ജനത്തെ തൊട്ടറിഞ്ഞ നായകന്‍ എ.കെ.ഗോപാലന്റെ ചരമദിനം.

സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടന്ന് നെഹ്‌റു പ്രധാനമന്ത്രി ആയപ്പോള്‍ സഭയില്‍ ക്രിയാത്മകമായി ഉയര്‍ന്ന പ്രതിപക്ഷ ശബ്ദം എ. കെ.ജി. യുടെതായിരുന്നു. മതിയായ അംഗ ബലം സി പി ഐ ക്ക് ഇല്ലാത്തതിനാല്‍ സാങ്കേതികമായി പ്രതിപക്ഷ നേതാവല്ലായിരുന്നു എങ്കിലും എ. കെ.ജി. ആയിരുന്നു നെഹ്‌റു പോലും ബഹുമാനിച്ച ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ്.

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ നേതാവും, പാര്‍ലമെന്റേറിയനും , എഴുത്തുകാരനും ഒക്കെയായിരുന്നു എ.കെ.ഗോപാലന്‍. എ.കെ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു. ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എന്നതാണ് പൂര്‍ണനാമം.

1904 ഒക്ടോബര്‍ 1ന് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം ഏഴു വര്‍ഷം അധ്യാപകനായിരുന്നു. 1927ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി. 1930ല്‍ ജോലി രാജിവെച്ച് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ സജീവ പങ്കാളിയായിരുന്നു എ.കെ.ജി.

പി.കൃഷ്ണപിള്ളയുമായുള്ള പരിചയം ജയിലില്‍വച്ചാണ് ആരംഭിച്ചത്. 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ എ.കെ.ജി അതില്‍ അംഗമായി. 1937ല്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രസിദ്ധമായ പട്ടിണിജാഥ നയിച്ചത് ഇദ്ദേഹമാണ്.

1942ല്‍ വെല്ലൂരില്‍വച്ച് ജയില്‍ ചാടി അഞ്ചു വര്‍ഷം ഒളിവില്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന നേതാവായി. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലായി എ.കെ.ജി 16 വര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

1952 മുതല്‍ മരണം വരെ (അഞ്ചു തവണ) ലോക്‌സഭാംഗമായിരുന്നു. എന്റെ ജീവിതകഥ, മണ്ണിനുവേണ്ടി, കൊടുങ്കാറ്റിന്റെ മാറ്റൊലി എന്നിവയാണ് കൃതികള്‍. ആത്മകഥ പ്രസിദ്ധമാണ്.

1977 മാര്‍ച്ച് 22ന് അദ്ദേഹം അന്തരിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും കേരളത്തിലെ മുന്‍ മന്ത്രിയുമായിരുന്ന സുശീലാ ഗോപാലനാണ് ഭാര്യ. ഇപ്പോള്‍ കാസര്‍ഗോഡിനെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായ പി.കരുണാകരന്റെ ഭാര്യ ലൈലയാണ് ഏകമകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top