ത്രിശങ്കുവിലായ ആദർശധീരത

കേരളത്തിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിച്ചുകഴിഞ്ഞു. ചുവരായ ചുവരെല്ലാം പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞു. പ്രചാരണ കൺവൻഷനുകളുമായി രാഷ്ട്രീയപാർട്ടികൾ മത്സരിച്ച് വോട്ടുപിടിക്കുന്നു. നേതാക്കന്മാരെ എല്ലായിടത്തും എത്തിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. താരപ്രചാരകരെന്ന സ്‌പെഷ്യൽ വിഭാഗവും ജോലി തകൃതിയായി ചെയ്യുന്നു. അതൊക്കെ ഭംഗിയായി നടക്കുമ്പോഴും ജനങ്ങൾക്ക് ഒരു സംശയം ബാക്കി. കോൺഗ്രസിന്റെ പ്രചാരണത്തിന് കെപിസിസി പ്രസിഡന്റ് എല്ലാ മണ്ഡലത്തിലും എത്തുമോ!!
സംശയം വെറുതെയല്ല. കളങ്കിതരായ മന്ത്രിമാരെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനു മേൽ സമ്മർദ്ദം ചെലുത്തിയ ആളാണ് വി.എം.സുധീരൻ. ഉമ്മൻചാണ്ടിയുടെ ശ്രമഫലമായി ഹൈക്കമാൻഡ് ആ ആവശ്യം കേട്ടഭാവം നടിക്കാതെ മുന്നോട്ട് പോയതും പരസ്യമായ കാര്യമാണ്. അങ്ങനെ സുധീരന്റെ കരിംപട്ടികയിൽ പെട്ടവരൊക്കെ വീണ്ടും മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ഇവരെയൊക്കെ വിജയിപ്പിക്കേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി പ്രസിഡന്റ് എന്ന സാങ്കേതികത്വം മൂലം സുധീരന് കഴിയില്ല. മറിച്ച് അവർക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയാൽ ആദർശ ധീരൻ എന്ന സുധീരന്റെ ഇമേജിന് കോട്ടം തട്ടില്ലേ. അതു തന്നെയാണ് കളങ്കിതരെന്ന് താൻ തന്നെ ഹൈക്കമാൻഡിനെ അറിയച്ചവർക്ക് വേണ്ടി വോട്ട് ചോദിക്കാൻ സുധീരൻ തയ്യാറാവുമോ എന്ന ചോദ്യത്തിനു പിന്നിലുള്ള സാംഗത്യവും.
രാഷ്ട്രീയത്തിൽ വി.എം.സുധീരൻ എന്നാൽ ആദർശധീരതയുടെ പ്രതിരൂപമാണ്. തെറ്റ് ആര് ചെയ്താലും ചോദ്യം ചെയ്യാൻ ആർജവം കാട്ടിയിട്ടുള്ള നേതാവ്. കോൺഗ്രസ് പിന്തുണയോടെ സി.അച്ച്യുതമേനോൻ കേരളം ഭരിക്കുന്ന സമയത്താണ് കോളേജ് മാനേജ്‌മെന്റുകളും മതസാമുദായിക ശക്തികളെയും എതിർത്ത് വിദ്യാർഥിസംഘടനകൾ തെരുവിലിറങ്ങിയത്. ഫീസ് ഏകീകരണം,അധ്യാപകർക്ക് നേരിട്ട് ശമ്പളം നല്കുക എന്നിവയായിരുന്നു ആവശ്യം.അന്ന് കെ.എസ്.യു പ്രസിഡൻറായിരുന്നു സുധീരൻ. വിദ്യാർഥി സമരം വിജയം കണ്ടതോടെ അമാനുഷികതയുള്ള വിദ്യാർഥി നേതാവായ് സുധീരൻ വാഴ്ത്തപ്പെട്ടു.
വിദ്യാർഥി നേതാവിൽ നിന്ന് യുവസംഘടനാ നേതാവിലേക്കുള്ള പാത സുധാരന് അത്ര എളുപ്പമുള്ളതായിരുന്നില്ല. ആന്റണി കരുണാകരൻ ഗ്രൂപ്പ് വഴക്ക് കൊടുമ്പിരികൊണ്ട കാലത്ത് യൂത്ത് കോൺഗ്രസിലും അത് നല്ലരീതിയിൽ പ്രതിഫലിച്ചു.അങ്ങനെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാൻ എറണാകുളത്ത് ചേർന്ന യോഗം കൂട്ടത്തല്ലിൽ കലാശിച്ചത്.എന്തായാലും, ആന്റണി വിഭാഗത്തിന്റെ അപ്രമാദിത്വം അംഗീകരിക്കപ്പെട്ട ആ യോഗം വി.എം.സുധീരനെ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുത്തു.
1977ൽ ആലപ്പുഴയിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത് സുധീരന്റെ കന്നിയങ്കം. 64000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു.തുടർന്നായിരുന്നു ദേശീയതലത്തിൽ കോൺഗ്രസിലെ പിളർപ്പുണ്ടായത്. ഇന്ദിരാവിരോധവുമായി ഒരു വിഭാഗം ദേവരാജ് അരശിന് പിന്തുണപ്രഖ്യാപിച്ചു. ആന്റണിയും സുധീരനും അങ്ങനെ അരശ് കോൺഗ്രസായി. തുടർന്ന് 1980ൽ മണലൂരിൽ സുധീരൻ ജനഹിതം തേടിയത് അരശ് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സംയുക്ത സ്ഥാനാർഥിയായാണ്. ജയിച്ച് നിയമസഭയിലെത്തിയെങ്കിലും അധികം താമസിയാതെ മാർക്‌സിസ്റ്റ് നേതാക്കളുമായി ഇടഞ്ഞതോടെ സുധീരന് ശാസനയുമായി ആന്റണിയും ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. സംഭവം പുറത്തറിഞ്ഞത് അരശ് കോൺഗ്രസ് സുധീരനെ ശാസിച്ചു എന്നായിരുന്നു.പിന്നെ ഒട്ടും മടിച്ചില്ല,സുധീരൻ അരശ് കോൺഗ്രസിന്റെ പിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. എന്നാൽ,ഉമ്മൻചാണ്ടിയുടെ അനുനയതന്ത്രങ്ങൾക്ക് വഴങ്ങി വീണ്ടും അതേ സ്ഥാനത്ത് തുടർന്നു.
