Advertisement

നിയമവും നിയമത്തിന്റെ അവസ്ഥകളും കൃത്യമായി പാലിക്കാൻ പറ്റുന്ന ഭരണകൂടത്തെ ഉണ്ടാക്കാനുള്ള ശ്രമമാവണം തെരഞ്ഞെടുപ്പ്-മധുപാൽ

May 3, 2016
Google News 1 minute Read
കേരളത്തിൽ ഇലക്ഷന്റെ ചൂടേറി. എന്താണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള താങ്ങളുടെ അഭിപ്രായം?
എല്ലാ തെരഞ്ഞെടുപ്പ് അടുക്കുമ്പോളും കേരളത്തിന്റെ സമൂല വികസനം എന്ന വിഷയമാണ് എല്ലാ മുന്നണികളും ഉയർത്തിക്കാണിക്കുക. എന്നാൽ അടിസ്ഥാനപരമായി എന്താണ് വികസനം. സത്യത്തിൽ ഈ വികസനം എന്ന വാക്കിന് ഒരു പുനർനിർവചനം കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്.
ഇപ്പോൾ പരമപ്രധാനമായ പ്രശ്‌നം എന്നത് കുടിവെള്ളമാണ്. ഈ പശ്ചാത്തലത്തിൽ ഒന്ന് ചിന്തിച്ച് നോക്കൂ ധാരാളം കെട്ടിടങ്ങൾ ഉയരുന്നുണ്ട്. നിലം നികത്തലും, വയൽ പതിച്ചുകൊടുക്കലും കൃത്യമായി നടക്കുന്നുണ്ട്. അപ്പോൾ സത്യത്തിൽ ആരുടെ വികസനമാണ് സംഭവിക്കുന്നതെന്ന് പൊതുജനം ആലോചിക്കണ്ട സമയം ആണിത്.
സത്യസന്ധമായി ഒരു ജീവിതം ജീവിച്ച് തീർക്കാനുള്ള സാഹചര്യം ഒരുക്കുന്ന ഗവൺമെന്റുകളാണ് നമുക്ക് ഉണ്ടാകേണ്ടത്. അല്ലാത്ത ഗവൺമെന്റുകൾ നമുക്ക് ഒരിക്കലും ഗുണകരമാകില്ല. ഞാൻ ഈ ഇലക്ഷനെ കാണുന്നത് ആ രീതിയിലാണ്. നിയമവും നിയമത്തിന്റെ അവസ്ഥകളും പാലിക്കപ്പെടാൻ കൃത്യമായി പറ്റുമെന്ന് തോന്നുന്ന ഒരു ഭരണകൂടത്തെ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇലക്ഷൻ വഴി ഉണ്ടാകേണ്ടത്.
ചോദ്യം ചെയ്യാൻ ആരെങ്കിലും ഒക്കെ ഉണ്ടാകുമെന്ന ഭയം വന്നാൽ തന്നെ സത്യസന്ധമായി കാര്യങ്ങൾ മുന്നോട്ട് പോകുമെന്നാണ് എന്റെ വിശ്വാസം.
ഈ തരത്തിൽ പരസ്പരം ആരെങ്കിലും ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസത്തിൽ മാത്രമാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടള്ളത് എന്നാണ് എന്റെ ഒരു വിശ്വാസം.
മറ്റ് രണ്ട് മുന്നണികൾക്കും രണ്ട് പ്രധാന പ്രശ്‌നമാണ് ഉള്ളത്. മുന്നണി മുഴുവനായി ഒരു വിഭാഗത്തിന്റേതാണ് ആദ്യത്തേത്. ആ വിഭാഗം തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം നടപ്പിൽ വരുന്ന ഒരു അവസ്ഥയാണുള്ളത്. രണ്ടാമത് ആരേയും ഭയമില്ലാത്ത ഒരു അവസ്ഥ. അത് മാത്രമല്ല അവർ ചെയ്യുന്നതാണ് ശരിയെന്നും അതാണ് നിയമം എന്നാണ്
പറയുന്നത്. ഇത് രണ്ടും അല്ല പൊതുജനങ്ങൾക്ക് വേണ്ടത്. ഇത് കൊണ്ട് തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം മുന്നോട്ട് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം.
ഇടതുപക്ഷത്തിൽ അപചയം സംഭവിച്ചുവെന്നാണ് ഇപ്പോൾ പരെക്കെ ഉള്ള ധാരണ. താങ്കൾ ഇത് ശരിവയ്ക്കുന്നോ?

