ബീഹാർ സമ്പൂർണ മദ്യ നിരോധിത സംസ്ഥാനം.

ബീഹാറിൽ ഇന്ന് മുതൽ സമ്പൂർണ്ണ മദ്യ നിരോധനം. ഇനി മുതൽ ബീഹാറിലെ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഇതോടെ പൂർണമായും മദ്യം നിരോധിക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി ബീഹാർ. എന്നാൽ ആർമി കാൻരീനിൽ നിന്ന് മദ്യം ലഭ്യമാകും.
നേരത്തെ നാടൻ മദ്യവും കള്ളും ബീഹാറിൽ നിരോധിച്ചിരുന്നു.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം സമ്പൂർണമാക്കുമെന്ന് നിതീഷ് കുമാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മദ്യമേഖലുമായി പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് സംസ്ഥാനത്തെ പാൽ ഉത്പാദന മേഖലയിൽ തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബീഹാർ വിശാല സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സമ്പൂർണ്ണ മദ്യ നിരോധനം.
മദ്യത്തിന്റെ ഉപഭോഗം ബാധിക്കുന്നത് സ്ത്രീകളെയാണ്. പാവപ്പെട്ടവരാണ് മദ്യം ഉപയോഗിക്കുന്നവരിൽ ഏറെയും. ഇത് കുടുംബ ബന്ധങ്ങളെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനും തടസ്സമാകുന്ന മദ്യ ഉപഭോഗത്തെ ഇല്ലാതാക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ സംസ്ഥാനത്തെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മദ്യവിൽപനയിലൂടെയാണ് ലഭിക്കുന്നത്. 2015-16 വർഷത്തിൽ 4000 കോടി രൂപയാണ് മദ്യ വിൽപനയിൽനിന്ന് ലഭിച്ചത്. ഇതിൽ പകുതി തുകയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപനയിലൂടെ ലഭിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here