Advertisement

ഇതാണ് കളക്ടർ, ഇതാവണം കളക്ടർ.

April 13, 2016
Google News 1 minute Read

ജനങ്ങൾക്കിടയിൽ കയ്യടി നേടുന്ന കളക്ടർ വേഷങ്ങൾ സിനിമയിൽ മാത്രമല്ല, ജീവിതത്തിലുമുണ്ടന്ന് കുറച്ചുകാലമായി തെളിയിക്കുന്നുണ്ട് നമ്മുടെ നാട്ടിലെ കളക്ടർമാർ. കോഴിക്കോട്ടെ കളക്ടർ ബ്രോയ്ക്ക് ശേഷം ഇതാ നമുക്ക് അഭിമാനിക്കാൻ ഒരു ഐഎസ്‌കാരി. മറ്റാരുമല്ല കൊല്ലം കളക്ടർ എ.ഷൈന മോൾ. പരവൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഷൈന മോൾ എന്ന പേര് ധാരാളമായി കേൾക്കുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ കളക്ടർ നൽകിയ ഉത്തരവ് മറികടന്ന് പരവൂർ പുറ്റിങ്ങൾ ക്ഷേത്രത്തിൽ വെടിക്കെട്ട് മത്സരം എങ്ങനെ നടന്നു എന്ന് കോടതിയിലും ചർച്ചാ വിഷയമാണ്.

കളക്ടർ മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചിട്ടും അത് നിരീക്ഷിക്കേണ്ടിയിരുന്ന പോലീസ് മേധാവി വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതാണെന്ന് ഏറെക്കുറേ ബോധ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നിൽക്കണ്ടി വന്നു കമ്മീഷ്ണർക്ക്.
കളക്ടർക്ക് നേരെ പഴി ചുമത്താനുള്ള ശ്രമങ്ങൾ നാലുപാടുനിന്നും ഉണ്ടായിട്ടും പിടിച്ചു നിൽക്കാനും നിലപാടുകൾ ഉറപ്പിക്കാനും ഷൈനമോൾ ഐഎഎസിന് ഭയമുണ്ടായില്ല. ‘ഇത് താണ്ട കളക്ടർ’ എന്ന് ഒന്നുകൂടി പറയാൻ തോനുന്നു.

പരവൂർ ക്ഷേത്രത്തിൽ മത്സരവെടിക്കെട്ടിനെന്നല്ല ഒരു തരത്തിലുള്ള വെടിക്കെട്ടിനും അനുമതി നൽകിയില്ലെന്നാണ് കളക്ടർ പറയുന്നത്. . എന്നാൽ എഡിഎമ്മിന്റെ ഓർഡർ മറികടന്നാണ് പോലീസ് വെടിക്കെട്ട് നടത്താനുള്ള അനുമതി നൽകിയത്. പരവൂർ ക്ഷേത്രത്തിൽ സ്ഥലപരിമിതി ഉണ്ടെന്നും വെടിക്കെട്ട് നടത്താൻ പാടില്ലെന്നും കാണിച്ചുള്ള പോലീസ് റിപ്പോർട്ട് ആറാം തിയ്യതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് തന്നെ അനുമതി നിഷേധിച്ച് എഡിഎം റിപ്പോർട്ട് നൽകി. വീണ്ടും 9ആം തിയ്യതി
വെടിക്കെട്ട് നടത്താം എന്ന് പറഞ്ഞ് പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് എത്തി. സ്ഥലപരിമിതി അപ്പോഴും അങ്ങനെ തന്നെ തുടരുന്നു. മത്സരക്കമ്പം മത്സരക്കമ്പമായി തുടരുന്നു. പിന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരു റിപ്പോർട്ട് വന്നു എന്ന കാര്യത്തിൽ പോലീസിനോട് വിശദീകരണം ചോദിച്ചു എന്നും കളക്ടർ പറയുന്നു. പോലീസിന്റെ ആ റിപ്പോർട്ടും റദ്ദ് ചെയത് ഓർഡർ ഇറക്കി. എന്നാൽ ആ ഓർഡർ എന്തടിസ്ഥാനത്തിലാണ് പോലീസ് നടപ്പാക്കാതിരുന്നതെന്നാണ് ഷൈന മോൾ ചോദിക്കുന്നത്.

