നിപ: സംസ്ഥാനത്ത് 723 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; രോഗം സംശയിക്കുന്നയാളുടെ റൂട്ട് മാപ്പ് തയാറാക്കി

പാലക്കാട് മരണപ്പെട്ടയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയമുണ്ടായതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഫാമിലി ട്രീ തയാറാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വിവിധ ജില്ലകളിലായി 723 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 51 പേരാണ് പുതുതായി നിപ സംശയിക്കുന്നയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട് 394, മലപ്പുറം 212, കോഴിക്കോട് 114, എറണാകുളം 2, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഇതുവരെ 84 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 7 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 142 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Story Highlights : Nipah: 723 people in the state on the contact list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here