Advertisement

കോൺഗ്രസിന്റെ അഴിമതി രാഷ്ട്രീയവും ബി.ജെപിയുടെ വർഗ്ഗീയതയും കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു; ടി.എൻ.സീമ

April 29, 2016
Google News 1 minute Read

ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്… മത്സരം കടുക്കുമോ?

രാഷ്ടീയപരമായി നോക്കിയാൽ ത്രികോണ മത്സരം എന്ന വാക്ക് ശരിയാണ്. മൂന്ന് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് ഏറ്റുമുട്ടുന്നത്. എന്നാൽ മറ്റ് രണ്ട് മുന്നണികളുടെയും പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ഒട്ടും മതിപ്പില്ലാത്ത അന്തരീക്ഷമാണ് ഇപ്പോഴത്തേത് എന്നതാണ് വാസ്തവം.
കേരളത്തിൽ സാമാന്യബുദ്ധി ഉള്ള ആർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യു.ഡി.എഫ് സർക്കാറിന്റെ അവസാനിക്കാത്ത അഴിമതിക്കഥകൾ കേട്ട് ജനങ്ങൾ അസ്വസ്ഥരാണ്. ആ പാർട്ടിയെ പ്രതിനിധീകരിക്കുന്ന എം.എൽ.എയ്ക്ക് ഇതിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്.
ദേശീയ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടി എന്ന ഒരു ലേബൽ കൂടി ഉപയോഗപ്പെടുത്തിയാണ് ഇവിടെ ബി.ജെ.പി മത്സരത്തിനിറങ്ങുന്നത്. എന്നാൽ വർഗ്ഗീയതയാണ് ഇവരുടെ രാഷ്ട്രീയം എന്ന് കേരളത്തിലെ എല്ലാത്തട്ടിൽ ഉള്ള ജനങ്ങൾക്കും ഉത്തമബോധ്യമുണ്ട്.

മാധ്യമലോകം ശക്തമായതുകൊണ്ട് ഈ രണ്ട് പാർട്ടികളും നടത്തിയ അഴിമതിയുടെയും വർഗ്ഗീയതയുടെയും കഥകൾ ജനങ്ങൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇടതുമുന്നണിയ്ക്ക് ഇതെക്കുറിച്ചൊന്നും ജനങ്ങളെ പ്രത്യേകിച്ച് ബോധ്യപ്പെടുത്തണ്ട കാര്യമില്ല.

ഇടതുമുന്നണിയ്ക്ക് സുതാര്യമായ വികസന കാഴ്ചപ്പാടിന്റെ ധാർമ്മികതാ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാനുള്ളത്.

ബി.ജെ.പി ദേശീയതലത്തിൽ ഉയർത്തുന്ന ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അതിതീവ്ര നിലപാടുകൾ പുലർത്തിയിരുന്ന കുമ്മനം രാജശേഖരനാണ് ബി.ജെ.പി കൂട്ടുകെട്ടിനായി താങ്ങളെ എതിർക്കുന്നത്. അവരുടെ പുതിയ മുന്നണി കൂട്ടുകെട്ടിനെ എങ്ങനെ കാണുന്നു?
കേരളത്തിൽ നവോത്ഥാനത്തിന്റെ തുടർച്ചയായിട്ടുള്ള ഒരു മതേതരബോധം ഇന്നും ശക്തമായിട്ടുണ്ട്. ഏത് മതത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിലും ആ ബോധത്തെ മറികടന്നുള്ള ഒരു ഭിന്നിപ്പോ കലാപങ്ങളോ അംഗീകരിക്കുന്ന ഒരു സമൂഹമനസ്സല്ല കേരളജനതയുടേത്.

രണ്ട് വർഷം മുമ്പ് നരേന്ദ്രമോഡിയെ മുൻനിർത്തി ബിജെപി ഉണ്ടാക്കിയെടുത്ത ഇമേജോന്നും ഇപ്പോൾ കേരളീയർക്കിടയിൽ ബി.ജെ.പിയ്ക്ക് ഇല്ല. അവരുടെ വർഗ്ഗീയതയും സാമ്പത്തിക നയവുമാണ് ഇതിനു പ്രധാന കാരണം.

ദേശീലതലത്തിൽ നടക്കുന്ന ഇത്തരം വിഷയങ്ങൾ അസംബ്ലി തിരഞ്ഞെടുപ്പിൽ എത്രത്തോളം ചർച്ചാവിഷയം ആകുമോ,അതെങ്ങനെയവും വട്ടിയൂർക്കാവിൽ പ്രതിഫലിക്കുക? 

