ജമ്മു കാശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്നലെ ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യതയുള്ള ഇടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന് ആക്രമണത്തിൽ പ്രത്യക്ഷത്തിൽ പങ്കുള്ളതായി കാണുന്നുവെന്നും പാകിസ്ഥാനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിന് പുറമെ വാഗാ അതിർത്തി വഴിയുള്ള വ്യാപാരം നിർത്തിവെച്ചു. പാകിസ്ഥാൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരാക്രമണം നടത്തിയ ജെയ്ഷ് എ മുഹമ്മദ് ഭീകരർ ഭീകരാക്രമണത്തെ കുറിച്ചുള്ള ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദർ ആണ് വീഡിയോയിൽ സംസാരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കക്‌പോരയിലെ ഗുണ്ഡിഭാഗിലെ വക്കസ് കമാൻഡോ ആയ ആദിൽ അഹമ്മദ് ദറിന്റെ വീഡിയോ പുറത്തുവരുന്നത്. ജെയ്ഷ്ഇമുഹമ്മദ് ബാനറിന് മുന്നിൽ നിന്നുകൊണ്ടാണ് ആദിൽ സംസാരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് ജെയ്ഷ്ഇ-മുഹമ്മദ് ഭീകരസംഘടനയിൽ താൻ അംഗമാകുന്നതെന്നും, അഗംമായി ഒരു വർഷത്തിന് ശേഷം തന്നെ ഏൽപ്പിച്ച കർതവ്യമാണ് ഇതെന്നും ആദിൽ പറയുന്നു. വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും താൻ സ്വർഗത്തിലായിരിക്കുമെന്നും വീഡിയോയിൽ ജെയ്ഷ്ഇമുഹമ്മദ് ഭീകരൻ ആദിൽ പറയുന്നു.
ഇന്നലെയാണ് ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 42 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടത്. നാൽപ്പതിലധികം ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുൽവാമയിൽവെച്ച് സിആർപിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്‌ഷേ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ജെയ്‌ഷേ മുഹമ്മദിന്റെ ചാവേർ സ്‌ക്വാഡ് നേതാവ് ആദിൽ അഹമ്മദാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ വെച്ചാണ് സി.ആർ.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആർപിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ തീഗോളമുയർന്നതായും വലിയ ശബ്ദമുണ്ടായതായും പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. സ്‌ഫോടനത്തിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലെ ഇരുപതിലേറെ വാഹനങ്ങളൾക്ക് കേടുപാടുകൾ പറ്റിയതായാണ് വിവരം. അതേ സമയം ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here