shaina-mol-collector

വെടിക്കെട്ട് നടത്താൻ പാടില്ലെന്ന് ഓർഡർ ഇറക്കിയാൽ അത് നടപ്പാക്കേണ്ടത് പോലീസാണ്. പോലീസിന്റെ പണി കളക്ടർക്ക് ചെയ്യാൻ സാധിക്കില്ല. അത് പോലീസ് തന്നെ ചെയ്യണം. കളക്ടറുടെ ഉത്തരവ് നടപ്പാക്കേണ്ടത് പോലീസാണ്. എന്ത് സമ്മർദ്ദം വന്നാലും പോലീസ് അത് നടപ്പാക്കേണ്ടിയിരുന്നു. സമ്മർദ്ദത്തെ അതിജീവിച്ച് തീരുമാനം നടപ്പാക്കേണ്ടിയിരുന്ന പോലീസ് അത് ചെയ്തില്ല. ക്ഷേത്രത്തിൽ മത്സരക്കമ്പം നടക്കുമ്പോൾ വലിയൊരു പോലീസ് സേന അവിടെ ഉണ്ടായിരുന്നു. എന്നിട്ടുപോലും അത് അവസാനിപ്പിക്കാൻ പോലീസിന് സാധിച്ചില്ല. ഉത്തരവ് നടപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ വലിയവീഴ്ചയിൽ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തത് എന്തടിസ്ഥാനത്തിലാണെന്നും ഷൈന മോൾ ചോദിക്കുന്നു.

പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പോലീസിനാണെന്ന് കാണിച്ച് ഷെനമോൾ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. വെടിക്കെട്ടിന് താൻ അനുമതി നിഷേധിച്ചിട്ടും ജില്ലാ പോലീസ് മേധവി മൗനം പാലിക്കുകയായിരുന്നു. കൊല്ലം പോലീസ് ഡിവിഷനിലെ മുതിർന്ന പോലീസുകാർക്കടക്കം മത്സരക്കമ്പത്തിനെക്കുറിച്ച അറിയാമായിരുന്നെന്നും ഷൈന പറയുന്നു. മത്സര വെടിക്കെട്ട് നടക്കുന്ന സമയത്ത് സ്ഥലത്തെത്തിയ പരവൂർ സി.ഐ. ചന്ദ്രകുമാർ ഏതാനും പോലീസുകാരെ മാറ്റിനിർത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിലൊരു വലിയ ദുരന്തത്തിന്റെ മുന്നിൽ നിൽക്കുമ്പോഴും ഷൈന പതറുന്നില്ല. വീഴ്ചകളെ ചൂണ്ടിക്കാണിക്കാൻഭയക്കുകയോ മടിക്കുകയോ ചെയ്യുന്നില്ല. പെൺ കരുത്തുകൾളുടെ പ്രതീകമായി ഇനി ഷൈനമോളും നമുക്ക് മുന്നിലുണ്ടാകും. കളക്ടർമാർ റബ്ബർ സ്റ്റാബ് അല്ലെന്ന് തെളിയിച്ച ഷൈനമോൾക്ക് അഭിനന്ദനവുമായി കോഴിക്കോട് നിന്ന് കളക്ടർ ബ്രോയുടെ ഫേസ്ബുക്ക് സന്ദേശവും എത്തി. ഇതോടെ നവമാധ്യമങ്ങളിൽ ഷൈനമോളെ അനുകൂലിച്ചുകൊണ്ടുള്ള ചർച്ചകളും ചൂടുപിടുച്ചു.

collector-kollamപരവൂർ ദുരന്തത്തിൽ എടുത്ത നിലപാടുകൾ മാത്രമല്ല ഷൈനയെ വ്യത്യസ്ഥമാക്കുന്നത്. സിയാച്ചിൻ മഞ്ഞുമലകളിൽ പെട്ട് മരിച്ച സൈനികൻ സുധീഷിന്റെ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രവും നവ മാധ്യമങ്ങളിൽ വൈറലായിരുന്നു. മനസ്സിൽ ആർദ്രതയുള്ളവരായും മണ്ണിലേക്ക് ഇറങ്ങിവരുന്നവരായും ബ്യൂറോക്രാറ്റുകൾ മാറുന്നത് സമൂഹത്തിന്, സാമൂഹ്യമാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് തന്നെയാണ് ഷൈനയെ പോലുള്ളവർ തെളിയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here