ബ്യൂട്ടി പാർലർ ജയിലിൽ തന്നെ

ഒന്നു മുഖം മിനുക്കണം. സെൻട്രൽ ജയിലിൽ വരെ ഒന്നു പോയിട്ട് വരാം എന്ന് കേട്ടാൽ ഇനി ആരും ഞെട്ടണ്ട. കണ്ണൂർ സെൻട്രൽ ജയിലിൽ ഇനി ഇതിനുള്ള സൗകര്യവും ഒരുങ്ങും. . ഇവിടുത്തെ 30 തടവുകാർ ഇനി ബ്യൂട്ടീഷന്മാരാണ്. പക്ഷേ ആണുങ്ങൾക്ക് മാത്രമാണ് പ്രവേശനം. കാരണം ഒരുങ്ങുന്നത് ജെൻസ് ബ്യൂട്ടി പാർലറാണ്.
ചുരുങ്ങിയ ചെലവിൽ ജയിലിൽ മെൻസ് ബ്യൂട്ടി പാർലർ ഒരുക്കാനുള്ള തീരുമാനം ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയുടേത് ആയിരുന്നു. ഉന്നത ഉദ്യോഗസ്ഥരും പിന്തുണയുമായെത്തിയപ്പോൾ കാര്യം എളുപ്പമായി. തളിപ്പറമ്പ് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകരായ ബിനുവും പ്രതീക്ഷും അധ്യാപകരായിഎത്തി. ഒരു മാസമാണ് തടവുകാർക്ക് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം ഇന്ന് നടന്നു.
ജയിലിനു പുറത്തെ ജയിലിന്റെ തന്നെ അധീനതയിലുളള കെട്ടിടമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അനുബന്ധ ഉപകണങ്ങളും ഫർണിച്ചറും ജയിലധികൃതർ തന്നെ വാങ്ങി നൽകിയിരുന്നു. എ.സി അടക്കമുള്ള ആധുനിക സംവിധാനങ്ങൾ കൂടി സജ്ജമാക്കി അടുത്ത ആഴ്ചയോടെ ജയിൽ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിക്കും.
യന്ത്രം ഉപയോഗിച്ചുള്ള തെങ്ങ് കയറ്റം, കമ്പ്യൂട്ടർ പരിശീലനം എന്നിവയിൽ ഇതിന് മുമ്പ് ഇവിടെനിന്നും തടവുകാർക്ക് പരിശീലനം നൽകിയരുന്നു. ചപ്പാത്തി. ബരിയാണി, ലഡു എന്നിവ ഇവിടെ നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്.