വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല, ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനം നാളെ.

ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ നാളെ അനാച്ഛാദനം ചെയ്യും. അനാച്ഛാദനം നാളെ ഉച്ചകഴിഞ്ഞ് കൊല്ലത്ത് നടക്കും. കൊല്ലം എസ്.എന്‍. കോളേജിന് മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയിലുടനീളം ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനം ചര്‍ച്ചയായിരുന്നു. വെള്ളാപ്പള്ളി നേരിട്ട് പ്രധാനമന്ത്രിയെ കണ്ട് ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിമാ അനാച്ഛാദനം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയോട് പങ്കെടുക്കേണ്ടെന്ന് പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചതാണ് പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയ്ക്കിടയാക്കിയത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ മനപൂര്‍വ്വമായി ഒഴിവാക്കിയെന്ന വിഷയം കോണ്‍ഗ്രസ് എം.പി. കെ.സി. വേണുഗോപാലാണ് ലോകസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന് മറുപടി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് നല്‍കി. എസ്.എന്‍.ഡി.പി. ഒരു സ്വകാര്യ സംഘടനയാണെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്നും അദ്ദേഹം അറിയിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയിലും വിഷയം ഉന്നയിക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here