Advertisement

മലമ്പുഴ വിഎസ്സിനെ പരീക്ഷിക്കുമോ ?

May 14, 2016
Google News 0 minutes Read

92 ന്റെ യൗവ്വനമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിന്റെ ജീവ വായു, സാക്ഷാൽ വിഎസ് അച്യുതാനന്ദൻ. സിപിഎം പാർടിയുടെ സ്ഥാപകരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവ്. യുവ രക്തം തിളക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലെ ശക്തമായ സാന്നിദ്ധ്യം.

വിഎസ്സ് മത്സരിക്കുന്ന മലമ്പുഴ മണ്ഡലം വേനൽ ചൂട് ഏറ്റവും അധികമുള്ള പാലക്കാട് ജില്ലയിലായിട്ടും കൊടും ചൂടിനേയും വകവെക്കാതെയുള്ള പ്രചാരണ പരിപാടികളിലായിരുന്നു അദ്ദേഹം. ഒപ്പം സഹ സ്ഥാനാർത്ഥികൾക്ക് വിജയാവേശമേകാൻ അവരുടെ മണ്ഡലങ്ങളിലും ഓടിയെത്തി.

മലമ്പുഴയിൽ ഇത് വിഎസ്സിന്റ നാലാം അങ്കമാണ്. 2001 ലും 2011 ലും പ്രതിപക്ഷ നേതാവും 2006 ൽ മുഖ്യമന്ത്രിയുമായത് മലമ്പുഴയിൽ നിന്ന് വിജയിച്ചാണ്.

1965 ൽ അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് കന്നിയങ്കം കുറിച്ച വിഎസ് അന്ന് പരാജയപ്പെടുകയായിരുന്നു. കോൺഗ്രസിലെ കെ.എസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കാണ് പരാജയമറിഞ്ഞത്. പിന്നീട് 1991 ൽ മാരാരിക്കുളത്തുനിന്ന് വിജയിച്ചെങ്കിലും 1996 ൽ പാർടിയുടെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാരാരിക്കുളം മണ്ഡലത്തിൽനിന്നും അച്യുതാനന്ദൻ പരാജയപ്പെട്ടു. പിന്നീടുള്ള മത്സരങ്ങളെല്ലാം അച്യുതാനന്ദൻ ജയിച്ചു കയറിയത് മലമ്പുഴയിൽനിന്നായിരുന്നു. ഇന്നുവരെ മലമ്പുഴക്കാർ അച്യുതാനന്ദനെ കൈവിട്ടില്ല. എന്നാൽ ഇത്തവണ മലമ്പുഴയിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

കന്നിയങ്കക്കാരനായ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ് ജോയ് ആണ് അച്യുതാനന്ദന്റെ പ്രധാന എതിരാളി. കന്നിയങ്കമെങ്കിലും കെഎസ് യു സംസ്ഥാന അധ്യക്ഷനായി പ്രവർത്തിക്കുന്നതിന്റെ ആത്മ വിശ്വാസത്തിലാണ് അദ്ദേഹം. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി കൃഷ്ണകുമാർ. നാലുതവണ പാലക്കാട് സഗരസഭാംഗമായ കൃഷ്ണകുമാർ നിലവിലെ നഗരസഭാ വൈസ്‌ചെയർമാനുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് നേടാനായ മുന്നേറ്റം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്് എൻഡിഎ സഖ്യം. ബിഡിജെഎസിന്റെ പിന്തുണയും ബിജെപി സ്ഥാനാർത്ഥിയെ മലമ്പുഴയുടെ മണ്ണിൽ കരുത്തനാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here