Advertisement

വീണ്ടും പരസ്യപോരിലേക്ക് ഇറങ്ങുകയാണോ സിനിമാ സംഘടനകൾ

21 hours ago
Google News 1 minute Read
cinema

ഒരു പ്രമുഖ നടൻ വലിയ തെറ്റിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുന്നുവെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം മലയാള സിനിമയിൽ വീണ്ടും ചൂടേറിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നു. കൊച്ചിയിൽ ദിലീപ് സിനിമയുടെ പ്രമോഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയതായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ. ഒരു പ്രമുഖ നടൻ എന്നു മാത്രമാണ് ലിസ്റ്റിൻ പറഞ്ഞത്. നടന്റെ പേരോ, പേരിലേക്കുള്ള വഴികളോ ഒന്നും വ്യക്തമാക്കാൻ ലിസ്റ്റിൻ തയ്യാറായിട്ടില്ല. ആ തെറ്റ് ഇനി ആവർത്തിക്കരുത്. അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ഇത് വരും ദിവസങ്ങളിൽ സിനിമാ മേഖലയിൽ കൂടുതൽ വിവാദങ്ങൾക്കുള്ള വഴിയൊരുങ്ങുന്നുവെന്ന സൂചനയാണ് ലിസ്റ്റിൻ നൽകിയിരിക്കുന്നതെന്നാണ് സിനിമാ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

ഫിലിം ചേമ്പറും ഫെഫ്ക ജന. സെക്രട്ടറി ബി ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാദങ്ങളും പരാതികളും പരസ്പരമുള്ള പോർവിളികളും സിനിമാ മേഖലയിൽ യുദ്ധപ്രഖ്യാപനമായി മാറുന്നതിനിടയിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രമുഖ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

നിർമാതാവും ഫിലിം ചേമ്പർ ഭാരവാഹിയുമായ സജി നന്ത്യാട്ടിനെതിരെയാണ് ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപണവുമായി രംഗത്തെത്തിയത്. സജി നന്ത്യാട്ടിനെ ഫിലിംചേമ്പർ താക്കീത് ചെയ്തു. വിവാദങ്ങളിൽ സംഘടനയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയരുതെന്നാണ് സജി നന്ത്യാട്ടിനുള്ള ഫിലിംചേമ്പറിന്റെ നിർദേശം.

അനാവശ്യമായി സിനിമാ മേഖലയിൽ ആൾറൗണ്ടറാവരുതെന്നും, സിനിമ തൊഴിലാളികളുടെ വിഷയത്തിൽ മാത്രം ഇടപെട്ടാൽ മതിയെന്നും ബി ഉണ്ണികൃഷ്ണനെ രേഖാമൂലം അറിയിച്ചിരിക്കുകയാണ് ഫിലിം ചേമ്പർ. ഇതോടെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുമായി നേരിട്ടുള്ള പോരാട്ടത്തിനാണ് നിർമാതാക്കളുടെ സംഘടന തുടക്കം കുറിച്ചിരിക്കുന്നത്.

അമ്മ സംഘടനയുമായി നിലവിൽ സിനിമാ നിർമാതാക്കളുടെ സംഘടനയ്ക്ക്
അത്ര നല്ല ബന്ധമല്ല. സുരേഷ് കുമാർ അമ്മ സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതോടെ ഉടലെടുത്ത അകൽച്ച ഇപ്പോഴും തുടരുകയാണ്. നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറഞ്ഞിരുന്ന മലയാള സിനിമ എമ്പുരാന്റെ വരവോടെ വൻപ്രതീക്ഷയിലേക്ക് വളർന്നിരുന്നു. തുടരും നേടിയ വിജയവും മലയാളസിനിമാ ലോകത്തിന് തന്നെ പുത്തനുണർവാണ് നൽകുന്നത്. പ്രതിസന്ധിയിൽ നിന്നും പ്രതീക്ഷകളിലേക്കുള്ള മാറ്റത്തിനിടയിലാണ് വീണ്ടും സംഘടനാ പ്രതിനിധികൾ തമ്മിലുള്ള പോരാട്ടം ശക്തിപ്രാപിക്കുന്നത്.

Read Also: ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം; നിർമ്മാതാക്കളുടെ സംഘടനയിൽ ഭിന്നാഭിപ്രായം

നിരവധി പേരാണ് ലിസ്റ്റിന്റെ പ്രതികരണത്തിൽ പറയുന്ന പ്രമുഖ നടൻ ആരാണെന്നുള്ള അന്വേഷണവുമായി സോഷ്യൽമീഡിയിൽ എത്തുന്നത്. നടൻ പൃഥ്വിരാജാണോ, അതോ നിവിൻപോളിയാണോ, ഉണ്ണി മുകുന്ദനോ തുടങ്ങിയ ചോദ്യങ്ങൾ നിറയുകയാണ് സോഷ്യൽമീഡിയ ഇടങ്ങളിൽ. വിവാദത്തിന് തിരികൊളുത്തിയ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആ പ്രമുഖ നടൻ ആരാണെന്ന് വ്യക്തത വരുത്തിയിട്ടില്ലെങ്കിലും സിനിമാ മേഖലയിൽ നടന്റെ പേര് ചൂടേറിയ ചർച്ചയിലേക്ക് മാറിയിരിക്കുകയാണ്.

