ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍നിന്ന് തന്നെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഹേളനം: മുഖ്യമന്ത്രി

ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍നിന്ന് തന്നെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഹേളനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാമാന്യ മര്യാദയും പ്രോട്ടോകോളും പ്രകാരം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നു. മരണം വരെ ആര്‍. ശങ്കര്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോള്‍ ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് കൂടിയായ മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോള്‍ വ്യവസ്ഥകളും, സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങില്‍ പങ്കെടുക്കേണ്ടതാണ്. ഇത് ബി. ജെ. പി യുടെ പാര്‍ട്ടി പരിപാടി ആണെങ്കില്‍ ആര്‍ക്കും പരാതി ഉണ്ടാവില്ല… ” ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.
ശ്രീ നാരായണ ധര്‍മ്മം പരിപാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ എസ്. എന്‍. ഡി. പിക്കും എസ്. എന്‍. ട്രസ്റ്റിനും നേതൃത്വം നല്‍കിയ സമുന്നതനായ നേതാവായിരുന്നു ശ്രീ ആര്‍. ശങ്കര്‍. മഹാനായ ആ നേതാവിന്റെ പ്രതിമ അനാച്ഛാദന പരിപാടി എങ്ങനെ ബി. ജെ. പി പരിപാടിയാകും എന്നും ശ്രീ നാരായണ ഗുരുദേവന്റെ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സാമൂഹ്യ നീതി നടപ്പിലാക്കാനും വേണ്ടി സ്ഥാപിതമായ എസ്. എന്‍. ഡി. പി യോഗത്തെ ബി. ജെ. പി. യുടേയും ആര്‍. എസ്. എസ്സിന്റെയും പോഷക സംഘടനയാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പ്രബുദ്ധരായ ശ്രീ നാരായണീയരും, കേരളീയരും അത് അംഗീകരിക്കുമോ എന്നും അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നു.
അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടെന്നു ഒരു സംശയം ഉയര്‍ന്നപ്പോള്‍ കക്ഷി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളം ഒറ്റ കെട്ടായി നില കൊണ്ടത് വര്‍ഗീയ ശക്തികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. പ്രബുദ്ധ കേരളത്തിനു അപമാനകരമായ ഇത്തരം സംഭവങ്ങള്‍ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരളം ഒറ്റ കെട്ടായി നിലകൊള്ളുക തന്നെ ചെയ്യും എന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ പറയുന്നു.
ഈ വിവാദങ്ങള്‍ക്ക് ഇടയിലും കേരളത്തിലെ പ്രഥമ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രിയെ കേരളത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വിധത്തില്‍ തന്നെ സ്വീകരിക്കുമെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളോടുള്ള നമ്മുടെ കടപ്പാട് വ്യക്ത്തമാക്കലാണ് എന്നും അദ്ദേഹം കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here