മോഡിയുടെ ജനന തിയതി; അവ്യക്തത നീക്കണമെന്ന് കോൺഗ്രസ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ജനന തിയതി സംബന്ധിച്ച് പുതിയ വിവാദം. വിവിധ രേഖകളിൽ മോഡിയുടെ ജനന തിയതി വ്യത്യസ്തമായാണ് നൽകിയിരിക്കുന്നതെന്നാണ് ആരോപണം.
മോദി പ്രീഡിഗ്രി പഠിച്ച വിസ്‌നഗർ എംഎൻ കേളേജിലെ രജിസ്റ്ററിൽ 1949 ആഗസ്റ്റ് രണ്ടാണ് അദ്ദേഹത്തിന്റെ ജനന തിയതിയായി നൽകിയിരിക്കുന്നത്. എന്നാൽ മോഡിയുടെ ജനന തിയതിയായി അറിയപ്പെടുന്നത് 1950 സെപ്തംബർ 17 ആണ്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹം നൽകിയിരിക്കുന്നത് തിയതി അല്ല പകരം പ്രായമാണ് എന്ന് കോൺഗ്രസ് നേതാവ് ശക്തി സിങ് ഗോലി പറഞ്ഞു. വ്യത്യസ്ത ജനന തിയതി സംബന്ധിച്ച് കാരണം വ്യക്തമാക്കണമെന്നും പാസ്‌പോർട്, പാൻകാർഡ് എന്നീ രേഖകളിലെ ജനന തിയതി മോഡി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമ പ്രകാരം മോഡിയുടെ വിദ്യാഭ്യാസ രേഖകൾ ലഭിക്കണമെന്നാവശ്യപ്പെട്ട് 70 അപേക്ഷകളാണ് ഗുജ്‌റാത്ത് സർവ്വകലാശാലയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ അത് രഹസ്യ രേഖയാണെന്നും വെളിപ്പെടുത്താൻ ആകില്ലെന്നുമായിരുന്നു സർവ്വകലാശാലയുടെ മറുപടി. വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയതോടെ രഹസ്യ സ്വഭാവം ഇല്ലാതായി. മാർക്ക് അടക്കം സർവ്വകലാശാല മറുപടി നൽകി എന്നും ഗോലി പരിഹസിച്ചു.
എന്നാൽ മോഡിയുടെ ബിഎ സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാലയിൽ ഇല്ല. എന്തുകൊണ്ട് ഇത് സർവ്വകലാശാലയിൽ ഇല്ല എന്നും എംഎയ്ക്ക് ചേരുമ്പോൾ ബിഎ ബിരുദത്തിന്റെ വിവരങ്ങൾ സൂക്ഷിക്കേണ്ടതല്ലേ എന്നും ഗോലി ചേദിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാൻ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതനുസരിച്ച് മോഡിയുടെ മാർക്ക് അടക്കം ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൽ ഗുജ്‌റാത്ത് സർവ്വകലാശാല വെളിപ്പെടുത്തിയിരുന്നു. 62.3 ശതമാനം മാർക്കോടെയാണ് മോഡി രാഷ്ട്രമീമാംസയിൽ ബിരുദാനന്തരബിരുദം നേടിയതെന്നാണ് വൈസ് ചാൻസലർ എംഎൻ പട്ടേലിന്റെ വെളിപ്പെടുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here