Advertisement

ഇത് 43 ഇന്നിങ്ങ്സ്സിന്റെ മഹാചരിത്രം

April 24, 2016
Google News 2 minutes Read

ഒരാൾ തന്റെ 43 -മത് വയസ്സിൽ എന്താകും ? ജീവിതം ആരംഭിക്കുന്നതെയുള്ളൂ. പക്ഷെ 43 വയസ്സാകുമ്പോൾ തന്റെ കർമ മണ്ഡലത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുക എന്നത് അല്പ്പം അപൂർവ്വം ആകും. അതും ലോകം കീഴടക്കിയ ശേഷമുള്ള ശാന്തത. ഇന്നും താരം തന്നെയാണ് സച്ചിൻ. ഭാരതത്തിന്‌ സച്ചിൻ ഒരു വികാരമായിട്ട് എത്രയോ കാലമായി. എങ്കിലും ആ ജീവിതത്തെയും പേരിനെയും ഭാരതീയർ വീണ്ടും വീണ്ടും വായിക്കും.

സംഗീതം പകർന്ന പേര്

സച്ചിൻ രമേഷ് തെൻഡുൽക്കർ എന്നാണ് മുഴുവൻ പേര്. മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിൺ കുടുംബത്തിൽ രമേഷ് തെൻഡുൽക്കറിന്റെയും രജ്‌നി തെൻഡുൽക്കറിന്റെയും മകനായി 1973 ഏപ്രിൽ 24-നാണ് സച്ചിൻ ജനിച്ചത്. മറാത്തി സാഹിത്യകാരൻ കൂടിയായിരുന്ന രമേഷ് ടെണ്ടുൽക്കർ. തന്റെ ഇഷ്ട സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമ്മൻ എന്ന പേരിലെ സച്ചിൻ എന്ന നാമം തന്റെ മകനു നൽകുകയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറിൽ നിന്ന് സച്ചിൻ പഠിച്ചത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ വിനോദ് കാംബ്ലിയുമൊത്ത് സച്ചിൻ 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ 664 റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി. ആ ഇന്നിംഗ്‌സിൽ സച്ചിൻ 320 റൺസിൽ അധികം നേടി. അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും. 2006-ൽ ഹൈദരാബാദുകാരായ 2 സ്‌കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു. സച്ചിന് 14 വയസ്സുള്ളപ്പോൾ സുനിൽ ഗവാസ്‌കർ താൻ ഉപയോഗിച്ച അൾട്രാ ലൈറ്റ് പാഡുകൾ സച്ചിന് സമ്മാനമായി നൽകിയിട്ടുണ്ട്.

15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബോംബെ ടീമിനു വേണ്ടിയാണ് കളിച്ചത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ സച്ചിൻ 100 റൺസ് നേടി പുറത്താകാതെ നിന്നു. രഞ്ചി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ.

മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബോംബെ ടീമിനു വേണ്ടിയാണ് കളിച്ചത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ സച്ചിൻ 100 റൺസ് നേടി പുറത്താകാതെ നിന്നു. രഞ്ചി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ. പിന്നീട് 1989-ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും ഇപ്പോഴത്തെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011-ലെ ലോകകപ്പ് മത്സരത്തിനുശേഷം സച്ചിൻ ലോകകപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 440 ഏകദിന മത്സരങ്ങളിലായി 17000-ത്തിൽ അധികം റൺസ് സച്ചിൻ നേടിയിട്ടുണ്ട്. 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് തുടങ്ങിയ റെക്കോർഡുകളും സച്ചിന്റെ പേരിലാണ്. ഏകദിന ക്രിക്കറ്റിൽ ഇരട്ടശതകം നേടിയ ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2010 ഫെബ്രുവരി 24-ന് ഗ്വാളിയോറിൽ വെച്ചു ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താവാതെയാണ് ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്‌കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്‌റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായികതാരമാണ് അദ്ദേഹം.

2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിനക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2012 മാർച്ച് 18-ന് മിർപൂരിൽ പാക്കിസ്ഥാനെതിരെയാണ് സച്ചിൻ അവസാന ഏകദിനമത്സരം കളിച്ചത്. 2013 മേയ് 27 ന് ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2013 നവമ്പർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും സച്ചിനെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്. 2003-ൽ വിഡ്‌സൺ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉൾപ്പെടുത്തി.

1995-ൽ സച്ചിൻ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ അഞ്ജലി എന്ന ശിശുരോഗ വിദഗ്ദ്ധയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് സാറ, അർജ്ജുൻ എന്നീ രണ്ടു മക്കളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here