അറിയാമോ എന്താണ് ഈ വിഡ്‌ഢിദിനം എന്ന് ?
രണ്ടു കലണ്ടറുകൾ തമ്മിലുള്ള വിചിത്രമായ ഒരു താൻ പോരിൽ നിന്നാണ് വിഡ്ഢിദിനം ഉണ്ടായത്. ഫ്രാൻസിലായിരുന്നു സംഭവം. അവിടെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന് ഫൂള്‍സ് ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നുവത്രേ. ഏപ്രില്‍ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് തുടങ്ങിയത്. കലണ്ടര്‍ മാറിയത് അറിയാതെ ഏപ്രില്‍ ഒന്നുതന്നെയാണ് പുതുവര്‍ഷമെന്ന് കരുതിപ്പോന്നവരും ഫ്രാന്‍സില്‍ ഉണ്ടായിരുന്നുവത്രേ. ഇവരെ പരിഹസിച്ചുകൊണ്ടാണ് വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നതിനാണ് പ്രചാരം. കലണ്ടർ മാറ്റത്തെ അംഗീകരിക്കാത്ത റിബലുകളോ വിപ്ലവകാരികളോ ആയിരുന്നു മറുപക്ഷം എന്നും അവരെ തേജോവധം ചെയ്യാനാണ് പ്രബലരായ മറു പക്ഷം വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നും വാദമുണ്ട്.
വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ് എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. ഇത്തരക്കാരെ ഏപ്രിൽ ഗോക്ക് എന്നാണ് സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്. ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടോടെയാണ്.
ഇംഗ്ലണ്ട് നൂഡി എന്നും ജര്‍മ്മനിയിൽ ഏപ്രിനാർ എന്നുമാണ് വിഡ്‌ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്. പോര്‍ചുഗീസുകാർ ഈസ്‌റ്റർ നോമ്പിന് നാല്‍പത് ദിവസം മുമ്പുള്ള ഞായർ , തിങ്കൾ ദിവസങ്ങളിലായിട്ടാണ് വിഡ്‌ഢിദിനം ആഘോഷിക്കുന്നത്. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടു. എന്നാൽ കരച്ചിലിന്റെ പ്രധിധ്വനി കേട്ട മറുവശത്തേക്ക് ഏറെ നേരം സെറസ് ഓടിയത് വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്.
ഇന്ത്യയിൽ ഫൂൾസ്ഡേ വന്ന വഴി
സ്വാഭാവികമായും മറ്റു പലതും എന്ന പോലെ ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ വിഡ്‌ഢിദിനവും എത്തിയത്. മുമ്പൊക്കെ പ്രാവിന്റെ പാല്‍ കറന്നുകൊണ്ടുവരാന്‍ ആളെ അയയ്‌ക്കുക നീരിറ്റു വീഴുന്നത് പാത്രത്തിലാക്കാന്‍ പറയുക തുടങ്ങിയ തമാശകളാണത്രേ ഉണ്ടായിരുന്നത്. വ്യാജമായ വാർത്തകൾ ചമയ്ക്കുക, തെറ്റായ വിവരങ്ങൾ നല്കുക, മരണ -ജനന വാർത്തകൾ തെറ്റായി ഉണ്ടാക്കുക തുടങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇന്ത്യൻ വഴികൾ നിരവധി. പിന്നീട് ഒരു പടികൂടി കടന്നു ചില പ്രയോഗങ്ങൾ തുടങ്ങി. പുലർച്ചെ വീടിന്റെ മുന്നിൽ ചാണകം പൂശുക , വലിയ പോസ്ററുകൾ പതിക്കുക, പൂട്ടുകൾ കൊണ്ട് വാതിലുകൾ ബന്ധിക്കുക , ചെരുപ്പുകൾ ചെറിയ കമ്പികൾ കൊണ്ട് കെട്ടിയിടുക തുടങ്ങിയവയായിരുന്നു മലയാളി യൌവ്വനങ്ങളുടെ വിഡ്ഢിദിന കളികൾ. എന്നാല്‍ ഇന്നത്തെ യുഗത്തില്‍ ഇന്റര്‍നെറ്റിലൂടെയാണ് പലതരം തമാശകളും നടക്കുന്നത്. ഏപ്രിൽ ഫൂൾ കാര്‍ഡുകള്‍ വരെ നെറ്റില്‍ ലഭ്യമാണ്.
ഏപ്രില്‍ ഒന്നിനെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്
ഒരു സുന്ദരി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണം. കുറഞ്ഞപക്ഷം അവനുമായി നല്ല സൗഹൃദമെങ്കിലും തുടരണമെന്നും ചിലര്‍ വിശ്വസിക്കുന്നു. ഏപ്രില്‍ ഒന്നിന് വിവാഹിതരായാല്‍ ഭര്‍ത്താവിനെ ഭാര്യ ഭരിക്കുമെന്നത് മറ്റൊരു വിശ്വാസം. അതിപ്പോ അല്ലങ്കിലും അങ്ങനല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം എങ്കിൽ പോലും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here