പ്രതാപ് പോത്തൻ-അഞ്ജലി മേനോൻ-ദുൽഖർ കൂട്ടുകെട്ടുമായി സുപ്രിയാ ഫിലിംസ് തിരിച്ചെത്തുന്നു
രണ്ടരപതിറ്റാണ്ടു നീണ്ട ഇടവേളക്കു ശേഷം സുപ്രിയാ ഫിലിംസ് വീണ്ടും സിനിമാ നിർമ്മാണരംഗത്തേക്ക് എത്തുന്നു. പ്രതാപ് പോത്തൻ-അഞ്ജലി മേനോൻ-ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും. പുതിയ സംരംഭത്തിന്റെ ഭാഗമാകാൻ രജപുത്ര ഫിലിംസും ഒപ്പമുണ്ട്. തമിഴ്‌നടൻ മാധവനും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രതാപ് പോത്തനാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. സുപ്രിയാ ഫിലിംസിന്റെ അമ്പതാമത് ചിത്രമാണ് ഇത്. പേരിലെ സസ്‌പെൻസ് കാഴ്ച്ചകാരിലേക്ക് നിറയ്ക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ . 1967ൽ പുറത്തിറങ്ങിയ അശ്വമേധം ആയിരുന്നു സുപ്രിയാ ഫിലിംസിന്റെ ആദ്യ ചിത്രം. പ്രതാപ് പോത്തന്റെ സഹോദരൻ ഹരി പോത്തൻ ആരംഭിച്ച ഈ നിർമ്മാണക്കമ്പനി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. 1991ൽ പുറത്തുവന്ന മോഹൻലാൽ ചിത്രം അങ്കിൾബൺ ആയിരുന്നു സുപ്രിയാ ഫിലിംസിന്റെ അവസാന ചിത്രം.പ്രതാപ് പോത്തന്റെ മക്കളാണ് ഇപ്പോൾ നിർമ്മാണക്കമ്പനിയുടെ അമരത്തുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here