Advertisement

‘കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മിൽ അന്തർധാര, ഇവർ ചേർന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും’ : ഇ.പി ജയരാജൻ

April 26, 2024
Google News 4 minutes Read
will take legal action against k sudhakaran and sobha surendran says ep jayarajan

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാൻ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി പറഞ്ഞു. ( will take legal action against k sudhakaran and sobha surendran says ep jayarajan )

‘ഒരിക്കൽപോലും ശോഭാ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മിൽ അന്തർധാരയുണ്ട്. എനിക്കെതിരായ ഗൂഢാലോചന രണ്ടുപേരും ആലോചിച്ചു നടപ്പാക്കിയതാണ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും’ -ഇ.പി ജയരാജൻ പറഞ്ഞു.

തന്റെ മകൻ രാഷ്ട്രീയത്തിലില്ലെന്നും എറണാകുളത്ത് വിവാഹ ചടങ്ങിൽ വച്ച് മകൻ ശോഭയെ കണ്ടിരുന്നുവെന്നും ആ ഘട്ടത്തിൽ മകന്റെ നമ്പർ ശോഭാ സുരേന്ദ്രൻ വാങ്ങിയെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. ശോഭ മെസ്സേജ് അയച്ചെങ്കിലും, മകൻ പ്രതികരിച്ചില്ലെന്നും ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിന് തങ്ങളെ ഭാഗമാക്കേണ്ടെന്നും ഇ.പി വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

‘കെ സുധാകരൻ ബിജെപിയിൽ പോകാൻ നിൽക്കുന്നയാൾ. സുധാകരനെ പോലെയല്ല എല്ലാവരും. ആർഎസ്എസിനെതിരെ ജീവൻ കൊടുത്തു പോരാടുന്നവരാണ് ഞാനും പാർട്ടിയും. എനിക്ക് നന്ദകുമാറിനൊപ്പം പോകേണ്ട കാര്യമില്ല. എന്തും വിളിച്ചു പറയുന്നതാണോ ബിജെപിയുടെ സംസ്‌കാരവും രാഷ്ട്രീയവും ? ബിജെപി, ആർഎസ്എസ് കോൺഗ്രസ് ബന്ധമാണ് അരോപണത്തിന് പിന്നിൽ’- ഇ.പി ജയരാജൻ പറഞ്ഞു.

പ്രകാശ് ജാവദേകർ തന്നെ കാണാൻ വന്നുവെന്നും മുൻകൂട്ടി അറിയിച്ചല്ല വന്നതെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. താൻ തിരുവനന്തപുരത്ത് മകൻറെ ഫ്‌ളാറ്റിൽ ആയിരുന്നപ്പോഴാണ് ജാവദേക്കർ വന്നതെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്നും സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും ഇ.പി വ്യക്തമാക്കി. ലാവലിൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജാവദേക്കറുമായി സംസാരിച്ചില്ലെന്നും ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവദേക്കർ വന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Story Highlights : will take legal action against k sudhakaran and sobha surendran says ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here