ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി

കേന്ദ്രത്തിന് തിരിച്ചടിയായി ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്ത് കോൺഗ്രസ് എംഎൽഎമാരെ മുഖ്യമന്ത്രി വിളിപ്പിച്ചു. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം അനുവദിച്ചാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം ഇത് ആവർത്തിക്കും. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണമെന്നും കോടതി.
മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നൽകിയ ഹരജിയിലാണ് കോടതി നടപടി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സർക്കാരിന് ഭരണം തുടരാമെന്ന് കോടതി വിധിച്ചു. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള നയം ഏറ്റവും ഒടുവിൽ ഉപയോഗകിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഏപ്രിൽ 29 ന് റാവത്ത് സർക്കാർ വിശ്വാസ വോട്ട് തേടും.
നാളെ രാഷ്ട്രപതി ഭരണം മാറ്റണമെന്നും സർക്കാരുണ്ടാക്കണമെന്നും ആരെങ്കിലും പറഞ്ഞാൽ അത് നീതി വ്യവസ്ഥയ്ക്ക് നേരെയുള്ള പരിഹാസ്യമാകില്ലേ എന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാർ സ്വകാര്യ പാർട്ടിയാണോ എന്ന് ചോദിച്ച കോടതി ഒരാഴ്ചത്തേക്ക് രാഷ്ട്രപതി ഭരണം പിൻവലിക്കില്ലെന്ന് ഉറപ്പുനൽകുന്നില്ലെന്നും ചോദിച്ചു. കേന്ദ്രത്തിന്റെ ഇത്തരം പ്രവർത്തികൾ ദേഷ്യമല്ല വേദനയാണ് ഉണ്ടാക്കുന്നതെന്നും കോടതി.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. അതിനാൽ സ്ഥാനത്തെ തകർച്ചയിലേക്ക് നയിക്കുന്ന ഈ സർക്കാരിനെ പുറത്താക്കണം എന്നതായിരുന്നു മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെയും വിമതരുടെയും ആവശ്യം. ഏപ്രിൽ 28ന് നിയമസഭയിൽ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് കേന്ദ്രസർക്കാർ ധൃതിപിടിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.