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാക്കിയെങ്കിലും ബന്ധുക്കള്‍ ഇടപെട്ടു പിന്തിരിപ്പിച്ചു.
ആന്‍ലിയയുടെ നിര്‍ബന്ധത്തിന് വഴങ്ങി നഴ്സിംഗ് പോസ്റ്റ് ഗ്രാജുവേഷന്‍ വിദൂര പഠന കോഴ്സില്‍ ചേര്‍ത്തു. കുഞ്ഞിനേയും കുടുംബത്തെയും പിരിഞ്ഞു പരീക്ഷയ്ക്കായി മൂന്നാഴ്ച മുമ്പ് തന്നെ ബാങ്ക്ലൂരിലെക്ക് പോയി. കഴിഞ്ഞ ഓണാവധിക്ക് ബാങ്ക്ലൂരില്‍ നിന്നും തൃശൂരിലുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാരുടെ പീഡനം തുടര്‍ന്നു. ഇത് സഹിക്ക വയ്യാതെ അവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ ബാങ്ക്ലൂരിലെക്ക് മടങ്ങാന്‍ തീരുമാനിച്ചു. അവധി കഴിഞ്ഞു പോയാല്‍ മതിയെന്ന് പറഞ്ഞ സഹോദരനോട് ‘ഇനിയും ഇവിടെ നിന്നാല്‍ അവരെന്നെ കൊല്ലും’ എന്നായിരുന്നു ആന്‍ലിയ വാട്ട്സപ്പ് വഴി നല്‍കിയ മറുപടി. കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇതെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ജസ്റ്റിനും അമ്മയും ആയിരിക്കുമെന്നും ആന്‍ലിയ ചാറ്റ് ചെയ്തു. ബാങ്ക്ലൂര്‍ക്ക് മടങ്ങാനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിയഞ്ചിന് ജസ്റ്റിനോടൊപ്പം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് ആന്‍ലിയയെ കാണാതാകുകയായിരുന്നു. ഓഗസ്റ്റ് ഇരുപത്തിയൊമ്പതിന് ആലുവയ്ക്കടുത്ത് പെരിയാറില്‍ ഒഴുകിനടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകളില്‍ ഭര്‍ത്താവോ വീട്ടുകാരോ പങ്കെടുത്തില്ല. ഭര്‍ത്താവ് ജസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചു മകളെ ഇല്ലായ്മ ചെയ്യുകയാണെന്ന് മാതാപിതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കുന്നതായും, താന്‍ കൊല്ലപ്പെടുമെന്നും സൂചിപ്പിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും, വാട്ട്സപ്പ് മെസ്സേജുകളും, ആന്‍ലിയ വരച്ച ചിത്രങ്ങളും, മറ്റു രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്. പക്ഷെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും ഉന്നത സ്വാധീനം വഴി കേസ് അട്ടിമറിക്കുകയാണെന്നും ഹെജിനസും, ലീലാമ്മയും ആരോപിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് മാതാപിതാക്കള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here