Advertisement

ഭാഷാവൈവിധ്യം ഭാരതത്തിന്‍റെ അഭിമാനം: വി.മുരളീധരൻ

November 1, 2022
Google News 2 minutes Read

ഭാഷാ വൈവിധ്യം ഭാരതത്തിന്‍റെ അഭിമാന ഘടകമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഏകഭാഷാവിവാദം കത്തിനിൽക്കെയാണ് കേരളപ്പിറവി ദിനത്തിൽ മന്ത്രി ഫേസ്ബുക്കിൽ നിലപാട് കുറിച്ചത്. മാതൃഭാഷ എന്നത് ഏതൊരു മനുഷ്യന്‍റെയും ഹൃദയഭാഷയാണ്. ഓരോ ഇന്ത്യൻ ഭാഷയും രാജ്യത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ ഭാഗമാണെന്ന് പ്രധാനമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ കേരളപ്പിറവി ദിനത്തിലെ ആശംസാക്കുറിപ്പിൽ വ്യക്തമാക്കി.

‘കേരളാമോഡൽ ‘ ജീർണതകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആത്മനിർഭരതയുടെ കാലത്ത് സ്വാശ്രയത്വത്തിലൂന്നി മുന്നേറാൻ കേരളത്തിനാകണം. സംസ്ഥാനത്തിന്‍റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും വി.മുരളീധരൻ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമായി ഭരണം മാറിയെന്നും സ്ത്രീസുരക്ഷ വാക്കിലൊതുങ്ങിയെന്നും മന്ത്രി വിമർശിച്ചു. ലഹരിക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“ഏതൊരു വേദവുമേതൊരു ശാസ്ത്രവും ഏതൊരു കാവ്യവുമേതൊരാൾക്കും ഹൃദയത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്ത്രത്തിൽ നിന്നുതാൻ കേൾക്ക വേണം ” (വള്ളത്തോൾ)
ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം രൂപീകൃതമായിട്ട് 66 വർഷം തികയുന്ന അഭിമാന ദിനമാണിന്ന്. മലയാളമടക്കം മാതൃഭാഷ ഏതൊരു മനുഷ്യൻ്റെയും ഹൃദയഭാഷയാണ്.
ഭാഷാ വൈവിധ്യം ഭാരതത്തിൻ്റെ അഭിമാന ഘടകവും.

ബഹു.പ്രധാനമന്ത്രി അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതു പോലെ ഓരോ ഇന്ത്യൻ ഭാഷയും രാജ്യത്തിൻ്റെ ആത്മാഭിമാനത്തിൻ്റെ ഭാഗമാണ്, മലയാളവും.
ആറര പതിറ്റാണ്ടിനിടെ മലയാളി വിവിധ മേഖലകളിൽ ആർജിച്ച മുന്നേറ്റം ചെറുതല്ല. തലമുറകൾ തോളോട് തോൾ ചേർന്ന നടത്തിയ മഹായജ്ഞത്തിലൂടെ മുന്നോട്ടാഞ്ഞ് തുഴയുകയായിരുന്നു മലയാളക്കര. എന്നാൽ മലയാണ്മയുടെ മഹത്വത്തിന് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് ഇന്ന് ദിനംപ്രതി കേൾക്കുന്നത്.
ശ്രീനാരായണഗുരുദേവനും മന്നത്ത് പദ്മനാഭനും അയ്യങ്കാളിയുമെല്ലാം പിറന്ന മണ്ണ് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും മടങ്ങുന്നു.സ്ത്രീസുരക്ഷ വാക്കിൽ മാത്രമാകുമ്പോൾ കുട്ടികൾ ലഹരിയുടെ ചതിവലയിലാണ്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഭരണത്തിൻ്റെ മുഖമുദ്ര.

കൊട്ടിഘോഷിച്ച കൊവിഡ് പ്രതിരോധം ലോകായുക്തയുടെ അന്വേഷണ പിരിധിയിലെത്തിയതും ഈ പിറന്നാളിനരികെ തന്നെ.
‘കേരളാമോഡൽ ‘ ജീർണതകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുക തന്നെ വേണം.
ആത്മനിർഭരതയുടെ അമൃതമഹോത്സവത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്ന കാലത്ത് സ്വാശ്രയത്വത്തിലൂന്നി മുന്നേറാൻ കേരളത്തിനുമാകണം.
സംസ്ഥാനത്തിൻ്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നതാകട്ടെ പിറന്നാൾ ദിന പ്രതിജ്ഞ.
കേരളപ്പിറവി ആശംസകൾ

Story Highlights: V. Muraleedharan extend Kerala Day greetings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here