തെങ്ങ് മരം അല്ലേ ?

തെങ്ങിനെ മരത്തിന്റെ ഗണത്തിൽ നിന്ന് ഒഴിവാക്കിയ ഗോവൻ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി. പൈതൃകസംരക്ഷണ പ്രവർത്തകർ നല്കിയ പരാതിയിൽ ജൂൺ 13നകം വിശദീകരണം നല്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വകാര്യകമ്പനിക്ക് മദ്യനിർമ്മാണ ശാല നിർമ്മിക്കാൻ 500 തെങ്ങുകൾ മുറിച്ചുമാറ്റാൻ സർക്കാർ അനുമതി നല്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പൈതൃകസംരക്ഷണപ്രവർത്തകർ രംഗത്തെത്തിയതോടയൊണ് തെങ്ങ് മരത്തിന്റെ ഗണത്തിൽ ഉൾപ്പെടുന്നതല്ലെന്ന് സർക്കാർ നിലപാട് അറിയിച്ചത്. 1984ലെ മരസംരക്ഷണ നിയമം സർക്കാർ ഭേദഗതി ചെയ്തതോടെ തെങ്ങിനെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ മരം മുറിക്കാവൂ എന്ന നിയമം ഇതോടെ തെങ്ങിന് ബാധകമല്ലാതായി.
സർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പൈതൃകസംരക്ഷണപ്രവർത്തകർ കോടതിയെ സമീപിച്ചത്. അതേസമയം,ജനജീവിതത്തിന് ഭീഷണിയായ തെങ്ങുകൾ മുറിച്ചുനീക്കാനാണ് മരസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here