മകളെ കരുവാക്കി അവസാന നിമിഷം നടത്തിയ നിനോയുടെ നാടകം പാളി.

നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് കണ്ടെത്തിയ ഏപ്രിൽ 15ന് ഉച്ചയ്ക്ക് ശേഷവും നിനോ രക്ഷപ്പെടാൻ അവസാന ശ്രമം നടത്തി. ശിക്ഷയെക്കുറിച്ചുള്ള വാദം തുടങ്ങിയപ്പോൾ പ്രതിയുടെ അഭിഭാഷകൻ ഒരു അപേക്ഷ കോടതിയിൽ സമർപ്പിച്ചു. നിനോയുടെ ഭാര്യയെ സാക്ഷിയാക്കണമെന്നും നിനോയ്ക്ക് വധശിക്ഷ വിധിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങൾ ഭാര്യയ്ക്ക് ബോധിപ്പിക്കാനുണ്ടെന്നുമായിരുന്നു അപേക്ഷ. ആറ് വയസ്സായ മകളെ രണ്ട് വർഷമായി കണ്ടിട്ടില്ലെന്ന വാദവും ഉയർത്തി ഏറ്റവും കുറഞ്ഞ ശിക്ഷയേ വിധിക്കാവൂ എന്നും അപേക്ഷയിൽ കോടതിയെ ബോധിപ്പിച്ചു. എന്നാൽ തന്റെ ശക്തമായ എതിർവാദങ്ങളെ തുടർന്ന് അപേക്ഷ കോടതി തള്ളുകയായിരുന്നുവെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് വിനീത്കൂമാർ ‘റ്റ്വന്റിഫോർ ന്യൂസി’നോട് പറഞ്ഞു. ശിക്ഷ വിധിച്ച ഇന്ന് കോടതിയിൽ നിനോ തന്റെ മകളെ കണ്ടു; രണ്ട് വർഷങ്ങൾക്ക് ശേഷം. ഭാര്യയും ഒപ്പമുണ്ടായിരുന്നു.
നിനോ മാത്യുവിന്റെ അച്ഛന്റെ പേരിൽ എടുത്ത ഫോൺ ആയിരുന്നു നിനോ ഉപയോഗിച്ചിരുന്നത്. അത് തെളിയിക്കാനായി ടി.ജെ. മാത്യുവിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയിരുന്നു. മാത്യു പൂർണ്ണമായും സഹകരിച്ചു എന്ന് മാത്രമല്ല അദ്ദേഹം മകന് എഴുതിയ കത്തുകൾ നിർണ്ണായകമാവുകയും ചെയ്തു. അതേ സമയം സഹോദരൻ അനൂപിന്റെ പേരിലായിരുന്നു അനുശാന്തിയുടെ ഫോൺ കണക്ഷൻ. ഇത് തെളിയിക്കുന്നതിൽ അനൂപിന്റെ മൊഴി നിർണായകമായി. എന്നാൽ കേസിനെ സഹായിക്കുന്ന ചില നിർണായക വിവരങ്ങൾ നൽകാൻ കോടതിയിൽ വിസമ്മതിച്ചതിനെ തുടർന്ന് കൂറുമാറിയ സാക്ഷിയായി അനൂപിനെ പ്രഖ്യാപിച്ചുവെന്നും അഡ്വ. വി.എസ്. വിനീത് കുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here