1982ൽ മണലൂരിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയപ്പോഴേക്കും സുധീരനെ ഒരു പ്രശ്‌നക്കാരനായി കാണുന്നവരുടെ എണ്ണം കൂടിയിരുന്നു. സുധീരനെ ഒതുക്കാൻ കരുണാകരൻ കാണിച്ച ബുദ്ധിയാണ് അദ്ദേഹത്തിന് നല്കിയ സ്പീക്കർ സ്ഥാനം എന്ന് പറച്ചിലുണ്ട്.എന്തായാലും സുധീരൻ മികച്ച സ്പീക്കറാണെന്ന് അക്കാലം തെളിയിച്ചു.1990ൽ കരുണാകരൻ മന്ത്രിസഭയിലേക്കുള്ള ആന്റണി വിഭാഗം പ്രതിനിധിയായി നിർദേശിക്കപ്പെട്ടത് സുധീരനെയായിരുന്നു. എന്നാൽ,കരുണാകരന്റെ തന്ത്രപരമായ നീക്കം സുധീരനെ തഴയുകയും ഉമ്മൻ ചാണ്ടിയെ തൽസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. അവിടം മുതലാണേ്രത ആന്റണി ഒഴികെയുള്ള എ ഗ്രൂപ്പ് നേതാക്കൾ സുധീരന് ചതുർഥിയായത്.
ചാരക്കേസിനോട് ചേർത്ത് കരുണാകരന്റെ പേര് വിവാദത്തിൽ പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിന് കത്തയച്ചപ്പോൾ സുധീരൻ മാത്രം വിട്ടു നിന്നു. എന്നിട്ട് ഒറ്റയ്ക്ക് വേറൊരു നിവേദനം ഡൽഹിക്ക് അയച്ചു.മറ്റ് എ ഗ്രൂപ്പ് നേതാക്കളുടെ ആത്മാർഥതയിൽ സംശയമുണ്ട് എന്നായിരുന്നു സുധീരന്റെ പക്ഷം.അതോടെ സാധാരണ കോൺഗ്രസുകാർക്ക് മു്‌നനിൽ സുധീരൻ ആദർശപുരുഷനായി.
അന്ന് മുതൽ ഇന്നുവരെ കോൺഗ്രസിലെ പ്രതിപക്ഷമായി സുധീരൻ നിലയുറപ്പിച്ചു. അദ്ദേഹത്തിന്റ നിലപാടുകൾ കോൺഗ്രസിനും യുഡിഎഫിനും കാലാകാലങ്ങളിൽ തലവേദനകൾ സൃഷ്ടിച്ചു. പദവികളൊന്നുമില്ലാതിരുന്നത് അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന് സുധീരന് സഹായകമായി. എന്നാൽ,കെപിസിസി പ്രസിഡന്റായതോടെ സ്ഥിതി മാറി. പലതും പറയാതെ വിഴുങ്ങിയും ചിലതൊക്കെ പരോക്ഷമായി പറഞ്ഞും തന്റെ നിലപാടിൽ ഉറച്ചുനില്‌ക്കേണ്ട അവസ്ഥയിലായി അദ്ദേഹം.വിവാദങ്ങളുടെ കൂട്ടത്തിൽ ഒടുവിലത്തേതാണ് സ്ഥാനാർഥി നിർണയത്തിലെ നേർക്ക് നേർ പോര്. ഉമ്മൻ ജയിച്ചു,സുധീരൻ തോറ്റു എന്നോ സുധീരൻ ജയിച്ചു ഉമ്മൻ തോറ്റു എന്നോ വ്യക്തമായി പറയാനാവില്ല എന്നതു സത്യം.
പക്ഷേ,ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ പാർട്ടിപ്രവർത്തകരെല്ലാം ഒരു പോലെ ബാധ്യസ്ഥരാണെന്ന് പറഞ്ഞത് സുധീരൻ തന്നെയാണ്. കെപിസിസി പ്രസിഡന്റ് പ്രചാരണത്തിന് മുന്നിട്ടിറങ്ങാൻ ഹൈക്കമാന്റ് പറഞ്ഞാൽ അത് അനുസരിക്കുകയേ സുധീരന് നിവൃത്തിയുള്ളു എന്ന് വ്യക്തം. കളങ്കിത മന്ത്രിമാർക്കു വേണ്ടി വോട്ട് പിടിച്ചാൽ തന്റെ ആദർശങ്ങളോടുള്ള വഞ്ചനയാവില്ലേ സുധീരൻ ചെയ്യുക. അപ്പോൾ ഇത്രയും നാൾ കൂടെക്കൊണ്ടുനടന്ന ആദർശമാണോ അതോ ഹൈക്കമാന്റാണോ സുധീരന് വലുത് എന്നൊരു ചോദ്യം സ്വാഭാവികം മാത്രമല്ലേ!!!