റെഗേയുടെ സ്വന്തം ബോബ് മാർലീ

ഓർത്തിരിക്കാൻ നിരവധി സംഗീതങ്ങളും, ജീവിതത്തിൽ പകർത്താൻ നിരവധി ആശയങ്ങളും തന്ന ബോബ് മാർലീ എന്ന പോപ് ചക്രവർത്തി മരിച്ചിട്ട് ഇന്നേക്ക് 35 വർഷം. 1945 ഫെബ്രുവരി 6 ന് ജനിച്ച റോഗേർട്ട് നെസ്റ്റാ മാർലീ എന്ന ബോബ് മാർലിയെ, റെഗേ സംഗീതത്തിന്റെ ബ്രാന്റ് അംബാസിഡർ എന്ന് വിശേഷിപ്പിക്കാം. അറുപതുകളിൽ ജമൈക്കയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഈ സംഗീതം, ലോകം അറിഞ്ഞ് തുടങ്ങിയത് ഒരുപക്ഷേ മാർലിയുടെ ഗാനങ്ങളിലൂടെയാവണം.
മറ്റു റോക്ക് സ്റ്റാറുകളിൽ നിന്നും വ്യത്യസ്തമായ് ജടപിടിച്ച മുടിയും, അലസമായ വേഷവിധാനവും മാർലിയെ ആൾകൂട്ടത്തിൽ വ്യത്യസ്ഥനാക്കി. സാമൂഹികമായും, രാഷ്ട്രീയപരമായും നിരവധി പ്രശ്‌നങ്ങൾ നിലനിന്നിരുന്ന ജമൈക്കയിലെ പാവങ്ങൾക്ക് തന്റെ സംഗീത്തിലൂടെ മുന്നോട്ടുള്ള ജീവിതത്തിനുള്ള പ്രതീക്ഷ നൽകുകയായിരുന്നു അദ്ദേഹം. തികഞ്ഞ റാസ്തഫേറിയനായിരുന്ന മാർലിയുടെ വരവോടെ
ലോകമൊട്ടാകെയുള്ള യുവാക്കൾ റാസ്തഫാരിയുടെ അർത്ഥം പോലും അറിയാതെ മാർലിയെ അനുകരിക്കുകയും, റാസ്തഫാരിയെ സൂചിപ്പിക്കുന്ന ചുവപ്പ്, ഗോൾഡൻ, പച്ച എന്നീ നിറങ്ങൾ ഒരുമിച്ച് വരുന്ന തൊപ്പികൾ, ബ്രെയിസ്ലെറ്റുകൾ, ടീ ഷർട്ടുകൾ എന്നിവ ഉപയോഗിക്കാനും തുടങ്ങി. മാത്രവുമല്ല റാസ്തഫാരിയനുകളുടെ ഇടയിൽ വളരെയധികം പ്രധാന്യമുള്ള കഞ്ചാവും ബോബ് മാർലി ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായ ഭക്ഷ്യ വസ്തുക്കളും, കഞ്ചാവ് പോലുള്ള ചെടികളുടെ ഉപയോഗവും, ദൈവത്തിന്റെ സൃഷ്ടികളുമായ് ചേർന്ന് പോവുന്നത് സൂചിപ്പിക്കാനും, ആധുനികതയ്‌ക്കെതിരെയുള്ള ആയുധവുമായാണ് റാസ്തഫാരിയനുകൾ കണക്കാക്കിയിരുന്നത്.
സംഗീതജ്ഞൻ മാത്രമല്ല, തത്വചിന്തകനുമായിരുന്നു ബോബ് മാർലി. സങ്കീർണ്ണത നിറഞ്ഞ ജീവിതത്തെ ഇത്ര ചുരുങ്ങിയ വാക്കുകളിലൂടെ ലഘൂകരിച്ച വേറെയാരും തന്നെ ഉണ്ടാവില്ല. ഇന്നത്തെ സന്തോഷ നിമിഷങ്ങൾ നാളെ നമ്മെ കരയിക്കും എന്ന ഒറ്റ വാചകം മതി മാർലിക്കുള്ളിലെ തത്വചിന്തകന്റെ ആഴം മനസ്സിലാക്കാൻ. നമ്മുടെ മനസ്സിന്റെ സ്വതന്ത്ര്യത്തിന്റെ താക്കോൽ നമ്മിൽ തന്നെയാണെന്നും അദ്ദേഹം ലോകത്തോട് പറഞ്ഞു.
ഗെറ്റ് അപ്പ് സ്റ്റാന്റപ്പ്, നോ വുമൻ നോ ക്രൈ, റിഡംഷൻ സോങ്ങ്, വൺ ലവ്, സൺ ഇസ് ഷൈനിങ്ങ്, എന്നിവയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസുകൾ. ബാന്റ് ഓഫ് ദ ഇയർ അവാർഡ്, പീസ് മെഡൽ ഓഫ് ദ തേർഡ് വേൾഡ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ കരസ്തമാക്കിയ അദ്ദേഹത്തെ തേടി മരണത്തിന ശേഷവും നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. 36-ാം വയസ്സിൽ അകാലമരണം സംഭവിച്ച ഈ സംഗീതജ്ഞന്റെ റെക്കോർഡുകൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. കാലത്തിന് മുമ്പിലും, ഒപ്പവും, ശേഷവും സഞ്ചരിക്കുന്ന ഗാനങ്ങളായത് കൊണ്ടാവണം ഇന്നും അദ്ദേഹത്തിന്റെ സംഗീതത്തിന് മരണമില്ലാത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here