വിന്സെന്റ് വാൻ ഗോഗ്- സൂര്യകാന്തി പൂക്കളുടെ കൂട്ടുകാരൻ
“എന്റെ ചിത്രങ്ങൾ വിറ്റുപോകുന്നില്ല എന്ന വസ്തുത ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ഒരു കാലം വരും, എന്റെ ചിത്രങ്ങൾക്ക് അവയിലുപയോഗിച്ചിരിക്കുന്ന ചായങ്ങളെക്കാൾ വിലയുണ്ടെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം.” വിന്സെന്റ് വാൻ ഗോഗിന്റെ ഈ വാചകം സത്യമാവുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന പേരും പ്രശസ്തിയും മരിച്ചതിനു ശേഷമാണ് വിന്സെന്റ് വാൻ ഗോഗ് എന്ന അതുല്യ ചിത്രകാരനെ തേടി എത്തുന്നത്. ആധുനിക ചിത്രകലാ സമ്പ്രദായത്ത്തിന്റെ സ്ഥാപകരിൽ ഒരാലാണ് അദ്ദേഹം. വാൻ ഗോഗ് ചിത്രങ്ങളുടെ വർണ്ണ വൈവിധ്യവും മിഴിവും ആസ്വധകരിൽ ഒരു നവാനുഭൂതി ജനിപ്പിച്ചു.
1853 മാർച്ച് 30 നാണ് വാൻഗോഗ് ജനിച്ചത്. താറുമാറായ ജീവിതത്തിനും, സ്വന്തം വഴി കണ്ടുപിടിക്കനാവതെയുള്ള ആശയകുഴപ്പത്തിനിടയിലുമാണ് അദ്ദേഹം ചിത്രകലയ്ക്കായി സ്വയം അർപ്പിച്ചത്. സമൂഹത്തിനു നേരെ പിടിച്ച ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികൾ . പ്രകൃതിയോടുള്ള സ്നേഹവും, മഞ്ഞ നിറത്തോടും സൂര്യകാന്തി പൂക്കളോടുമുള്ള പ്രണയവും അദ്ദേഹത്തിന്റെ വരകളിൽ ഉടനീളം കാണാനാവും. ഒരുവേള സൂര്യകാന്തി പൂക്കൾക്ക് ഇത്രയേറെ മനോഹാരിതയുണ്ടെന്ന് നമ്മെ കാണിച്ചു തന്നത് വാൻഗോഗിന്റെ ചിത്രങ്ങളായിരിക്കാം.
ഫ്രാൻസിന്റെ മാത്രമല്ല കലയുടേയും തലസ്ഥാനമായിരുന്നു പാരിസ്, അന്നത്തെ കലയുടെ ആസ്ഥാനം. പാരിസിൽ ചിലവഴിച്ച രണ്ടു വർഷക്കാലമാണ് വാൻഗോഗ് എന്ന ഡച്ച് പരമ്പരാഗത ചിത്രകാരനെ ആധുനിക ചിത്രകാരനാക്കിയത്. 1885 ലെ ഉരുളക്കിഴങ്ങ് തിന്നുന്നവർ ആയിരുന്നു വാൻഗോഗിന്റെ ആദ്യ ഉൽകൃഷ്ടസൃഷ്ടി.
ഇംപ്രഷനിസം, പോയിന്റലിസം, ജപോനിസം തുടങ്ങിയ വിദ്യകൾ അദ്ദേഹം തന്റെ ചിത്രങ്ങളിൽ പരീക്ഷിക്കാൻ തുടങ്ങി. തന്റെ ബ്രഷുകളും ചായങ്ങളും കൊണ്ട് കാൻവാസിൽ വിസ്മയം തീർത്തുകൊണ്ടേയിരുന്നു അദ്ദേഹം. വെള്ള നിറത്തെ പോലെ വർണ്ണശബളമാക്കിയ കലാകാരനായിരുന്നു അദ്ദേഹം. മാർഗരറ്റ് ഗാഷെറ്റ് പിയാനോ വായിക്കുന്ന ചിത്രം ഇതിനുദാഹരണമാണ്. ചിത്രത്തിൽ മാർഗരറ്റ് ധരിച്ചിരിക്കുന്നത് വെള്ള വസ്ത്രമാണെന്ന് തോന്നുമെങ്കിലും, വെള്ളയും, ക്രീമും, നേർത്ത പച്ച, നീല, പിങ്ക് നിറങ്ങളുടെ സമ്മിശ്രമാണ് അത്.
തന്റെ സ്വന്തം രൂപം തന്നെ അദ്ദേഹം ഒരുപാട് തവണ വരച്ചിട്ടുണ്ട്. ഒരുപക്ഷെ ഇത്രയേറെ സെൽഫ് പോർട്രെയ്റ്റ് ചെയ്ത മറ്റൊരു ചിത്രകാരനും ഉണ്ടാവില്ല. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടിയിരുന്നു . 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്യേണ്ടി വന്നു അദ്ദേഹത്തിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here