ഈ രക്തസാക്ഷിത്വം രാജ്യത്തിന് വേണ്ടിയായിരുന്നു
ഏപ്രിൽ 13 ചരിത്രത്തിൽ കുറിക്കപ്പെടുന്നത് ജാലിയൻവാലാബാഗ് കൂട്ടക്കുരുതിയുടെ ഓർമ്മകളിലാണ്. കൊളോണിയൽ ഭരണം രാജ്യത്തിന് നൽകിയ മുറിവായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല. ആയിരത്തി എണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടന്നത് ഇതുപോലൊരു ഏപ്രിൽ 13 ന്.
1919 ഏപ്രിൽ 13 ന് അമൃത്‌സറിനടുത്തുള്ള ജാലിയൻവാലാഭാഗ് മൈതാനത്ത് തടിച്ചുകൂടിയത് ആയിരങ്ങളായിരുന്നു. റൗലറ്റ് ആക്റ്റിനെതിരെ രാജ്യമെങ്ങും അലയടിച്ച പ്രക്ഷോഭം പഞ്ചാബിലും ശക്തി പ്രാപിച്ചിരുന്നു. ഇതോടെ അമൃത് സറിൽ ബ്രിട്ടീഷ് സർക്കാർ പട്ടാള ഭരണം പ്രഖ്യാപിച്ചു. ഇതിനെതിരായ പ്രതിഷേധ സമ്മേളനമായിരുന്നു അന്ന് ഏപ്രിൽ 13 ന് ബാലിയൻവാലാബാഗിലേക്ക് 20000 ഓളം ആളുകളെ എത്തിച്ചത്.
കെട്ടിടങ്ങളാലും ഉയർന്ന മതിൽക്കെട്ടുകളാലും ചുറ്റപ്പെട്ട ആ മൈതാനിയിൽ സമ്മേളന വിവരമറിഞ്ഞെത്തിയ പട്ടാളം ജനങ്ങൾക്ക് നേരെ വെടി ഉതിർത്തു. അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജനറൽ മൈക്കൾ ഡയർ യാതൊരു പ്രകോപനവുമുണ്ടാക്കാത്ത ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിക്കുകയായിരുന്നു. വെടിക്കോപ്പുകൾ തീരുന്നത് വരെ 10 മിനുട്ടോളം ഇത് നീണ്ടുനിന്നു. ബ്രിട്ടീഷുകാരുടെ കണക്കിൽ മരണം 379 ആയിരുന്നു. എന്നാൽ 1800 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു എന്നതാംണ് യാഥാർത്ഥ്യം.
മൈതാനിയിലേക്കുള്ള വാതിലുകൾ ഇടുങ്ങിയതായിരുന്നു. വലിപ്പം കൂടിയ പ്രധാന കവാടമാകട്ടെ ജനറൽ ഡയർ സൈനികരാലും വാഹനങ്ങളാലും അടയ്ക്കുകയും ചെയ്തു. അപ്രതീക്ഷിതമായി വന്ന ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതദേഹങ്ങളാണ് ഈ ചെറിയ കിണറിൽനിന്ന് മാത്രമായി കണ്ടെടുത്തത്.
ബ്രിട്ടീഷുകാരുടെ ഈ ക്രൂര വിനോദത്തിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ തനിക്ക് ലഭിച്ച സർ പദവി ഉപേക്ഷിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. ഇതോടെ ഉദ്യോഗത്തിൽ നിന്ന് ഡയർ പുറത്താക്കപ്പെട്ടെങ്കിലും ബ്രിട്ടനെ അനുകൂലിക്കുന്ന ബ്രിട്ടീഷ്‌കാർക്കിടയിൽ ഡയർ നായകനായി. ജനങ്ങളെ പിരിച്ചുവിടാനായിരുന്നില്ല പാഠം പഠിപ്പിക്കാൻ തന്നെയാണ് ഇത് ചെയ്തതെന്ന് ഡയർ പിന്നീട് പറഞ്ഞിരുന്നു.
എന്നാൽ വർഷങ്ങൾക്ക് ശേഷം, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ഇരുപത്തി ഒന്നാം വാർഷിക ദിനത്തിന് ഒരു മാസം ശേഷിക്കെ അന്ന് മരിച്ചുവീണവർക്ക് വേണ്ടി ധീരദേശാഭിമാനി ഉദ്ദംസിങ് തന്റൈ പ്രതികാരം നടപ്പിലാക്കി. ആ കൂട്ടക്കുരുതിയുടെ സൂത്രധാരൻ ജനറൽ മൈക്കൾ ഡയറിനെ അദ്ദേഹം വെടിവെച്ച് കൊന്നു.
ലണ്ടനിലെ കാക്‌സ്ടൺ ഹാളിലാണ് പ്രതികാര വെടിയൊച്ച മുഴങ്ങിയത്. പല സ്ഥലങ്ങളിൽ വെച്ച് കൊലപാതകം നടത്താൻ ഉദ്ദംസിങ്ങ് ആസൂത്രണം ചെയ്തിരുന്നെങ്കിലും ലണ്ടനിലാണ് ഇത് സംഭവിച്ചത്. 1940 ജൂലെ 31 ന് ഉദ്ദംസിങ് തൂക്കിലേറ്റപ്പെട്ടു.
1963 ൽ ജാലിയൻ വാലാബാഗിൽ ഒരു സ്മാരകം ഉയർന്നു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മക്കായി ഈ സ്മാരകം രൂപകൽപ്പന ചെയ്തത് അമേരിക്കക്കാരനായ വാസ്തു ശിൽപി ബെഞ്ചമിൻ പോൾക്ക് ആയിരുന്നു.
ഈ ഏപ്രിൽ 13 നും കെട്ടടങ്ങാത്ത കനലായി ആ ഓർമ്മകൾ ജ്വലിക്കുന്നു. ഓർക്കാം ഈ ദിനത്തിൽ രാജ്യത്തിന് ജീവൻ നൽകിയ ഓരോ രക്തസാക്ഷിയേയും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here