ചരിത്രം ആവർത്തിക്കുമോ!!

1970 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. പുതുപ്പള്ളി മണ്ഡലം അന്ന് സിപിഎമ്മിന്റെ കയ്യിലാണ്.ഹാട്രിക് വിജയം കുറിക്കാൻ ഇ.എം.ജോർജ് തയ്യാറെടുക്കുന്നു. കൈവിട്ടു പോയ മണ്ഡലം തിരികെപ്പിടിക്കാൻ കോൺഗ്രസുകാർ ഒരു പുതുമുഖത്തെ രംഗത്തിറക്കി. യുവനിരയിൽ ശക്തനായ ഉമ്മൻ ചാണ്ടിയെ. നാട്ടുകാർക്ക് ഉമ്മൻചാണ്ടിയെന്നാൽ അന്നേ കുഞ്ഞൂഞ്ഞാണ്. 27കാരനായ കുഞ്ഞൂഞ്ഞ് അങ്ങനെ പുതുപ്പള്ളിയെ തിരികെ വലത് പാളയത്തിലെത്തിച്ചു. പിന്നെ ഒരിക്കലും പുതുപ്പള്ളി കുഞ്ഞൂഞ്ഞിനെ ചതിച്ചില്ല. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളു.
അന്നത്തെ 27കാരന് ഇന്ന് 72 ആണ് പ്രായം. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് പുതുപ്പള്ളിയുടെ നേതാവിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് അങ്കം. പാളയത്തിൽ പട അഭൂതപൂർവ്വമാം വിധം പിടിമുറുക്കിയിരിക്കുന്നു.പോരെങ്കിൽ ഒരു കത്തും അതിനെത്തുടർന്നുള്ള വിവാദവെളിപ്പെടുത്തലുകളുമുണ്ടാക്കുന്ന പുകിലുകൾ വേറെയും. പാളം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന പോലയാണ് പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ബന്ധമെന്നാണ് പൊതുവേയുള്ള പറച്ചിൽ. വിവാദങ്ങളും ആരോപണങ്ങളുമൊന്നും കുഞ്ഞൂഞ്ഞ് അനുകൂലികളായ വോട്ടർമാരെ ബാധിക്കില്ലെന്നു സാരം. എന്നാലും,ഇത്തവണ അതങ്ങ് ഉറപ്പിച്ചു പറയാൻ പറ്റുമോ എന്ന സംശയവും ബാക്കിനിൽക്കുന്നു.
അങ്കത്തട്ടിൽ മറുപക്ഷത്തുള്ളത് ഒരു പുതുമുഖമാണ്. തെരഞ്ഞെടുപ്പ് കളത്തിൽ പുതിയ മുഖമാണെന്നേയുള്ളു.വിദ്യാർഥിരാഷ്ട്രീയത്തിൽ വർഷങ്ങളുടെ പഴക്കമുള്ള തഴക്കം വന്ന നേതാവാണ്.എസ്.എഫ്.ഐ സംസ്ഥാനപ്രസിഡന്റ് ജെയ്ക് സി തോമസ്. കോൺഗ്രസിന്റെ കയ്യിൽ നിന്ന് പുതുപ്പള്ളിയെ ഇടതുപാളയത്തിലെത്തിക്കുകയാണ് ആഗമനോദ്ദേശ്യം.പ്രായമോ വെറും 26. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 26 തികഞ്ഞു. ചരിത്രം ആവർത്തിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇ.എം.ജോർജിൽ നിന്ന് ഉമ്മൻ ചാണ്ടിയിലേക്കുള്ള ദൂരം പുതുപ്പള്ളിക്കാർക്ക് യുവത്വത്തിന്റെ പ്രതീക്ഷയിലേക്കുള്ള ദൂരമായിരുന്നെന്ന സത്യം മറന്നുകൂടാ.
എതിരാളി സംസ്ഥാന മുഖ്യമന്ത്രിയാണ് എന്നതോ നീണ്ട കാലത്തെ തെരഞ്ഞെടുപ്പ് വിജയത്തിനുടമയാണ് എന്നതോ ഒന്നും ജെയ്ക്കിലെ ആത്മവിശ്വാസത്തിന് വെല്ലുവിളിയല്ല.ജനങ്ങൾ ഒപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമാണ് ജെയ്ക്കിന്റെ ധൈര്യം.പ്രചരണത്തിരക്കിനിടയിൽ കയറി വരുന്ന രാഷ്ട്രീയ വിവാദങ്ങളെ എങ്ങനെയൊക്കെ തടയാം എന്ന ചിന്ത ഉമ്മൻ ചാണ്ടിയെ അലട്ടുമെന്നുറപ്പ്.
ജെയ്ക്ക് ആവട്ടെ തെരഞ്ഞെടുപ്പ് ചൂടിനിടയിൽ വീണുകിട്ടിയ പിറന്നാൾ ദിനത്തിന്റെ ആഘോഷത്തിലാണ്. ഇരുപക്ഷവും പ്രചരണത്തിരക്കുകളിൽ അമരുമ്പോഴും പുതുപ്പള്ളി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,മെയ് 16 ന് വേണ്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here