ശബരിമലയിലെ ഈ വർഷത്തെ വരുമാനത്തിൽ മുൻ വർഷത്തേക്കാൾ ആറ് കോടിയുടെ കുറവ്

മകരവിളക്കിനായി നട തുറന്ന ശേഷവും സന്നിധാനത്തെ വരുമാനം കുറഞ്ഞു. മുൻ വർഷത്തേക്കാൾ ആറുകോടി രൂപയുടെ കുറവാണുണ്ടായത് . ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് ശബരിമലയിലെ വരുമാനത്തേയും ബാധിച്ചു . മണ്ഡലകാലത്തും മുൻ വർഷത്തേക്കാൾ വരുമാനത്തിൽ കുറവുണ്ടായിരുന്നു. മകര വിളക്കിനായി നട തുറന്ന ശേഷം 6 ദിവസത്തെ വരുമാനത്തിൽ 9.15 കോടിയുടെ കുറവാണുണ്ടായത്. ഞായറാഴ്ച വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20.49 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 29.64 കോടി രൂപയായിരുന്നു.
അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വർഷം 10.22 കോടി ലഭിച്ചപ്പോൾ ഇത്തവണ 9.43 കോടിയാണ് ലഭിച്ചത്. അപ്പം വിറ്റുവരവ് 96.52 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 1.58 കോടിയായിരുന്നു. കാണിക്ക ഇനത്തിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായി. കാണിക്ക ഇനത്തിൽ ഇത്തവണ 8.06 കോടി കിട്ടിയപ്പോൾ കഴിഞ്ഞ വർഷം 9.51 കോടിയാണ് ലഭിച്ചത്. എന്നാൽ മാളിക പുറത്ത് വരുമാനം വർധിച്ചു. മാളികപ്പുറത്തെ വരുമാനം ഇത്തവണ 18.54 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 15.75 ലക്ഷമായിരുന്നു. യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ വിവാദങ്ങളും പ്രചരണവും ശബരിമലയിലെ വരുമാനത്തെ ബാധിച്ചു എന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here