സത്യത്തിൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നു വേണം പറയാൻ. ഇടക്കാലത്ത് അത് മാറി. കൃത്യമായി പറഞ്ഞാൽ അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ഇത് പൂർണ്ണമായും മാറിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരെ സംഘടിപ്പിച്ച് നടത്തിയ കൂട്ടായ്മകളാണ് ഇതിന്റെ കാരണം. ചെറുപ്പക്കാരുടെ ഇടയിൽ നിന്ന് പാർട്ടിയെ കൃത്യമായി അനലൈസ് ചെയ്യാനുള്ള ഒരു ശ്രമം ഉണ്ട് ഇപ്പോൾ.
സാധാരണക്കാരായ ജനങ്ങൾ ഇടത് പാർട്ടിയെ കാണുന്നത് ജാതി-മത ശക്തികൾ ശക്തിപ്പെടാതിരിക്കാനുള്ള ഒരു ആശ്രയമായിട്ടാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ കാര്യങ്ങൾ നോക്കിയാൽ ജാതി-മത ശക്തികളുടെ ഒരു വലിയ കടന്നുകയറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
ശരിയാണ്. ഞാനും ഭയക്കുന്ന ഒരു അവസ്ഥയാണിത്. കഴിഞ്ഞ ഒരു 15-20 വർഷമായി സാമുദായിക അടിസ്ഥാനത്തിലാണ് പലപ്പോഴും ഒരു പ്രദേശത്ത് പുരോഗതി ഉണ്ടാകുക എന്ന ഒരു കാര്യം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.
ഇപ്പോൾ ഒരു നിയമസഭാ മണ്ഡലത്തിൽ ആ പ്രദേശത്ത് കൂടുതലായി ഉള്ള മതത്തിൽ പെട്ട ആളുതന്നെ വേണമെന്ന ആവശ്യം ഉണ്ടാകാറുണ്ട്. പണ്ട് യുഡിഎഫിന്റെ ഭരണകാലത്ത് ന്യൂനപക്ഷ പ്രീണനം എന്ന പേരിൽ ലീഗ് തുടങ്ങിയതാണിത്. സത്യത്തിൽ ഒരു പരിധി വരെ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇത് ഉണ്ട്.
എങ്കിൽ പോലും അങ്ങനെ ആവാതിരിക്കാൻ ഒരു മിനിമം പ്രതീക്ഷ ഇപ്പോഴും ഉള്ളത് കമ്മ്യൂണിറ്റ് പാർട്ടിയിൽ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
സിനിമാ മേഖലയിൽ ഉള്ളവർക്ക് ഇത്തവണ പ്രാധാന്യം കൂടിപ്പോയെന്ന് തോന്നുന്നുണ്ടോ?
ഇല്ല. എല്ലാക്കാലത്തും അത് ഉണ്ടായിരുന്നു. സിനിമാക്കാരും ഈ സൊസൈറ്റിയുടെ ഭാഗം തന്നെയാണ്. അവരും ഇതെല്ലാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ്. പണ്ട് സിനിമയിൽ അഭിനയിക്കുന്നവരെ സമൂഹത്തിൽ നിന്നും മാറ്റി നിറുത്തുന്ന ഒരു അവസ്ഥയായിരുന്നു. എന്നാൽ
ഇപ്പോൾ സിനിമ ഒരു പാഠ്യവിഷയം ആയി. ഇത് ഒരു പ്രൊഫഷൻ ആണ്.അധ്യാപകരും, ഡോക്ടർമാരും എൻജിനീയർമാരും മത്സര രംഗത്തില്ലേ..സിനിമാക്കാരെ മാത്രം എന്താ അങ്ങനെ കാണുന്നത്.
നമ്മളെന്താ അത് മറക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ ആ ചുറ്റുപാടിൽ നിന്നു വേണം നമ്മൾ കാണാൻ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here