Advertisement

പെരുമ്പാവൂർ കേസിൽ നിയമസെക്രട്ടറിയുടെ റിപ്പോർട്ട്; പോലീസിനെതിരെ രൂക്ഷവിമർശനം

May 7, 2016
Google News 1 minute Read

പെരുമ്പാവൂർ കേസിൽ പോലീസ് അന്വേഷണം വിഡ്ഢിത്തങ്ങൾ നിറഞ്ഞതാണെന്ന് നിയമസെക്രട്ടറി ബി.ഹരീന്ദ്രനാഥ്. കൃത്യം നടന്ന് പത്ത് ദിവസമായിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് നട്ടംതിരിയുന്നതിനിടെയാണ് നിയമസെക്രട്ടറിയുടെ രൂക്ഷവിമർശനം.ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയ്ക്ക് നല്കിയ റിപ്പോർട്ടിലാണ് പോലീസിനെതിരായ പരാമർശങ്ങളുളളത്. ജിഷ കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ എറണാകുളം റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് ആസ്ഥാനത്ത് വിവരം അറിയിച്ചിരുന്നെങ്കിലും വേണ്ടരീതിയിലുള്ള പ്രതികരണമല്ല ഉണ്ടായത്. അന്ന് തന്നെ ആഭ്യന്തരസെക്രട്ടറിക്ക് നൽകേണ്ടിയിരുന്ന റിപ്പോർട്ട് ഒരു ദിവസം കഴിഞ്ഞാണ് നല്കിയത്. ഒരു പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നു മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

എപ്രിൽ 28ന് വൈകിട്ടാണ് ജിഷ കൊല്ലപ്പെട്ടത്. പിറ്റേന്ന് വൈകിട്ട് മൂന്നേകാലിനാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. 30ന് രാവിലെ 11നാണ് എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയത്. ദളിത് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ എഫ്‌ഐആര്‍ ഇത്രയും വൈകിയത് അംഗീകരിക്കാനാവില്ലെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.ജിഷയുടെ കഴുത്തിന്റെ രണ്ടുവശത്തും ചെവിയിലും കടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഈ പാടുകളില്‍ നിന്ന് പ്രതിയുടെ ഉമിനീരിന്റെ ഒരുകോശം വീണ്ടെടുത്താല്‍ അതും ശക്തമായ തെളിവാകുമായിരുന്നു.ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത് പതിന്നാലു മണിക്കൂറിന് ശേഷമാണ്. അതുവരെ സ്രവങ്ങള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റിനെ പോലും പൊലീസ് എത്തിച്ചില്ല. പന്ത്രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ബീജത്തിന്റെ ഘടന മാറി ഡിഎന്‍എ നഷ്ടമാവും. പതിന്നാല് മണിക്കൂര്‍ കഴിഞ്ഞ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതിശക്തമായ ഈ തെളിവ് വീണ്ടെടുക്കാനാവില്ല. ഈ വീഴ്ചയ്ക്ക് ആര് ഉത്തരം പറയും?പീഡനക്കേസുകളില്‍ വിരലടയാളം ലഭിക്കാന്‍ സാദ്ധ്യത വിരളമായതിനാല്‍ കടിയേറ്റ പാടുകളും സ്രവപരിശോധനയും നിര്‍ണായക തെളിവാകുമായിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ സ്രവങ്ങള്‍ ശേഖരിക്കാതിരുന്നതിന് എന്താണ് കാരണം?

കേരള കെമിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ റൂള്‍സ് പ്രകാരമുള്ള അന്വേഷണം പൊലീസ് നടത്തിയില്ല. പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ മരിച്ചാലും ഇല്ലെങ്കിലും ആദ്യം ശ്രമിക്കേണ്ടത് പുരുഷബീജം വീണ്ടെടുക്കാനായിരിക്കണമെന്നാണ് ചട്ടം. പന്ത്രണ്ട് മണിക്കൂര്‍ മാത്രമേ ബീജം ജീവനുള്ളതായിരിക്കൂ. ജിഷയുടെ ശരീരത്തില്‍നിന്ന് പുരുഷബീജത്തിന്റെ ഒരുകോശമെങ്കിലും വീണ്ടെടുത്തെങ്കില്‍ അത് ഡിഎന്‍എ പരിശോധനയില്‍ 99.99 ശതമാനം കൃത്യതയുള്ള തെളിവാകുമായിരുന്നു. പ്രതിയെ കണ്ടെത്തുക പോലും ചെയ്യും മുന്‍പ് പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള കേന്ദ്രനിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊലപാതകിയും പട്ടികവിഭാഗക്കാരനാണെങ്കില്‍ ഈ വകുപ്പ് നിലനില്‍ക്കില്ല. കേസും ദുര്‍ബലമാകും. പ്രതി പട്ടികവിഭാഗക്കാരനല്ലെങ്കിലും, ജിഷ പട്ടികജാതിക്കാരിയാണെന്ന് മനസിലാക്കി ആ ഉദ്ദേശ്യത്തോടെ ആക്രമിച്ചതാണെങ്കിലേ കേന്ദ്രനിയമം ചുമത്താനാവു. അതിക്രൂരമായ കുറ്റകൃത്യം ഇങ്ങനെ ഗൗരവമില്ലാതെ കൈകാര്യം ചെയ്തത് ശരിയായില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്‌.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here