വിവാദ കത്ത് സരിത സോളാര്‍ കമ്മീഷന് കൈമാറി.

വിവാദ കത്ത് സരിത സോളാര്‍ കമ്മീഷന് കൈമാറി. മുദ്രവെച്ച കവറിലാണ് കത്ത് കമ്മീഷന് കൈമാറിയത്. ഡിജിറ്റല്‍ തെളിവുകള്‍ നാളെ കൈമാറും. പോലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയതായും സരിത കമ്മീഷനില്‍ മൊഴി നല്‍കി.
പദ്ധതിയില്‍ എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡിക്കും പങ്കുണ്ടെന്നും എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പ്രേമേയം പാസാക്കിയതിനു ശേഷം 2013 മാര്‍ച്ചില്‍ അസോസിയേഷന്‍ സെക്രട്ടറി ജിആര്‍ അജിത്തിനാണ് പണം കൈമാറിയതെന്നും സരിത മൊഴി നല്‍കി. പകരം സ്മരണികയില്‍ ടീം സോളറിന്റെ പേരില്‍ പരസ്യം ഉണ്ടായിരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയില്‍ വന്നത്. ഫെനി ബാലകൃഷ്ണന്‍ മുഖാന്തരമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ തുക ചോദിച്ചതെന്നും സരിത മൊഴി നല്‍കി.
നേരത്തേ എഴുതിയ കത്തിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും കമ്മീഷന് കൈമാറിയ രേഖയിലുണ്ടെന്ന് സരിത വ്യക്തമാക്കി. വയനാട് കലക്ട്രേറ്റില്‍ സോളര്‍ ഇലക്ട്രിഫിക്കേഷന്‍ നടത്താന്‍ ടീം സോളറിനനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കി. ആവശ്യമായ സഹായങ്ങള്‍ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്റെ പിഎ ഷൈലേഷാണെന്നും മൊഴി നല്‍കി.
വിവരങ്ങള്‍ രഹസ്യമൊഴിയായി മുദ്രവച്ച കവറില്‍ സോളാര്‍ കമീഷന് കൈമാറുമെന്ന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം കമ്മീഷനെ അറിയിച്ചിരുന്നു. സരിത മുദ്രവച്ച കവറില്‍ നല്‍കുന്ന മൊഴിയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here