ജയലളിതയ്ക്ക് എതിരിയായി ദേവി!!

ഇത് ദേവിയുടെ കഥയാണ്. ചെന്നൈ ആർ.കെ.നഗർ മണ്ഡലത്തിലെ നാം തമിലർ കക്ഷി സ്ഥാനാർഥിയാണ് ദേവി. ഇതിലെന്താ ഇത്ര പുതുമ എന്നല്ലേ? പുതുമയുണ്ട്. പുരട്ചി തലൈവി ജയലളിതയുടെ മണ്ഡലമാണ് ആർകെ നഗർ. മാത്രമല്ല,തമിഴ്നാട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുമാണ് ദേവി. അമ്മാവെ എതിരിടാൻ ഈ 33കാരിക്ക് ഇത്ര ധൈര്യമോ എന്ന് ചോദിക്കുന്നവരോട് ദേവിക്ക് മറുപടിയുണ്ട്. “ഞാൻ ജയലളിതയ്ക്കെതിരായല്ല മത്സരിക്കുന്നത്.അവർ എത്രയോ വലിയ നേതാവാണ്. എന്റെ സ്ഥാനാർഥിത്വം സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തിനു വേണ്ടിയാണ്. പാവപ്പെട്ടവരുടെ ഉന്നമനമാണ് എന്റെ ലക്ഷ്യം.അവർക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കണം,മികച്ച ജോലി ലഭിക്കണം. വർഷങ്ങളായി ഞാൻ ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു. രാഷ്ട്രീയത്തിലൂടെയേ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവൂ എന്നാണ് എന്റെ വിശ്വാസം.അതുകൊണ്ടാണ് മത്സരാർഥിയായതും.”
കഴിഞ്ഞ 3 വർഷമായി നാം തമിലർ കക്ഷി പ്രവർത്തകയാണ് ദേവി.സേലം ആണ് സ്വദേശം. 2004 മുതൽ വിവിധ എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്നു.ലൈംഗികതൊഴിലാളികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ശാക്തീകരണമാണ് ദേവിയുടെ ലക്ഷ്യം.2009ൽ അശരണർക്ക് വേണ്ടി ദേവി ആരംഭിച്ച തായ്മാടി എന്ന അഭയകേന്ദ്രത്തിൽ ഇന്ന് അറുപതോളം അന്തേവാസികളുണ്ട്.
കഷ്ടപ്പെടാനോ പ്രവർത്തിക്കാനോ തയ്യാറാകാതെ ട്രാൻസ്ജെൻഡറുകൾ രാഷ്ട്രീയത്തിൽ വലിയ സ്ഥാനമാനങ്ങൾ ആവശ്യപ്പെടുന്നുവെന്ന കോൺഗ്രസ് വക്താവും നടിയുമായ ഖുശ്ബുവിന്റെ പ്രസ്താവന കഴിഞ്ഞയിടക്ക് വലിയ കോലാഹലമുണ്ടാക്കിയിരുന്നു.ഇതിനും ദേവിക്ക് വ്യക്തമായ മറുപടിയുണ്ട്.”മറ്റുള്ളവരെപ്പോലെ തന്നെ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ട്രാൻസ്ജെൻഡറുകൾക്കും അവകാശമുണ്ട്.അത്തരമൊരു പ്രസ്താവന ഖുശ്ബു നടത്തരുതായിരുന്നു.അത് പറയാൻ അവർക്ക് യാതൊരു അവകാശവുമില്ല. “ദേവി പ്രതികരിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ചൂട് പിടിക്കുമ്പോൾ ദേവിയും തിരക്കിലാണ്. തായ്മാടി ട്രസ്റ്റിലെ മുഴുവൻ അന്തേവാസികളുടെയും അനുഗ്രഹവുമായി തന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് വോട്ട് തേടുകയാണ് വേറിട്ട ഈ വ്യക്തിത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here