Advertisement

വംഗനാട് വിധിയെഴുതാന്‍ ഒരുങ്ങുമ്പോള്‍…

February 12, 2016
Google News 0 minutes Read

പശ്ചിമബംഗാളില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ എഴുതിക്കൊണ്ടാവും ബംഗാള്‍ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുക. ഏപ്രില്‍ അവസാനവാരം മൂന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്  നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ക്രമസമാധാനനില കണക്കിലെടുത്താണ് കമ്മീഷന്റെ ഈ തീരുമാനം.സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം അപകടകരമായ വര്‍ഗീയധ്രുവീകരണത്തിലേക്ക് നീങ്ങുകയാണിപ്പോള്‍.മാല്‍ഡാ സംഘര്‍ഷവും പ്രത്യാഘാതങ്ങളും ബംഗാള്‍ രാഷ്ട്രീയത്തെ പുതിയൊരു മാനത്തിലെത്തിക്കുമെന്ന് ഉറപ്പ്.

മൂന്നരപതിറ്റാണ്ടുകാലം ഇടതുകോട്ടയായിരുന്നു പശ്ചിമബംഗാള്‍. 2011ല്‍ എല്ലാ പതിവുകളെയും തെറ്റിച്ച് വികസനദാരിദ്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ പിടിച്ചടക്കി. ഭരണരംഗത്തേക്കുള്ള ആ കടന്നുവരവ് ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമേകിയെങ്കിലും പിന്നീടങ്ങോട്ട് ആ പ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ മമതാ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇടതുയുഗം അവസാനിക്കാന്‍ കാരണം വികസനമില്ലായ്മയാണെന്ന് ആവര്‍ത്തിച്ച തൃണമൂല്‍കോണ്‍ഗ്രസിനും ബംഗാളിനെ വികസനപാതയിലൂടെ അധികമൊന്നും മുന്നോട്ട്‌നയിക്കാനായില്ല. ഓരോ വര്‍ഷം കഴിയുന്തോറും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മമതയ്ക്കും തൃണമൂല്‍കോണ്‍ഗ്രസിനും മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.
വര്‍ഗീയധ്രുവീകരണം മുമ്പെങ്ങുമില്ലാത്തവിധം ബംഗാളില്‍ പിടിമുറുക്കുകയാണ്. മാല്‍ഡാ സംഘര്‍ഷം അതിന്റെ സൂചന മാത്രമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് ഭാരതീയഹിന്ദുമഹാസഭാ നേതാവ് കമലേഷ്‌ തിവാരി ഉത്തര്‍പ്രദേശില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അന്‍ജുമാന്‍ അഹ്ലെ സുന്നത്തുല്‍ ജമാ അത്ത് നടത്തിയ റാലിയാണ് മാള്‍ഡയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. റാലി മുറിച്ചുകടക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റ ബെസ് ശ്രമിച്ചതോടെ തര്‍ക്കം തുടങ്ങുകയും ലഹളയിലെത്തുകയുമായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് തടയുന്നതിലും സംഘര്‍ഷം നിയന്ത്രിക്കുന്നതിലും പോലീസ് പരാജയപ്പെട്ടു. ഇതോടെ ബംഗാള്‍ രാഷ്ട്രീയം മാള്‍ഡയെ ചുറ്റിപ്പറ്റിയുള്ള വിവാദചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മറുപടി അതൊരു ലഹളയായിരുന്നില്ലെന്‌നും പ്രതിഷേധക്കാരും അതിര്‍ത്തി സുരക്ഷാ സേനയും തമ്മിലുള്ള തര്‍ക്കമായിരുന്നു എന്നുമാണ്. പോലീസ് തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും മമത പറഞ്ഞുവച്ചു. എന്നാല്‍,ഈ ന്യായീകരണം വരുന്ന തെരഞ്ഞെടുപ്പില്‍ മമതയ്‌ക്കോ  തൃണമൂലിനോ നേരിടേണ്ടി വരുന്ന എതിര്‍പ്പുകളെ ലഘൂകരിക്കുന്നതല്ല.
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടേണ്ടി വരിക ബിജെപിയെയുെ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയുമാണ്. ബിജെപി രണ്ടുംകല്പ്പിച്ചുതന്നെയാണ് ബംഗാളില്‍ മത്സരത്തിനിറങ്ങുന്നത്. 249 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം 6ല്‍ നിന്ന് 17ലേക്ക് ഉയര്‍ന്നത്   ബിജെപിക്ക് ആത്മവിശ്വാസം നല്കുന്നു. എങ്ങനെയും മമതയെ തറപറ്റിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. മോദി തരംഗത്തിന് പ്രഭാവം കുറഞ്ഞ സാഹചര്യത്തില്‍ വേറെന്തു ഗിമിക്കാവും അമിത് ഷാ കാട്ടുകയെന്ന് കണ്ടറിയണം.ബംഗാളില്‍ കോണ്‍ഗ്രസ് ഏറെക്കുറെ നിര്‍ജീവമാണ്. ഒറ്റയ്ക്ക് നിന്ന് തൃണമൂലിനെ എതിര്‍ക്കാനുള്ള ശക്തി പ്രകാശ് മിത്ര നേതൃത്വം നല്കുന്ന സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിനില്ല. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയസമവാക്യത്തിന് ബംഗാള്‍ സാക്ഷ്യംവഹിക്കാന്‍ പോവുന്നത്. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് സിപിഎം നേതൃത്വം നിലപാട് എടുത്തതായാണ് സൂചന. കൊല്‍ക്കത്തയില്‍ നടന്ന സിപിഎം പ്ലീനത്തില്‍ ബിജെപിയെയും തൃണമൂലിനെയും നിശിതമായി വിമര്‍ശിച്ച പാര്‍ട്ടിനേതൃത്വം കോണ്‍ഗ്രസിനെപ്പറ്റി ഒന്നും പറയാഞ്ഞതു മുതല്‍ അഭ്യൂഹങ്ങള്‍ ഉരുത്തിരിയുകയായിരുന്നു. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. എ.ഐ.സി.സി  അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതി മറുപടി കാത്തിരിക്കുയാണ് ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം. ഒരു ചതുഷ്കോണ മത്സരം നടന്നാല്‍ നേട്ടം ബിജെപിക്കും തൃണമൂലിനുമായിരിക്കുമെന്ന തിരിച്ചറിവ് ഇരുകൂട്ടര്‍ക്കുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ട് വര്‍ധന തൃണമൂല്‍ വിരുദ്ധ വോട്ടകളിലൂടെയാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും വിലയിരുത്തുന്നു. ആ വോട്ടുകളെ ഏകീകരിക്കാനാവും ഇരുവരും ശ്രമിക്കുക.

