Advertisement

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

January 14, 2019
Google News 1 minute Read
lenin rajendran

ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കലിന് വിധേയനായിരുന്നു. കേരളാ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. ഭാര്യ:ഡോ.രമണി, മക്കൾ:പാർവതി, ഗൗതമൻ. ഒരു ഇടത് പക്ഷ സഹയാത്രികന്‍ കൂടിയായിരുന്നു ലെനിന്‍ രാജേന്ദ്രന്‍.

1981 ല്‍ പുറത്തിറങ്ങിയ ‘വേനല്‍’ ആണ് ആദ്യ ചിത്രം. 2016 ല്‍ പുറത്തിറങ്ങിയ ‘ഇടവപ്പാതി’യാണ് അവസാന ചിത്രം. ചില്ല്, പ്രേംനസീറിന്റെ മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുന്നാള്‍, വചനം, ദൈവത്തിന്റെ വികൃതികള്‍, മഴ, അന്യര്‍, മകരമഞ്ഞ് തുടങ്ങിയവയാണ് ലെനിന്‍ രാജേന്ദ്രന്റെ മറ്റ് പ്രധാന സിനിമകള്‍. 1992 ലും 1996 ലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

1953ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത് ജനനം. അച്ഛന്‍ എം വേലുക്കുട്ടി, അമ്മ ഭാസമ്മ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദം. ഉണര്‍ത്തുപാട്ട് എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. 1981ല്‍ ആദ്യചലച്ചിത്രം വേനല്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുന്നാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007) മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെ. പി .എ സി.യുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം, വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍.

ആ ചുവന്നകാലത്തിന്റെ ഓര്‍യ്ക്ക് (ഓര്‍മ്മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
കേരളാസ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here