ഐ.വി.ശശി+ ടി.ദാമോദരൻ=ഹിറ്റുകളുടെ കാലഘട്ടം
വീണ ഹരി
എൺപതുകളിലെ സൂപ്പർഹിറ്റുകൾക്ക് രണ്ട് പര്യായങ്ങളുണ്ടായിരുന്നു. ഐ വി ശശിയും ടി ദാമോദരനും ! ചേരുംപടി ചേരുംപോലെ ഈ കൂട്ടുകെട്ട് ഒത്തുചേർന്നപ്പോഴെല്ലാം അത് ഹിറ്റുകളുടെ സമവാക്യമായി. അങ്ങാടി, ജോൺ ജാഫർ ജനാർദ്ദനൻ, വാർത്ത, നാണയം, ഇൻസ്പെക്ടർ ബൽറാം, അടിമകൾ ഉടമകൾ, ആവനാഴി ഇങ്ങനെ ഒട്ടനവധി ഹിറ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഈ സമവാക്യം ആയിരുന്നു.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ ടൈറ്റിലുകളിൽ ഇവരുടെ പേരുകൾ തെളിഞ്ഞപ്പോഴൊക്കെ ആ സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അത്ഭുതം പോലെ മാർച്ച് 28 ! ഈ കൂട്ടുകെട്ട് നല്കിയ അത്ഭുതം പോലെതന്നെയാണ് മാർച്ച് 28 എന്ന തീയ്യതിയും. ഒരാൾ ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി മറഞ്ഞതും മറ്റൊരാൾ ജനിച്ചുവീണതും മാർച്ച് 28 നാണ്. ഇതിനിടയിൽ ഇവരൊന്നിച്ച മുപ്പതോളം സിനിമകളാണ് മലയാള സിനിമയക്ക് പുതിയ ഒരു ഗതി നിർണ്ണയിച്ചത്.
1975 ൽ ലൗമാര്യേജ് എന്ന സിനിമയക്ക് തിരക്കഥ ഒരുക്കിയാണ് ദാമോദരൻ മാഷ് സിനിമാലോകത്ത് പ്രവേശിക്കുന്നത്. ഐ. വി ശശി ആദ്യമായി സിനിമയിലെത്തുന്നത് കലാസംവിധായകനായാണ്. 1968 ൽ കളിയല്ല കല്യാണം എന്ന സിനിമയ്ക്കായിരുന്നു കലാസംവിധായക വേഷം. എന്നാൽ സംവിധായകനായ ആദ്യത്തെ രണ്ടു സിനിമകളും സ്വന്തം പേരു വയ്ക്കാതെ പുറത്തിറങ്ങി. 1975 ലെ ഉത്സവം എന്ന സിനിമയ്ക്ക് ആദ്യമായി ടൈറ്റിലിൽ പേരു വച്ചു. അങ്ങനെ നോക്കുന്പോൾ രണ്ടുപേരുടേയും പൊതുജനം അറിഞ്ഞ എൻട്രിയും ഒരേ വർഷമാണെന്നതും ആകസ്മികം തന്നെ !
1979 ൽ പുറത്തിറങ്ങിയ ഏഴാം കടലിനക്കരെയാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ സിനിമ. പിന്നീട് മൂന്നു ദശാബ്ദക്കാലത്തോളം ഈ കൂട്ടുകെട്ട് സിനിമാ ലോകത്ത് സൃഷ്ടിച്ചത് ഒരു കാലഘട്ടം തന്നെയാണ് . ഏഴാം കടലിനക്കരെയിൽ തുടങ്ങിയ കൂട്ടുകെട്ട് അവസാനിക്കുന്നത് 2006 ലെ ബൽറാം/താരാദാസിലാണ്. ചരിത്രവും സാമൂഹിക പശ്ചാത്തലവും അടിത്തറയാക്കി ദാമോദൻ മാഷ് സൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം ഐ.വി ശശിയുടെ സംവിധാനമികവിൽ മലയാള സിനിമയുടെ ഉമ്മറത്ത് ഇന്നും അഭിമാനത്തോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്.
