കടല് കാണാം സാഹസികരാവാം; കോഴിക്കോട് ബീച്ച് നിങ്ങളെ വിളിക്കുന്നു

കോഴിക്കോട് ബീച്ച് എന്നാൽ അവിടെയെത്തുന്നവർക്ക് ഇനി മുതൽ വെറുമൊരു കാഴ്ച മാത്രമായിരിക്കില്ല. കടലോരകാഴ്ച ആസ്വദിക്കുന്നതിനപ്പുറം സാഹസിക ജലവിനോദങ്ങൾക്കുള്ള ഇടം കൂടിയായിരിക്കും. വിനോദവും സാഹസികതയും കോർത്തിണക്കി പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. തുറമുഖവകുപ്പിന്റെയും ഡിടിടിസിയുടെയും സഹകരണത്തോടെയാണ് എരോത്ത് വാട്ടർ അഡ്വഞ്ചർ സ്‌പോർട്‌സിന്റെ നേതൃത്വത്തിലുള്ള പദ്ധതി നടപ്പാക്കുക.
തിരകളെ കീറിമുറിച്ച് പായുന്ന വാട്ടർബൈക്ക്,മണലിലൂടെ ഓടിക്കാവുന്ന ക്വാഡ് ബൈക്ക്,സ്പീഡ് ബോട്ട് റൈഡ് തുടങ്ങി വിവിധ വിസ്മയങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഫ്‌ളൈബോർഡ്,ബനാന റൈഡ്,റിങ്കോ റൈഡ്,ബോർഡ് സ്‌കീയിങ്ങ്,വാട്ടർ സ്‌ളൈഡ്,ബാർബി ക്യൂ,ബീച്ച് ചെയർ എന്നിവയും ഉടൻ തന്നെ കോഴിക്കോട് ബീച്ചിന്റെ ഭാഗമാകും.സ്‌കൂബ ഡൈവിംഗ്,സ്‌നോർക്കലിങ്ങ് എന്നിവ തുടങ്ങാനും ആലോചനയുണ്ട്. രാവിലെ ഒമ്പതു മണിമുതൽ വിനോദ സാഹസികതയിൽ പങ്കാളികളാവാം.ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളും ബീച്ചിൽ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലെത്തിയാൽ ഇനി തിരമാലകൾ എണ്ണി സമയം കളയണ്ട,പകരം തിരമാലകൾക്കൊപ്പം സഞ്ചരിക്കാമെന്നാണ് കോഴിക്കോട്ടുകാർക്ക് ഇപ്പോൾ പറയാനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here