ഇതിനിടയിൽ ലിസ്റ്റിനെതിരെ സിനിമാ നിർമാതാവും നടിയുമായ സാന്ദ്രാതോമസ് രംഗത്തെത്തിയതോടെ വിവാദങ്ങൾ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്തിലാണ് സിനിമാ പ്രവർത്തകരും ആരാധകരും. സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം.
പ്രമുഖ നടൻ എന്നുമാത്രം പറഞ്ഞ് പൊതുജനങ്ങൾക്കിടിയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതരത്തിൽ പ്രതികരിച്ച ലിസ്റ്റിൻ സ്റ്റീഫനെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം. നടന്മാരെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസ്താവനയാണ് ലിസ്റ്റിൻ നടത്തിയതെന്നാണ് സാന്ദ്രാതോമസിന്റെ ആരോപണം. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടി. വ്യക്തിപരമായി തനിക്ക് സംഘടനയിൽ മോശം അനുഭവമുണ്ടായതിനെ തുടർന്ന് നിയപരമായി മുന്നോട്ടുപോയതിന്റെ പേരിൽ സംഘടനയിൽ നിന്നും പുറത്താക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ലിസ്റ്റിനെതിരെ നടപടി സ്വീകരിക്കണെന്നും സാന്ദ്രാതോമസ് ആവശ്യപ്പെട്ടു.

സാന്ദ്രാതോമസ് നിർമാതാക്കളുടെ സംഘടനാ നേതാക്കൾക്കെതിരെ വ്യക്തിയധിക്ഷേപ പരാതിയുമായി എത്തി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സാന്ദ്രയുടെ പരാതിയിൽ സിനിമാ നിർമാതാക്കളായ ആന്റോ ജോസഫ്, അനിൽ തോമസ്, ഔസേപ്പച്ചൻ തുടങ്ങിയവരെ പ്രതികളാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതുമൊക്കെ മലയാള സിനിമാ മേഖലയ്ക്ക് തിരിച്ചടിയായിമാറയിരിക്കയാണ്.

സിനിമാ താരങ്ങളും, സാങ്കേതിക പ്രവർത്തകരുമൊക്കെയായുള്ള തർക്കങ്ങൾ വിവാദങ്ങൾക്ക് വഴിമരുന്നായി മാറുകയാണ്. ഇതിനിടയിൽ ഫെഫ്കയും ഫിലിം ചേമ്പറും തമ്മിലുള്ള തർക്കവും ചൂടുപിടിച്ചിരിക്കയാണ്. നേരത്തെ നിർമാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും തമ്മിലുള്ള തർക്കം പൊതുമധ്യത്തിൽ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തർക്കത്തിൽ സുരേഷ് കുമാറിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുമായി ആന്റണി പെരുമ്പാവൂർ എത്തിയതും സിനിമാ മേഖലയിൽ ചൂടേറിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചു.

തർക്കത്തിൽ അമ്മ സംഘടനയ്‌ക്കൊപ്പം ചേർന്ന ഫെഫ്ക്കയുടെ ഇടപെടലും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. താരങ്ങൾ വേതനം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം താരങ്ങൾ തള്ളിയിരുന്നു. അമ്മയും ഫെഫ്കയും സിനിമാ നിർമാതാക്കളുടെ സംഘടനകളും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങൾ പരഹിരിക്കുന്നതിന് പകരം പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും ചെളിവാരിയെറിഞ്ഞും നേതാക്കൾ രംഗത്തെത്തിയത് സിനിമയെ തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം കൈവന്നു. നിർമാതാക്കളെ പരിഹസിച്ചും, ആരോപണങ്ങൾ നിഷേധിച്ചും സിനിമാസംഘടനാ ഭാരവാഹികൾ രംഗത്തെത്തി. അമ്മയുടെ ഭാരവാഹിയായ ജയൻ ചേർത്തല നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ നടത്തിയ പ്രസ്താവന നിയമ പോരാട്ടത്തിലേക്കും വഴിവച്ചു.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പരാതികളും പരിഹരിച്ചെന്നുവരികയും, സിനിമകൾ ബോക്‌സോഫീസിൽ വിജയങ്ങൾ കൊയ്യാൻ തുടങ്ങുകയും ചെയ്തതോടെ സിനിമാ രംഗത്ത് കൂടുതൽ ഐക്യം കൈവരുമെന്നൊക്കെ കരുതിയിരുന്നിടത്താണ് വീണ്ടും സംഘടനകൾ തമ്മിലുള്ളതർക്കം രൂക്ഷമായിരിക്കുന്നത്. ഫിലം ചേമ്പറും സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും തമ്മിലാണ് നിലവിൽ തർക്കം.

ഒരിടവേളയ്ക്കുശേഷം സിനിമ സംഘടനകൾ വീണ്ടും പരസ്യപോരിലേക്ക് നീങ്ങുകയാണ്. ഫിലിം ചേമ്പറും ഫെഫ്ക്കയും തമ്മിലുള്ള തർക്കമാണിപ്പോൾ രൂക്ഷമായിരിക്കുന്നത്. ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണനും തമ്മിലുള്ള പോരാട്ടമാണ് പുതിയ തലങ്ങലിലേക്ക് വഴിമാറിയിരിക്കുന്നത്. ഫിലിം ചേമ്പർ ഭാരവാഹിയും നിർമാതാവുമായ സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരുന്നു.

ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സിനിമയിലെ തൊഴിലാളികളുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതിയെന്നും, സിനിമയിലെ മൊത്തം കാര്യങ്ങളിൽ കൈയ്യിടരുതെന്നും ഫിലിം ചേമ്പർ രേഖാമൂലം അറിയിച്ചതോടെ പ്രസ്താവന യുദ്ധം കൂടുതൽ ശക്തമാവുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. തിയേറ്ററുകളും വിതരണക്കാരും മറ്റുമായുള്ള ഇടപാടുകളിൽ ഫെഫ്ക ഇടപെടരുതെന്നാണ് രേഖാമൂലം ഫിലിം ചേമ്പർ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights : Listin Stephen statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here