ഭരണം നിലനിര്‍ത്താനുള്ള മമതാ ബാനര്‍ജിയുടെ നീക്കമാണ് വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പറയപ്പെടുന്നു. 249 നിയമസഭാ സീറ്റുകളില്‍ 124ലും നിര്‍ണായക സ്വാധീനം മുസ്ലീം വോട്ടുകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇവരെ ഒപ്പം നിറുത്തേണ്ടത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് അനിവാര്യമാണ്. കോണ്‍ഗ്രസിനോ ഇടുപാര്‍ട്ടികള്‍ക്കോ റാലിക്ക് അനുമതി കൊടുക്കാന്‍ മടിക്കുന്ന മമതാ ബാനര്‍ജി അന്‍ജുമാന്‍ അഹ്ലെ സുന്നത്തുല്‍ ജമാ അത്ത് എന്ന സംഘടനയ്ക്ക് വലിയ പ്രതിഷേധറാലി നട്തതാന്‍ അനുമതി കൊടുത്ത സാഹചര്യം ഇതോടു കൂട്ടിച്ചേര്‍ത്താണ് വായിക്കപ്പെടുക. മുസ്ലീം വോട്ടുകളുടെ ഏകീകരണം മാത്രമായിരിക്കണം തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്.പ്രതിഷേധം അക്രമാസക്തമായതോട ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി എന്നു മാത്രം. . നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഉണ്ടായ ഈ സംഭവവികാസങ്ങളും തുടര്‍ചലനങ്ങളും ബംഗാള്‍ രാഷ്ട്രീയത്തെ എവിടെയെത്തിക്കുമെന്ന് അറിയാന്‍  കാത്തിരിക്കുകയേ

 നിവൃത്തിയുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here