Advertisement

ഡല്‍ഹിയിലും അടിയോടടി.

April 2, 2016
Google News 0 minutes Read

ഒരിക്കലും നന്നാവൂലാന്ന് വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി കുറച്ച് ദിവസങ്ങളായി നടത്തിവരുന്ന അടി കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ കേരള ഹൗസ്, സോണിയയുടെ വസതി, എഐസിസി ആസ്ഥാനം , ഗുലാംനബി ആസാദിയുടെ വസതി, ഏകെആന്റണിയുടെ വസതി തുടങ്ങി നിരവധിയിടങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ ചെറുതും വലുതുമായ ഖദര്‍ ധാരികളാകെ ചേരി തിരിഞ്ഞ് അടിക്കുന്നു. അടിച്ച് ക്ഷീണിക്കുന്നവര്‍ തരാതരം പോലെ മധ്യസ്ഥ വേഷം തെട്ടുന്നുമുണ്ട്. രമേശ് ചെന്നിത്തലയാണ് പതിവില്ലാത്ത വിധം സമാധാന പ്രിയരായ മധ്യസ്ഥരായി മാറിയവരില്‍ പ്രമുഖന്‍. സ്വന്തം സീറ്റ് ഉറപ്പിച്ച പലരും സമാധാന ദൂതന്‍മാരായി ഇന്ദ്ര പ്രസ്ഥത്തില്‍ ഓടി നടക്കുകയാണ്.

ആദര്‍ശത്തില്‍ ആന്റണിയോട് മത്സരിച്ച് ഒന്നാംസ്ഥാനമോഹിയായ വിഎം സുധീരന്‍ ആണ് നിലവില്‍ യുഡിഎഫിന്റെ ആകെ കീറാമുട്ടി. ഇത്രയും കടുത്ത ആദര്‍ശമൊക്കെ കോണ്‍ഗ്രസിന് താങ്ങുമോ എന്നാണ് ശരാശരി കോണ്‍ഗ്രസുകാരുടെ ചോദ്യം. ആദര്‍ശം അത്രയ്ക്ക് ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ സുധീരന്‍ മത്സരിക്കട്ടെയെന്നും തന്റെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചരിത്രത്തിലാദ്യമായി ഉമ്മന്‍ചാണ്ടി ആദര്‍ശ വിരുദ്ധ ചേരിയിലെ ഗര്‍ജ്ജിക്കുന്ന നായകനാകുന്ന കാഴ്ചയും കാണാം.

സ്ത്രീകളുടേയും യുവാക്കളുടേയും പ്രാതിനിധ്യത്തിനുവേണ്ടി അഹോരാത്രം പണിപ്പെട്ട് വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്ത ബിന്ദു കൃഷ്ണ ലീഡറും ഫാനിമോളള്‍ ഉസ്മാന്‍ ലീഡറും സീറ്റ് കിട്ടിയതോടെ സകലര്‍ക്കും ജയ് വിളിച്ച് സമാധാനപ്പിറാവുകളായി മാറുന്ന അത്ഭുതകാഴ്ചയും ഇപ്പോള്‍ ദൃശ്യമാണ്.

പ്രായമേറിയതുകൊണ്ടാണോ യൗവ്വനം കയ്വിട്ടതുകൊണ്ടാണോ എന്ന് സ്വയം തന്നെ കണ്‍ഫ്യൂഷനായി സീറ്റ് വേണ്ടെന്നുവെച്ച ടിഎന്‍ പ്രതാപന് കയ്പമംഗലം കണ്ടപ്പോള്‍ കണ്‍ഫ്യൂഷന്‍ മാറി. സ്വല്പം ആദര്‍ശം, സ്വല്പം സ്ഥാനമോഹം എന്നിവ ചേര്‍ത്ത ഒരു ഉഗ്രന്‍ ഇനമാണ് ടിഎന്‍ പ്രതാപനെന്ന് കോണ്‍ഗ്രസ് അടുക്കളപ്പാട്ടാണ്. കെഎസ്‌യു നേതാവിന് നല്‍കിയ സീറ്റ് പ്രതാപന്‍ തട്ടിയെടുത്തതാണെന്ന് തുറന്നടിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. പ്രതാപന്റെ ആദര്‍ശപ്പൊയ്മുഖം അഴിഞ്ഞു വീണെന്നും ഡീന്‍ പറഞ്ഞു.

ഒച്ചവെച്ച് കഷ്ടപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനും നല്ലകുട്ടിയായി പതുങ്ങിയിരുന്ന് ചരട് വലിച്ച് ശരത്ചന്ദ്രപ്രസാദും സീറ്റ് ഒപ്പിച്ചപ്പോള്‍ ഇരുവരുടേയും ഉടുമുണ്ടഴിച്ച് അര്‍ദ്ധ നഗ്നരാക്കുകയും കരയിപ്പിക്കുകയും ചെയ്ത കെ മുരളീധരന്‍ ഉറപ്പായും ജയിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുണ്ട്.

പതിവുപോലെ കുറേ പാവംപിടിച്ച ഫാന്‍സ് അണികള്‍ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി. കോണ്‍ഗ്രസില്‍ രാഷ്ട്രരീയ അണികള്‍ കുറയുകയും ഫാന്‍സുകാര്‍ ഏറിവരികയും ചെയ്യുമ്പോള്‍ കൂടുതല്‍ സിനിമാക്കാരെ പ്രതിഷ്ഠിക്കുന്നതില്‍ തെറ്റുപറയാനാവുകയുമില്ല.

അടി ഞങ്ങള്‍ പതിവുപോലെ തുടരും. തിയതി ആവട്ടെ, കൊടുക്കാനും പിന്‍വലിക്കാനും ഉള്ള തീയതികള്‍ കഴിഞ്ഞാലും പിന്നെയുമുണ്ടല്ലോ പോളിംഗിന്റെ തലേന്ന് വരെ സമയം. പരമാവധി ഞങ്ങളടിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here