ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട് വെള്ളിത്തിരയിൽ; പത്തോളം സിനിമകൾ; ഇനി വില്ലൻ റോളിൽ നിതിൻ

സിനിമയെന്ന ആഗ്രഹം കൈവിടാതെ 20 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായ പുതുമുഖ താരമാണ് നിതിൻ തോമസ്. ഇപ്പോഴിതാ ഷെയ്ൻ നിഗത്തിന്റെ വില്ലനായാണ് നിതിൻ എത്തുന്നത്. കബഡിക്കും സംഘടനത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ് ഷെയ്ൻ നിഗത്തിൻ്റെ 25-ാം ചിത്രം. സന്തോഷ് ടി കുരുവിളയും ബിനു അലക്‌സാണ്ടർ ജോർജും ചേർന്നാണ് നിർമ്മാണം. ഉണ്ണി ശിവലിംഗമാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. 2006 മുതൽ സിനിമയിൽ സജീവമാണെങ്കിലും നിതിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത് 2012 മുതലാണ്. “ലിറ്റിൽ മാസ്റ്റർ” എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നിതിൻ “ആഹാ”, “ക്രിസ്റ്റഫർ” തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിച്ചു.
2006-ലാണ് സിനിമ ഒരു കരിയർ ആക്കാമെന്ന് തോന്നിയതെന്ന് നിതിൻ പറയുന്നു. ആ വർഷം തന്റെ സീനിയറായ കുര്യന്റെ ഫൈനൽ പ്രൊജക്ടിൽ നായകനായാണ് നിതിൻ എത്തിയിരുന്നത്. ഇതോടെയാണ് അഭിനയം കരിയർ ആക്കാമെന്ന് തീരുമാനിച്ചതെന്ന് നിതിൻ ട്വന്റിഫോറിനോട് പറഞ്ഞു.
2012 ൽ ലിറ്റിൽ മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചാണ് സിനിമയിലേക്ക് നിതിൻ എത്തുന്നത്. തിരാക്കഥാകൃത്തായ മഹേഷ് മിത്ര വഴി അതിലൊരു ചെറിയ കഥാപാത്രം താരം അഭിനയിച്ചു. ഫേസ്ബുക്കിലെ ഒരുപോസ്റ്റിന്റെ അടിയിൽ ഇട്ട കമന്റാണ് അത്തരമൊരു അവസരത്തിന് വഴിതുറന്നതെന്ന് താരം പറയുന്നു. ‘ആ സമയത്ത് ഫേസ്ബുക്ക് ഗ്രൂപ്പ് സജീവമായിരുന്നു, സംവിധായകരും എഴുത്തുകാരുമുള്ള ഒരു ഗ്രൂപ്പുണ്ടായിരുന്നു. ആ ഗ്രൂപ്പിന്റെ പേര് ഇപ്പോൾ ഓർമ്മയിൽ ഇല്ല. ആ ഗ്രൂപ്പിൽ സിനിമ സംബന്ധമായ ചർച്ചയിൽ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന ഒരു ചോദ്യത്തിൽ ഞാൻ ഇങ്ങനെ കമന്റ് ഇട്ടു-‘തീർച്ചയായും ചെയ്യണം. പുതുമുഖങ്ങളിൽ ഒത്തിരി ടാലന്റായിട്ടുള്ളവർ പുറത്തുണ്ട്. അവർക്കും അവസരം കൊടുക്കാം, അതിനുള്ള സ്പെയസ് മലയാള സിനിമയിലുണ്ട്’. ഇത് കണ്ട ലിറ്റിൽ മാസ്റ്റർ തിരക്കഥാകൃത്ത് മഹേഷ് മിത്ര എനിക്ക് പേഴ്സണൽ മെസേജ് അയച്ചു. ഞാൻ മഹേഷ് മിത്രയാണെന്നും, എനിക്ക് നമ്പർ തരൂ, തിരുവനന്തപുരത്ത് ഞാൻ വരും അന്ന് എന്നെ വന്ന് കാണുക എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്’ എന്ന് നിതിൻ പറയുന്നു.
ഓഡിഷൻ വഴിയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറിലേയ്ക്ക് നിതിൻ എത്തുന്നത്. “ഭയങ്കര ആവേശഭരിതനായിരുന്നു മമ്മൂക്കയുടെ സിനിമയിലേക്കാണ് ഓഡിഷൻ നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ. രണ്ട് റൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. ആദ്യം ചിത്രത്തിന്റ അസോസിയേറ്റും ചീഫ് അസോസിയേറ്റും കാസ്റ്റിങ് സംവിധായകനും ഉൾപ്പെടുന്ന സംഘമാണ് ഓഡിഷൻ ചെയ്തത്. അവർക്ക് അത് ഇഷ്ടപ്പെടുകയും പിന്നീട് സെക്കൻഡ് റൗണ്ട് ഉണ്ടെന്ന് പറഞ്ഞ് കോൾ വന്നു. സെക്കൻഡ് റൗണ്ടിൽ സംവിധായകൻ ഉണ്ണികൃഷ്ണൻ സാർ ഒരു ഡയലോഗ് പറയാൻ പറഞ്ഞു. ആ ഡയലോഗ് പറഞ്ഞു. അങ്ങനെയാണ് ക്രിസ്റ്റഫറിലേയ്ക്ക് എത്തിപ്പെടുന്നത്. ലോക്കേഷനിൽ എത്തുമ്പോഴാണ് മമ്മുക്കയ്ക്കൊപ്പം എന്ന് അറിയുന്നത്. മേക്കപ്പ് ഇടുന്ന ചേട്ടനോട് മമ്മുക്ക ഇന്ന് വരുമോ എന്ന് ചോദിച്ചു. വരുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കായിരുന്നു എന്റെ ഷോട്ട്. അത് എടുത്ത് കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന്. എന്നിട്ട് ആർട്ടിസ്റ്റാണോ എന്നൊക്കെ ചോദിച്ചു. പേര് ചോദിച്ചു. അദ്ദേഹം സംസാരിച്ചപ്പോൾ ഞാനിങ്ങനെ പറഞ്ഞു സ്ട്രഗിളാണെന്ന്. അതിന് അദ്ദേഹം തന്ന മറുപടി സ്ട്രഗിൾ ചെയ്ത് തന്നെയാണ് മുന്നോട്ട് പോകേണ്ടത് എന്നായിരുന്നു. അത് എനിക്ക് മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു അത്” നിതിൻ പറഞ്ഞു.
നിതിൻ ചെയ്ത് മറ്റൊരു പ്രധാന വേഷമായിരുന്നു ജമീലൻ്റെ പൂവൻ കോഴി എന്ന സിനിമയിലെ ഇമ്രാൻ അലി. ഈ കഥാപാത്രത്തിലേക്ക് എത്തുമ്പോൾ നിതിൻ ചെന്നൈയിലായിരുന്നു. ഈ സിനിമയുടെ പ്രോജക്റ്റ് ഡിസൈനർ നിതിന്റെ സുഹൃത്തായിരുന്നു. അദ്ദേഹം പറഞ്ഞറിഞ്ഞാണ് ഇങ്ങനെ ഒരു സിനിമ നടക്കാൻ പോകുകയാണെന്നെന്നും സംവിധായകനെ കാണാനും പോയത്. സംവിധായകനെ നേരിട്ട് കണ്ടപ്പോൾ സ്ക്രീൻ ടെസ്റ്റായി ഒരു ഡയലോഗ് പറയിപ്പിച്ചു. അത് അദ്ദേഹത്തിനു ഇഷ്ടമായി. അങ്ങനെ ചിത്രത്തിലേക്ക് എത്തിപ്പെടുകയായിരുന്നു നിതിൻ. ചിത്രത്തിൽ പോലീസ് ഓഫീസറായാണ് നിതിൻ വേഷമിട്ടത്.

താൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യം ഉള്ള കഥാപാത്രമാണ് ആഹയിലെ പാക്കാൻ ബിജുവെന്ന് നിതിൻ പറയുന്നു. കുറച്ച് കൂടെ സ്റ്റാർ കാസ്റ്റായിട്ടുള്ള കഥാപാത്രമായിരുന്നു അത്. “മനോജേട്ടനും ഇന്ദ്രേട്ടനുമൊക്കെ പോലെയുള്ള താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതായിരുന്നു അതിലെ ഏറ്റവും വലിയ കാര്യം. ഇവരോടൊപ്പം നിൽക്കുന്നത് കൊണ്ട് തന്നെ കുറച്ച് കൂടെ ശ്രദ്ധേയമായി. അതിൽ സന്തോഷമുണ്ട്. നല്ല കായിക ക്ഷമത വേണ്ട ഒന്നാണ് വടംവലി. അതിനു വേണ്ടി ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഒന്നരമാസം നീണ്ടു നിൽക്കുന്ന ഒരു ട്രെയിനിംഗ് സെക്ഷൻ തന്നെ ഉണ്ടായിരുന്നു. വടം വലിച്ച പാട് പുറത്ത് ഇപ്പോഴും ഉണ്ട്” നിതിൻ പറയുന്നു.

സിനിമ കരിയറാക്കിയതോടെ ചെറിയ എതിർപ്പുകളൊക്കെ വീട്ടിൽ നിന്ന് ആദ്യം ഉണ്ടായിട്ടുണ്ടെന്ന് നിതിൻ പറയുന്നു. കുടുംബത്തിൽ സിനിമയുമായി ബന്ധപ്പെട്ടവർ ആരുമില്ലയിരുന്നു. നിതിനാണ് ആദ്യമായി ഇതിലേക്ക് ഇറങ്ങി തിരിച്ചിട്ടുള്ളത്. അതിൽ വിജയമായി എന്ന് തന്നെയാണ് അദ്ദേഹം വിശ്വാസിക്കുന്നത്. ഇതുവരെ പത്തോളം സിനിമകളിൽ അഭിനയിച്ചു. എല്ലാം ക്യാരക്ടർ റോളുകളും സംഭാഷണങ്ങളുള്ള വേഷങ്ങളാണ് ചെയ്തത്. ഇപ്പോൾ വീട്ടുക്കാർക്ക് തന്നെ ഓർത്ത് സന്തോഷമുണ്ടെന്ന് നിതിൻ പറഞ്ഞു. “ആദ്യം അവർക്കുണ്ടായ അങ്കലാപ്പ് ഇപ്പോൾ ഇല്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ആദ്യമൊക്കെ ഓഡിഷന് പോകുമ്പോഴും ചാൻസ് ചോദിക്കുമ്പോഴും അവർക്ക് ഇത് എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് അന്ന് എനിക്ക് ഭയങ്കര പ്രഷർ ഉണ്ടായിരുന്നു. ഇപ്പോൾ അവർ ഹാപ്പിയാണ്. എന്നെ അവർ സ്ക്രിനിൽ കാണുമ്പോൾ അവർ ഒത്തിരി സന്തോഷിക്കുന്നുണ്ട്” എന്ന് നിതിൻ പറഞ്ഞു.
Story Highlights : Actor Nitin Thomas exclusive interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here