ഇനിയില്ല ആ ‘രണ്ട് രൂപാ ഡോക്ടര്‍’

ചികിത്സക്കായി തന്റെ അടുത്തെത്തുന്ന രോഗികളെ കരുണയോടെ മാത്രം നോക്കുന്ന ‘രണ്ട് രൂപ ഡോക്ടര്‍’ ഇനി ഓര്‍മ്മ. ഏത് അസുഖം വന്നാലും കയ്യില്‍ രണ്ട് രൂപയുമായി ചെന്നുകയാറാവുന്ന വടക്കന്‍ ചെന്നൈക്കാരുടെ ആശ്രയമായ ഡോ. എസ് ജയചന്ദ്രന്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണ് മരണത്തിന് കീഴടങ്ങിയത്. 71 വയസായിരുന്നു.
കാഞ്ചീപുരത്തുകാരന്‍ എസ്. ജയചന്ദ്രന്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതോടെ വടക്കന്‍ ചെന്നൈക്കാരുടെ ഇടയില്‍ കാരുണ്യത്തിന്റെ വാതില്‍ തുറക്കപ്പെട്ടു. 1970 മുതല്‍ വാഷര്‍മെന്‍പേട്ടില്‍ താമസിച്ച് അദ്ദേഹം തന്റെ ജോലി ആരംഭിച്ചു. 1998 മുതല്‍ വെറും രണ്ട് രൂപയാണ് ജയചന്ദ്രന്‍ രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നത്. കയ്യില്‍ രണ്ട് രൂപയുടെ തുട്ടുമായി ആര്‍ക്കും ഈ ഡോക്ടറെ കാണാനെത്താം. പിന്നീട് അത് അഞ്ച് രൂപയും പത്ത് രൂപയുമായി ഉയര്‍ന്നെങ്കിലും രോഗികള്‍ക്ക് അയാള്‍ തങ്ങളുടെ പ്രിയപ്പെട്ട രണ്ട് രൂപ ഡോക്ടറായിരുന്നു. തന്റെ മുന്നിലെത്തുന്ന രോഗികളോട് അദ്ദേഹത്തിന് യാതൊരു വേര്‍തിരിവുമില്ല. പണമുള്ളവനെന്നോ ഇല്ലാത്തവനെന്നോ വേര്‍തിരിച്ച് കണ്ട് ചികിത്സിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. ‘ഈരണ്ടു റൂബൈ ഡോക്ടര്‍’ – (രണ്ട് രൂപ ഡോക്ടര്‍) എന്ന വിളി ജയചന്ദ്രനും നന്നായി ആസ്വദിച്ചിരുന്നു.
മരുന്ന് വാങ്ങാന്‍ പണമില്ലാത്തവര്‍ക്കും ജയചന്ദ്രന്‍ സഹായഹസ്തമായി. പുലര്‍ച്ചെ 4.30 മുതല്‍ അദ്ദേഹത്തിന്റെ ക്ലിനിക്കിലേക്ക് രോഗികള്‍ എത്തുക പതിവായിരുന്നു. ദിവസം 250 രോഗികളെ വരെ അദ്ദേഹം ചികിത്സിക്കുമായിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് തൂയമൂര്‍ത്തി പങ്കുവെക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങളുടെ ഡോക്ടറായിരുന്നു ജയചന്ദ്രന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here