അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരായ ഹർജിയിൽ വിധി ഇന്ന്

അലോക് വർമ്മ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന് ഇന്നറിയാം. ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനു എതിരെ അലോക് വർമ്മ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. സിബിഐ ഡയറക്ടർ സ്ഥാനത്തെ കുറിച്ചുള്‌ല തർക്കത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ ഇന്ന് നിർണ്ണായക ദിനം.
പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനായ സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്ഥാനക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഡയറക്ടർ ചുമതലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട അലോക് വർമ്മ തിരിച്ചെത്തുമോ എന്ന് ഇന്നറിയാം. റാഫാലിന് ശേഷം, ഏറ്റവും കൂടുതൽ പ്രതിപക്ഷ വിമര്ശനനത്തിനു കാരണമായ നടപടിയിൽ കേന്ദ്ര സർക്കാരിന് കോടതിയുടെ ക്ലീൻചിറ്റ് ലഭിക്കുമോ എന്നതും കണ്ടറിയണം.
പ്രധാനമന്ത്രിയുടെയും പാർട്ടിയുടെയും രാഷ്ട്രീയ ഇടപെടലിന്റെ ഇരയാണ് താനെന്ന അലോക് വർമ്മയുടെ വാദം സുപ്രീം കോടതി ചെവിക്കൊള്ളുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. നിയമന സമിതിയുടെ അനുമതി ഇല്ലാതെ, രണ്ടു വർഷത്തെ കാലാവധി തികയും മുൻപ് ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമ്മയെ മാറ്റിയ സർക്കാർ നടപടി കോടതി ശരിവെക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. രണ്ടു ഉന്നത ഉദ്യോഗസ്ഥർ പരസ്യമായി തമ്മിലടിച്ചതിലൂടെ സിബിഐയുടെ നഷ്ട്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനാണ് ഇടപെട്ടതെന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിക്കുമോയെന്നും ഇന്നറിയാം. വിധി കേന്ദ്രത്തിനു അനുകൂലമാണെങ്കിൽ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടിയാകും. അലോക് വർമയെ തിരിച്ചെടുക്കാനാണ് വിധിയെങ്കിൽ അധികാരത്തിലെത്തിയ ശേഷം സുപ്രീം കോടതിയിൽ നിന്ന് മോദി സർക്കാരിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here