Advertisement

ആണത്തത്തിന്റെ ആഘോഷമായ അയ്യപ്പനും കോശിയും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്

July 22, 2022
Google News 2 minutes Read
ayyappanum koshiyum sachy awards

ആണത്തത്തിൻ്റെ ആഘോഷമാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമ. മാസ്കുലിനിറ്റിയുടെ മൂർത്തരൂപമായ രണ്ട് പുരുഷന്മാർ തമ്മിലുള്ള ഈഗോയുടെ കഥയാണത്. അത്തരം ഒരു സിനിമ മുന്നോട്ടുവെക്കുന്ന ചില കാര്യങ്ങളുണ്ട്. ടോക്സിക് മാസ്കുലിനിറ്റിയെ അത്തരം സിനിമകൾ ആഘോഷിക്കുകയാണ്. അർജുൻ റെഡ്ഡി അത്തരം ടോക്സിക് മാസ്കുലിനിറ്റിയെ ആഘോഷിച്ച സിനിമയാണ്. എന്നാൽ, അർജുൻ റെഡ്ഡിക്കും അയ്യപ്പനും കോശിക്കുമിടയിൽ നേരിയ ഒരു വിടവുണ്ട്. സച്ചി വെട്ടിയ, അയാൾക്ക് മാത്രം സാധിക്കുന്ന നേരിയ ഒരു വിടവ്. (ayyappanum koshiyum sachy awards)

അയ്യപ്പൻ നായർ പൊലീസുകാരനാണ്. ‘നല്ല കുടുംബത്തിൽ പിറന്ന അസൽ നായർ’. കോശി കുര്യൻ പട്ടാളക്കാരനാണ്. റിട്ടയേർഡ് ഹവിൽദാർ. സ്വന്തമായി തോക്കും കാശുമൊക്കെയുള്ള സമ്പന്നൻ. വൈരുധ്യങ്ങളിൽ തൻ്റെ നായകരെ (?) നിർത്തിയതുമുതൽ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടെംപ്ലേറ്റ് സച്ചി സൂക്ഷ്മമായി സെറ്റ് ചെയ്തു. ഇവിടെ കണ്ണമ്മ എന്ന കഥാപാത്രമാണ് അർജുൻ റെഡ്ഡിയിൽ നിന്ന് ഈ സിനിമയെ മാറ്റിനിർത്തുന്ന, നേരത്തെപറഞ്ഞ നേരിയ വിടവ്. വിപ്ലവത്തിൻ്റെ ബാക്ക്‌സ്റ്റോറിയും ബാക്ക്‌ഗ്രൗണ്ടുമൊക്കെ അവിടെ നിൽക്കട്ടെ. വീടിനു മുന്നിൽ വന്ന് ‘ഷോ’ കാണിക്കുന്ന കോശിയെ ആട്ടിയിറക്കുന്നുണ്ട് കണ്ണമ്മ. കോശിയുടെ പൗരുഷമൊന്നും കണ്ണമ്മയെ ഏശിയില്ല.

Read Also: ‘അവാർഡ് കിട്ടിയതിൽ അട്ടപ്പാടിക്കാർക്ക് അഭിമാനം’; സച്ചി സാറിന് നന്ദി നഞ്ചിയമ്മ

നന്മയും തിന്മയും തമ്മിലുള്ള ക്ലാഷ് എന്ന ക്ലീഷേ അയ്യപ്പനും കോശിയും മാറ്റിനിർത്തി. രണ്ട് പേർക്കും അവരവരുടെ കാരണങ്ങളുണ്ടായിരുന്നു. അയ്യപ്പൻ നായരോട് ഒരിത്തിരി ഇഷ്ടക്കൂടുതൽ ഇടയ്ക്ക് തോന്നുമെങ്കിലും ശ്രദ്ധയേറിയ കാഴ്ചയിൽ അതില്ലാതാവുന്നുണ്ട്. മുണ്ടൂർ മാടനെന്ന നാടോടിക്കഥ അവതരിപ്പിച്ചിരിക്കുന്ന രീതി എടുത്തുപറയേണ്ട കാര്യമാണ്. സിഐ സതീഷ് കുമാർ വാമൊഴിയിലൂടെ പറയുന്നതാണെങ്കിലും ആ കഥയുടെ ഭീകരത ആളുകളിലെത്തുന്നുണ്ട്. അട്ടപ്പാടിയുടെ ബാക്ക്‌ഡ്രോപ്പിൽ ഈഗോ കൊണ്ട് അന്ധരായ രണ്ട് പുരുഷന്മാരുടെ ഏറ്റുമുട്ടൽ. വൺ ലൈനർ പറയുമ്പോൾ അത്ര സംഭവമല്ലെങ്കിലും ഗംഭീര തിരക്കഥ കൊണ്ടും പിഴവുകളില്ലാത്ത ടെക്നിക്കൽ വശങ്ങൾ കൊണ്ടും സച്ചി ആ സിനിമയെ ഒരു മാസ്റ്റർ പീസാക്കി.

മികച്ച സംവിധായകനും സഹനടനും അടക്കം നാല് പുരസ്കാരങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അയ്യപ്പനും കോശിയും നേടിയെടുത്തത്. രണ്ടാമത്തെ സിനിമയാണ്. പക്കാ കമേഷ്യൽ. പക്ഷേ, വാണിജ്യ സിനിമയുടെ നിലവാരം ഉയർത്തുന്നതെങ്ങനെയെന്ന് സച്ചിക്കറിയാമായിരുന്നു.

Story Highlights: ayyappanum koshiyum sachy national film awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here