സ്ത്രീ സുരക്ഷയ്ക്കായ് പ്രതിഷേധ ക്യാമ്പൈൻ

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥി ജിഷയുടെ ക്രൂരകൊലപാതകത്തെ തുടർന്ന് കേരളമാകെ പ്രതിഷേധ കടലാവുകയാണ്. ഡെൽഹിയിൽ ജ്യോതിസിങ് എന്ന പെൺകുട്ടി ക്രൂര പീഡനങ്ങൾക്കിരയായി കൊല ചെയ്യപ്പെട്ടപ്പോൾ സമൂഹം ഉണർന്നു പ്രവർത്തിക്കുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് ജിഷയ്ക്ക് ഈ അവസ്ഥ വരില്ലെന്ന വാദം ശക്തമായിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് നമ്മുടെ നിയമങ്ങൾ പാകമാണോ എന്ന ചോദ്യവും നിലനിൽക്കുന്നു.
ജ്യോതി സിങ്ങിന്റെ കൊലപാതകിയായ പ്രായ പൂർത്തിയാകാത്ത പ്രതിയെ വിട്ടയച്ച നടപടി ഭരണഘടനയെ ചോദ്യം ചെയ്യാൻ കാരണമായിരുന്നു.
സൗമ്യയെന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ദാരുണമായി കൊലചെയ്തതും കേരളത്തിൽവെച്ചാണ്. എന്നാൽ പ്രതി ഗോവിന്ദച്ചാമി ഇന്നും ജയിലിൽ സുരക്ഷിതനും സംരക്ഷിതനുമാണ്. ഇതുകൊണ്ടുതന്നെ മരണത്തിന് അപ്പുറം ഒരു ശിക്ഷ നൽകാനാകില്ലെന്നും, ജയിൽ ഇവർക്ക് സുഖവാസ കേന്ദ്രമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഗോവിന്ദച്ചാമിയെ മാതൃകാപരമായി ശിക്ഷിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും പാഠമാകുമായിരുന്നു എന്നും ജിഷയ്ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമായിരുന്നില്ലെന്നും വാദിക്കുന്നവരും ഏറെയാണ്. എന്നാൽ സമൂഹമാണ് മാറേണ്ടത് മനുഷ്യ ചിന്തകളാണ് മാറേണ്ടതെന്നും ചിലർ.
തൂക്കുമരം ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ രംഗത്തെത്തുമ്പോൾ തന്നെയാണ് വധശിക്ഷ മനുഷ്യാവകാശ ലംഘനമെന്ന ക്യാമ്പൈനുമായി മറ്റൊരു കൂട്ടരും രംഗത്തെത്തുന്നത്.
എങ്കിൽ സ്ത്രീ സുരക്ഷയ്ക്ക് നാം സമൂഹം, നിയമം, ഭരണ കൂടം എന്നിവർ ചെയ്യേണ്ടത് എന്താണ് ?
ട്വന്റി ഫോർ ന്യൂസ് ആരംഭിച്ച പ്രതിഷേധ ക്യാമ്പൈന് ഒപ്പം ചേർന്നവർക്ക് ആവശ്യപ്പെടാനുള്ളത് ഭരണഘടനാ ഭേദഗതിയും സ്ത്രീ സുരക്ഷയുമാണ്.
നിങ്ങൾക്കും പ്രതിഷേധ ക്യാമ്പൈനിൽ പങ്കാളികളാം.
സ്ത്രീ സുരക്ഷയ്ക്ക്, സംരക്ഷണത്തിന് നിങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ, നിർദ്ദേശങ്ങൾ സെൽഫി വീഡിയോ ആയി ട്വന്റിഫോർന്യൂസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യൂ…
പ്രതിഷേധ ക്യാമ്പൈനിൽ പങ്കാളികളാകൂ…