വളരെ ബോധപൂർവ്വമായി അടിച്ചേൽപ്പിക്കുന്ന ഒരു ജാതി-മത-വർഗ്ഗീയ രാഷ്ട്രീയമാണ് ബിജെപിയുടേയും സഖ്യ കക്ഷികളുടേയും. ഇലക്ഷൻ അടുക്കുമ്പോൾ കാണിക്കുന്ന വിലപേശൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇലക്ഷൻ അടുക്കുമ്പോൾ വർഗ്ഗീയ വികാരങ്ങളും,ജാതി-മത വിദ്വേഷങ്ങളും ഇളക്കി വിടുന്ന രാഷ്ട്രീയ തന്ത്രം എല്ലാവർക്കും അറിവുള്ളതാണ്.

ഈ പരീക്ഷണം ആണ് അന്ന് കാട്ടായിക്കോണത്ത് നടന്ന ആക്രമണം.
എം.പി ആയി ഇരിക്കുമ്പോൾ ഞാൻ കൃത്യമായി മനസിലാക്കിയതാണ് ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണ് ജനവിരുദ്ധ ബില്ലുകൾ പാസ്സാക്കിവിടുന്നത്.
ഇപ്പോൾ പിരിക്കാത്ത നികുതി ആറരലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. ഗ്രീൻ പീസ് പോലുള്ള എൻജിഒ സംഘടനകളെ നിരോധിക്കാൻ മുന്നിട്ടിറങ്ങുന്ന ഇവർ തന്നെയാണ് ആർ.എസ്സ്.എസ്സിന്റെ എൻ.ജി.ഒ സംഘടനകളെ വളർത്തുന്നതും.

വികസന പ്രവർത്തനങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ.മുരളീധരൻ ഉയർത്തിക്കാട്ടുന്നത്. എം.പി എന്ന നിലയിൽ ടി എൻ സീമ ഇവിടെ ചെയ്ത വികസനപ്രവർത്തനങ്ങൾ അതിനെ മറിക്കടക്കാൻ പര്യാപ്തമാണോ?
കെ.മുരളീധരൻ പറയുന്നതുപോലെ ധാരാളം വീതിയുള്ള റോഡുകളും കെട്ടിടങ്ങളും വരുന്നത് മാത്രമല്ല വികസനം.

താഴേക്കിടയിൽ ഉള്ളവരുടെ ദൈനംദിന ജീവിതത്തിലെ പോരായ്മകളിലേക്കാണ്
വികസനം എത്തേണ്ടത്. ആ തലത്തിലാണ് വികസനം ചർച്ച ചെയ്യപ്പെടേണ്ടത്.

മാലിന്യം, വെളിച്ചം, വെള്ളം ഇതെല്ലാമാണ് ഇവരുടെ ആവശ്യങ്ങൾ. അല്ലാതെ മണ്ഡലത്തിലെ ജനങ്ങളുടെ സുഖദുഖങ്ങളിൽ പങ്കെടുക്കുക എന്നത് ഏത് ജനപ്രതിനിധിയും ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ അത് മാത്രം വച്ചല്ല ഒരു എം.എൽ.എ യെ അളക്കേണ്ടത്. ഒരു എ.എൽ.എയ്ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിച്ചുതന്ന എ.എൽഎമാരാണ് തോമസ് ഐസക്, പ്രദീപ് കുമാർ തുടങ്ങിയവർ. അതാകണം വികസനത്തിന്റെ കാഴ്ചപാട്.

ജനങ്ങളുടെ പ്രതികരണം എങ്ങനെയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ നടന്നതുപോലെ ഒരു തിരിച്ചടിയ്ക്കുള്ള സാധ്യതയുണ്ടോ?
ഇടതുപക്ഷത്തിന്റെ അനുഭാവികളായിട്ടുള്ള ആളുകൾ പൂർണ്ണമായും അനുകൂലമായ നിലപാടിലാണ്, മാത്രമല്ല അവർ സജീവമായി പ്രചാരണരംഗത്തും ഉണ്ട്. അതുകൊണ്ട് തന്നെ എൽ.ഡി.എഫ് വോട്ടകൾ ചെയ്യാതിരിക്കുകയോ ചോരുകയോ ഇല്ലെന്ന പരിപൂർണ്ണ പ്രതീക്ഷയിലാണ്. മുമ്പ് കോൺഗ്രസിനും ബിജെപിയക്കും പോയ വോട്ടുകൾ ഒന്നും ഒരു സ്ഥിരമല്ല. അതൊക്കെ ഇനിയും കിട്ടുമെന്ന് അവകാശപ്പെടാൻ അവർക്കാവില്ല. നിഷ്പക്ഷമായ വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കും.
അധ്യാപിക എന്ന നിലയിലും എം.പി എന്ന നിലയിലും ഇവിടുത്തെ ജനങ്ങൾ എന്നെ അംഗീകരിച്ചതാണ്. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും 70 ശതമാനം മുൻതൂക്കമാണ് രാജ്യസംഭ എംപി എന്ന നിലയിൽ ഇവിടെ നൽകിയത്.ഇതെല്ലാം വോട്ടായി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here