Advertisement

നൂറോളം സിറ്റിങ് എംപിമാരെ വെട്ടി ബിജെപി; സ്ഥാനാർത്ഥിയാകാൻ മുൻ കോൺഗ്രസുകാർക്ക് പരിഗണന

March 29, 2024
Google News 4 minutes Read
BJP denies seats for 100 sitting MPs in Lok Sabha election 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് രാജ്യം കടന്നിരിക്കെ, ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥികളുടെ ആറ് പട്ടികയിൽ പുറന്തള്ളപ്പെട്ടത് നൂറോളം സിറ്റിങ് എംപിമാർ. ആകെ 400 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആറ് പട്ടിക പുറത്തുവന്നപ്പോഴാണ് ഇതിൽ നാലിലൊന്ന് വരുന്ന സിറ്റിങ് എംപിമാർ ഒഴിവാക്കപ്പെട്ടത്. 2019 ലും സമാനമായ നിലയിൽ 99 സിറ്റിങ് എംപിമാരെ ബിജെപി ഒഴിവാക്കിയിരുന്നു. അന്ന് 437 സീറ്റിലാണ് ബിജെപി മത്സരിച്ചത്. എൻഡിഎ ഘടകകക്ഷികളാണ് മറ്റിടങ്ങളിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിച്ചത്.(BJP denies seats for 100 sitting MPs in Lok Sabha election 2024)

ഇക്കുറി 405 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇനിയും നിരവധി സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. 400 ലേറെ സീറ്റുമായി അധികാരത്തിലേറുകയെന്ന ലക്ഷ്യമാണ് ഇവർക്ക് മുന്നിലുള്ളത്. അതിനാൽ തന്നെ ഇക്കുറി സീറ്റ് നിഷേധിക്കപ്പെടുന്നവരുടെ എണ്ണം മുൻപത്തേതിലും കൂടുമെന്നാണ് വിലയിരുത്തൽ. എംപിമാർക്കെതിരെ പ്രാദേശിക തലത്തിലുള്ള ഭരണ വിരുദ്ധ വികാരം വോട്ടിങിൽ പ്രതിഫലിക്കാതിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ തന്ത്രം.

Read Also: കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താമര ചിഹ്നത്തെയും മുൻനിർത്തിയാണ് ഇക്കുറിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അതിനാൽ തന്നെ സിറ്റിങ് എംപിമാർക്ക് തങ്ങളുടെ സീറ്റ് നഷ്ടത്തെ ചൊല്ലി കലാപമുയർത്താനുള്ള യാതൊരു സാഹചര്യവും പാർട്ടിക്കുള്ളിലില്ല. ആരെയും എപ്പോഴും മാറ്റാവുന്നതേയുള്ളൂവെന്ന ബോധം ബിജെപിക്കുള്ളിൽ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. 

ജയസാധ്യത മാത്രം മുൻനിർത്തിയാണ് ബിജെപിയുടെ ഇത്തവണത്തെയും മത്സരം. അതാണ് രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിൽ എത്തിയ ധർമ്മേന്ദ്ര പ്രധാൻ, ഭുപേന്ദർ യാദവ്, രാജീവ് ചന്ദ്രശേഖർ എന്നിവരോട് മത്സരത്തിനിറങ്ങാൻ പാർട്ടി ആവശ്യപ്പെട്ടത്. 2014 ൽ മോദി കൊണ്ടുവന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്നായിരുന്നു ഇത്. അന്ന് അരുൺ ജെയ്റ്റ്ലി എന്ന ദീർഘകാലം ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന നേതാവിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറക്കിയിരുന്നു. എന്നാൽ അദ്ദേഹം അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനോട് തോറ്റു.

മറ്റൊന്ന് മുൻ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നീക്കമാണ്. ശിവ്‌രാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ എന്നിവരെ മത്സരിപ്പിക്കുന്നത് ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഈ ഗണത്തിൽ മൂന്നാമത്തേത് കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയവരെ പരിഗണിച്ച രീതിയാണ്. കുരുക്ഷേത്രയിൽ സ്ഥാനാർത്ഥിയാകുന്ന നവീൻ കുമാർ ജിൻഡൽ, സിർസയിലെ സ്ഥാനാർത്ഥി അശോക് തൻവാർ, പത്തനംതിട്ടയിലെ സ്ഥാനാർത്ഥി അനിൽ ആന്റണി, കണ്ണൂരിലെ സ്ഥാനാർത്ഥി സി രഘുനാഥൻ, പിലിബിത്തിൽ മത്സരിക്കുന്ന ജിതിൻ പ്രസാദ്, ഗുണയിലെ സ്ഥാനാർത്ഥി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി നിരവധി പേരാണ് ഈ കൂട്ടത്തിലുള്ളത്.

മുതിർന്ന നേതാവെന്നതോ, പാർട്ടിയിലെ സ്ഥാനമോ നോക്കാതെ തന്നെ പലരെയും ഇക്കുറി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇവരിൽ ജനപിന്തുണ നഷ്ടമായവരും പാർട്ടി നേതൃത്വത്തെ വിമർശിച്ചവരും അടക്കം നിരവധി പേരുണ്ട്. മീനാക്ഷി ലേഖി, രമേശ് ബിദുരി, സദാനന്ദ ഗൗഡ, വരുൺ ഗാന്ധി, പ്രഗ്യ സിങ് താക്കൂർ എന്നിവരെല്ലാം ഈ കൂട്ടത്തിൽ വീണുപോയവരാണ്.

Story Highlights : BJP decided to field multiple Rajya Sabha MPs, former Chief Ministers, and crossovers from other parties as replacements for the sitting MPs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here