കൊടുംചൂടില്‍ ഒരു കാലാവസ്ഥാ ദിനം കൂടി

എ. സി.യും ഫ്രിഡ്ജ്ജും വന്‍ വിലക്കുറവില്‍ ലഭ്യമാകുന്ന കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രകൃതിക്കും കാലാവസ്ഥയ്ക്കും വേണ്ടി പോരാട്ടം നടക്കുകയാണ്.
ചൂടിനെ പ്രതിരോധിക്കാന്‍ പത്തു വഴികള്‍, അമൂല്യ ജലം സംരക്ഷിക്കാന്‍ ഇരുപതു വഴികള്‍ , മരം നട്ടു വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ കുറിച്ചു കൊണ്ട് ഈ വര്‍ഷത്തെ കാലാവസ്ഥാ ദിനത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാം.
ഇന്ന് ലോക കാലാവസ്ഥാ ദിനം.
ആഘോഷങ്ങള്‍ പ്രതിഷേധങ്ങള്‍ കൂടിയാണ്…
കോലം മാറുന്ന ഈ കാലത്ത്, കുന്നുകള്‍ ഇടിക്കുകയും പാറകള്‍ പൊടിച്ചെടുക്കുകയും വനങ്ങള്‍ വെട്ടി നശിപ്പിക്കുകയും വിഷം വിതറുന്ന കച്ചവടക്കണ്ണുകളും നില നില്‍ക്കുകയും ചെയ്യുന്ന ഈ നാഗരികതയില്‍ കാലാവസ്ഥാ ദിനം ആചരിക്കുന്നത് പ്രതിഷേധമായിക്കൂടിയാകണം…
പ്രകൃതി മനുഷ്യനും മറ്റ് സര്‍വ്വ ചരാചരങ്ങള്‍ക്കും അന്നവും വെള്ളവും വാസവും തൊഴിലും നല്കുമ്പോള് നാം തിരിച്ച് നല്‍കുന്നത് അനിയന്ത്രിതമായ ചൂഷണം മാത്രം. ഒടുവില്‍ പ്രകൃതി പ്രതികരിച്ച് തുടങ്ങി. കാലാവസ്ഥാ മാറ്റങ്ങളിലൂടെയും പ്രകൃതി ദുരന്തങ്ങളിലൂടെയും മുന്നറിയിപ്പും തന്നുകൊണ്ടിരിക്കുന്നു.
എന്നിട്ടും നാം പഠിക്കുന്നുണ്ടോ…
പിന്നെയും പിന്നെയും ക്വാറി ലൈസന്‍സിനും വേണ്ടി മുറവിളി കൂട്ടുകയാണ്. വെള്ളം ഊറ്റിയെടുക്കാനും കുന്നിടിച്ച് കെട്ടിടങ്ങള്‍ പണിയാനും മത്സരിക്കുകയാണ്. 44 നദികളുണ്ടായിട്ടും കേരളം വേനലടുക്കുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ്. കേരളം മാത്രമല്ല ലോകം മുഴുവന്‍.
ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകി…
ധ്രുവക്കരടികള്ക്കടകം ജീവിതം അസഹ്യമായി…
കടലില്‍ മാലിന്യം നിറഞ്ഞു.
ശുദ്ധജലം ലഭിക്കാതായി.
മഴയുടെ അളവ് കുറഞ്ഞു.
ഒടുവില്‍ മഹാമാരിയായി ചെന്നൈ വെള്ളപ്പോക്കമെത്തി, അതിന് മുമ്പ് ഉത്തരാഖണ്ഡ്.
അന്നെല്ലാം നാം ഭയപ്പെട്ടു,
പക്ഷേ എന്തെങ്കിലും മാറിയോ…
എന്ത് സ്വീകരിക്കുമ്പോഴും അതിലിരട്ടി തിരിച്ച് നല്കാന് ബാധ്യതയുണ്ടെന്നിരിക്കെ നല്‍കുന്നത് മാലിന്യം മാത്രമാണെങ്കില്‍ കാലാവസ്ഥാ മാറ്റങ്ങളിലൂടെയല്ലാതെ പ്രകൃതി എങ്ങനെ പ്രതികരിക്കും…!
“ഞാന്‍ നിന്നില്‍നിന്ന് ഖനനം ചെയ്തെടുക്കുന്നത്
വീണ്ടും നിറഞ്ഞുകുമിയട്ടെ നിരാമയത്വമരുളുന്നവളേ
ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ ഓര്മ്മബിന്ദുക്കളോളം
നിന്റെ ഹൃദയത്തോളം എത്താതിരിക്കട്ടെ” – അഥര്‍വ്വ വേദം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here