മലബാർ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ഈ കൂട്ടുകെട്ട് ഒരുക്കിയ 1921 ഒരു മികച്ച ചിത്രമായി എന്നും കണക്കാക്കപ്പെടുന്നു. ഈ സിനിമയിലെ ആലിമുസലിയാർ എന്ന മധുവിൻറെ വേഷം ഇന്നും മലയാള സിനിമയിൽ ചരിത്രത്തോട് നീതി പുലർത്തിയ കഥാപാത്രങ്ങളിൽ ഒന്നാമത്തേതാണ്. അബ്കാരി, വ്രതം, നാൽക്കവല, ഇത്രയും കാലം, അമേരിക്ക അമേരിക്ക, അഹിംസ, ഇന്നല്ലെങ്കിൽ നാളെ, അങ്ങാടിക്കപ്പുറത്ത്, ആറാട്ട്, അർഹത, ദ സിറ്റി തുടങ്ങിയവ ഈ കൂട്ടുകെട്ടിൽ പിറവി കൊണ്ടതാണ്. മമ്മൂട്ടി ശക്തമായ വേഷങ്ങളിലൂടെ മലയാളസിനിമയിൽ ഉറയ്കക്കുന്നതിനും ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് കാരണമായത്.
ദാമോദരൻ മാഷ് ഭരതനോടൊപ്പം കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ, പ്രിയദർശനോടൊത്ത് ആര്യൻ, അദ്വൈതം, അഭിമന്യു, കാലാപാനി തുടങ്ങിയ ചിത്രങ്ങളുമായും സഹകരിച്ചു. മണിരത്നം ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രം ഉണരൂ വിന് തിരക്കഥ ഒരുക്കിയതും മാഷാണ്. വി.എം വിനു സംവിധാനം ചെയ്ത യെസ് യുവർ ഓണറിനാണ് അവസാനമായി തിരക്കഥ എഴുതിയത്. ഈ ചിത്രത്തിൻറെ തിരക്കഥയിൽ മകൾ അഭിഭാഷക കൂടിയായ രശ്മി ദാമോദരൻ പങ്കാളിയായി. മറ്റൊരു മകൾ ദീദി ദാമോദരൻ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ്. സിംന ദാമോദരൻ എന്ന ഒരു മകൾ കൂടിയുണ്ട്. നഗരമേ നന്ദി, പാതിരാവും പകൽ വെളിച്ചവും, ഓളവും തീരവും, കിളിച്ചുണ്ടൻ മാന്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻറെ കഥ എന്നീ ചിത്രങ്ങളിൽ മാഷ് അഭിനയിച്ചിട്ടുണ്ട്.
2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് ഐ.വി ശശി അവസാനമായി ചെയ്തത്. മലയാളം,ഹിന്ദി,തമിഴ്ഭാഷകളിലായി 150ഓളം ചിത്രങ്ങളാണ് ഐ.വി ശശി സമ്മാനിച്ചത്. ടി. ദാമോദരൻ കഴിഞ്ഞാൽ പിന്നീട് കൂട്ടുകെട്ട് പിറന്നത് ആലപ്പി അഷ്റഫുമായാണ്. ഈ ടീമിൻറെ അവളുടെ രാവുകൾ എന്ന സിനിമ ഇതുവരെ കാണാത്ത ഒരു പ്രമേയമാണ് മലയാള സിനിമയക്ക് പരിചയപ്പെടുത്തിയത്. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഐവി ശശി നീണ്ട 35 കൊല്ലമാണ് സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചത്. മലയാളസിനിമയക്ക് ആദ്യകളർ ചിത്രം ഇതാ ഇവിടെ വരെ ഇദ്ദേഹത്തിൻറെ സംവിധാനമികവിൽ പുറത്തിറങ്ങിയതാണ്. മലയാളസിനിമയുടെ എല്ലാ നാഴികക്കല്ലുകൾക്കും സാക്ഷിയായ ഇദ്ദേത്തിന് 2014 ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here