വികസനത്തെ വർഗ്ഗീയത കൊണ്ട് നേരിടുന്ന ബി .ജെ .പി.ക്ക് കേരളത്തിൽ ഒരിക്കലും മുന്നേറാൻ ആകില്ല – കെ മുരളീധരൻ

ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ ഉയർന്ന ശക്തമായ അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി നെ പ്രതികൂലമായി ബാധിക്കില്ലേ ?

സത്യത്തിൽ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് വികസനവും സമാധാനപരമായ അന്തരീക്ഷവും മാത്രമാണ്. സർക്കാറിനെതിരെ വന്ന ആരോപണങ്ങൾ മാറ്റി വച്ചാൽ കഴിഞ്ഞ അഞ്ച് കൊല്ലവും വികസനം മാത്രമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. വികസനോത്മുഖമായ നടപടികളിലും ജനങ്ങൾക്ക് സമാധാനാന്തരീക്ഷം ഒരുക്കുന്നതിലും യു.ഡി.എഫാണ് മെച്ചമെന്ന് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.

വികസനം , ഫണ്ട് വിനിയോഗം എന്നിവ കാട്ടിയാണ് താങ്കൾ വീണ്ടും മത്സരിക്കുന്നത് . ടി.എൻ. സീമയും എം.പി.ആയിരുന്നു. മത്സരം മുറുകുമോ ?

പാലങ്ങൾ, വീതിയുള്ള റോഡുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇതെല്ലാം ഏതാനും എംപിമാരുടെ ഫണ്ടിൽ നിന്ന് മാത്രം പൂർത്തിയാക്കാൻ പറ്റില്ല. അപ്പോൾ സർക്കാർ കേന്ദ്രതലത്തിൽ സമ്മർദ്ദം ചെലുത്തിയാണ് ഇത്തരം മേഖലകളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.അങ്ങനെയാണ് സാംസ്‌കാരിക നിലയങ്ങൾ, അർബൻ ഹെൽത്ത് സെന്ററുകൾ, സർക്കാർ സ്‌ക്കൂളുകളിലെ പുതിയ കെട്ടിടങ്ങൾ എന്നിവ വ്യാപകമായി സർക്കാർ ഈ അഞ്ച് വർഷങ്ങൾ കൊണ്ട് നവീകരിച്ചത്.

ഇങ്ങനെ വീതികൂട്ടി നവീകരിച്ച റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി എന്നിങ്ങനെ ജനങ്ങൾ ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും മുന്നേറാൻ സംസ്ഥാന സർക്കാറിന് ഈ അഞ്ച് കൊല്ലം കൊണ്ട് സാധിച്ചിട്ടുണ്ട്.

അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങനങ്ങൾക്കുള്ള അംഗീകാരം, തുടർന്നും വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ആശീർവാദം അതാണ് ഞങ്ങൾ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി. അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. കുമ്മനം അവരുടെ സംസ്ഥാന നേതാവും. വെല്ലുവിളി ആണോ എസ്.എൻ.ഡി.പി. നിലപാടും ബി.ജെ.പി. വോട്ടുകളും ?

ഹിന്ദു സമുദായത്തിന്റെ സ്വത്ത് മുഴുവൻ ഗവൺമെന്റ് കൊണ്ടുപോകുകയാണെന്നാണ് അവർ പറയുന്നത്. എന്നാൽ അത് തെറ്റാണെന്ന് വസ്തുനിഷ്ടമായി തെളിയിക്കാൻ യുഡി എഫ് സർക്കാറിനാവും.ഗവൺമെന്റ് ഗവൺമെന്റിന്റെ തുക ഉപയോഗിച്ചാണ് ആരാധനാലയങ്ങൾ സംരക്ഷിക്കുന്നത്. ന്യൂനപക്ഷ കമ്മീഷനു രൂപം കൊടുത്ത അതേ യു.ഡി.ഫ് സർക്കാർ തന്നെയാണ് ഭൂരിപക്ഷ കമ്മീഷനും രൂപീകരിച്ചത്.

 

കേരളത്തിൽ ഒരിക്കലും മുന്നേറാൻ ബി.ജെപിയ്ക്ക് ആവില്ല. മൈനോറിറ്റിയാണ് ഭരിക്കുന്നതെന്നതാണ് അവർ മുന്നോട്ട് വയ്ക്കുന്ന വാദം. സത്യത്തിൽ വികസനത്തെ വർഗ്ഗീയത കൊണ്ട് നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. വികസനത്തെയാണ് ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക.

ശബരിമലയിലേക്കുള്ള റോഡുകൾ ടാറ് ചെയ്തത് സംസ്ഥാന സർക്കാറിന്റെ ഫണ്ട് ഉപയോഗിച്ചാണ്. തിരുവനന്തപുരത്തെ റോഡ് എങ്ങനെയാണോ നവീകരിച്ചത് അതേ മാതൃകയിലാണ് ശബരിമലയിലേക്കുള്ള റോഡുകളും നവീകരിച്ചത്.
വഖഫ് ബോർഡിനു നൽകുന്ന അതേ ഗ്രാന്റ് തന്നെയാണ് സർക്കാർ ദേവസ്വം ബോർഡിനും നൽകുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കുന്നായി ഇതേ വരെ 65 കോടിരൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത്.

ഇന്ത്യയിൽ ആദ്യമായി മുന്നോക്കക്ഷേമ കമ്മീഷനും രൂപീകരിച്ചത് യുഡി എഫ് ഗവൺമെന്റാണ്. ഇതുപോലെ തികച്ചും തുല്യമായ രീതിയിലാണ് സർക്കാർ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കിയിട്ടുള്ളത്.

പത്മജയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോ?

യു.ഡി. ഫ് കഴിഞ്ഞ കുറേ കൊല്ലമായി ജയിക്കുന്ന മണ്ഡലമാണ് അത്. മറ്റ് നിയോജകമണ്ഡലങ്ങളിൽ പോകുന്നത് അനുസരിച്ച് ആ മണ്ഡലങ്ങളിലും പ്രചരണം നടത്തും. അവിടെ യുഡിഎഫ് ജയിക്കും എന്നുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top