ലഹരിയിൽ വാഴുന്നവർ.

നിലവാരമില്ലാത്ത രാഷ്ട്രീയ ചർച്ചകളുടെയും സ്വന്തം ഇരിപ്പിടങ്ങൾ സ്വന്തമാക്കാനുള്ള താൽക്കാലിക അജണ്ടകളുടേയും മേച്ചിൽപ്പുറങ്ങളിലാണ് നമ്മുടെ ഭരണ-പ്രതിപക്ഷങ്ങൾ. എറണാകുളം ജില്ലയിലെ പുല്ലേപ്പടിയിൽ നിന്ന് ഒരു പത്തുവയസ്സുകാരന്റെ ദീനരോദനം ഇവരുടെ ചെവികളിൽ എത്തിയിട്ടുണ്ടാകില്ല. ക്രിസ്റ്റി എന്ന നിഷ്‌കളങ്കനായ പത്തുവയസ്സുകാരൻ ഒരു ലഹരി മരുന്നടിമയുടെ കത്തിക്കിരയായ സംഭവം ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ് ?
കേരളത്തിൽ പെരുകുന്ന ലഹരി മാഫിയയെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഈ കുഞ്ഞിന്റെ കൊലപാതകത്തിന് ഉത്തരവാദികളല്ലേ ?
സ്വന്തം പാർട്ടിയിലെ തൊഴുത്തിൽ കുത്തിൽ നിന്നുടലെടുത്ത വികലമായ ഒരു മദ്യനയത്തിന്റെ ഉത്പന്നമാണ് കേരളത്തിൽ പടരുന്ന ലഹരിമരുന്നുപയോഗം. എറണാകുളം പോലെയുള്ള ജില്ലകളിൽ ലഹരിയുടെ അധോലോക സംഘങ്ങൾ വാഴുന്നുവെന്ന യാഥാർത്ഥ്യം കേരളവും കൊച്ചിയും ഭരിക്കുന്ന രാഷ്ട്രീയത്തിന് അറിവില്ലാത്തതല്ല.
പരസ്പരം ചോദ്യം ചോദിച്ച് കളിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധികാരത്തിലെത്തുവാനുള്ള ലഹരിയിലാണ്. അവരുടെ അനാസ്ഥയിൽ പിടഞ്ഞു തീരുന്ന കുഞ്ഞു വിലാപങ്ങൾ ഇക്കൂട്ടരെ അലോസരപ്പെടുത്തുന്നതേയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here