ആര്‍.എസ്.പിയുടെ വിധി നിര്‍ണ്ണയിക്കുന്ന ഇരവിപുരം

സി.പി എമ്മിനും കോണ്‍ഗ്രസിനും നല്ല സ്വാധീനം ഉണ്ടെങ്കില്‍ കൂടി എന്നും ഈ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍.എസ്.പിയ്ക്ക് നല്‍കുന്ന മണ്ഡലം, ആര്‍ എസ് പിയുടെ തട്ടകം എന്നൊക്കെയാണ് ഇരവിപുരം പരക്കെ അറിയപ്പെടുന്നത്. ഒരുതവണ ഒഴിച്ചാല്‍ എക്കാലവും ഇടതുപക്ഷസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് ഇരവിപുരം അസംബ്ലി മണ്ഡലത്തിനുള്ളത്.എന്നാല്‍ ഇത്തവണ ഇരവിപുരത്ത് നടക്കുന്ന അങ്കത്തിന് ചുടും ചൂരും ഏറും. കാരണം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന ആര്‍.എസ്.പി ഇത്തവണ യു.ഡി.എഫിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ബാനറില്‍ വിജയിച്ച എ.എ അസീസ് ആണ് ഇപ്പോള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. കൊല്ലത്ത് എല്‍ഡി എഫിന്റെ കടുത്ത എതിരാളിയും വെല്ലുവിളിയും ആണ് അസീസ്. എം. നൗഷാദാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
എ.എ.അസീസിനെ 2011ല്‍ എതിരിടാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പി.കെ.കെ.ബാവയാണ് എത്തിയത്. എ.എ.അസീസ് ആകെ 51271 വോട്ടും 8012 വോട്ടിന്റെ ഭൂരിപക്ഷവും നേടി. പിന്നീട് എ.എ.അസീസിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.പി. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തി. ഇതിനിടെ സ്‌ഥാനാര്‍ഥിയാകാന്‍ പിടിമുറുക്കുന്ന മുസ്ലിംലീഗിലെ മുന്‍ എം.എല്‍.എയും ലീഗ് ജില്ലാ പ്രസിഡന്റുമായ എ. യൂനുസ്‌കുഞ്ഞും ആര്‍.എസ്.പിയും കൊമ്പുകോര്‍ത്തതോടെ ഇരവിപുരം കലങ്ങിമറിഞ്ഞിരുന്നു. എന്നാല്‍ സിറ്റിംഗ് മണ്ഡലങ്ങളില്‍ അതത് പാര്‍ട്ടികള്‍ മത്സരിക്കട്ടെ എന്ന ധാരണ വന്നതോടെ എ.എ അസീസ് മത്സരരംഗത്തേക്ക് വന്നു.
മയ്യനാട് ഗ്രാമപഞ്ചായത്ത്, കൊല്ലം കോര്‍പറേഷന്‍ ഡിവിഷനുകളായ കോയിക്കല്‍, കല്ലുംതാഴം, കോളജ്, പാല്‍ക്കുളങ്ങര, അമ്മന്‍നട, വടക്കേവിള, പള്ളിമുക്ക്, അയത്തില്‍, മുള്ളുവിള, കിളികൊല്ലൂര്‍ സൗത്ത്, പാലത്തറ, മണക്കാട്, കൊല്ലൂര്‍വിള, കയ്യാലയ്‌ക്കല്‍, വാളത്തുംഗല്‍ ഈസ്‌റ്റ്, വാളത്തുംഗല്‍ വെസ്‌റ്റ്, ആക്കോലില്‍, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, മുണ്ടയ്‌ക്കല്‍ ഈസ്‌റ്റ്, പട്ടത്താനം, കന്റോണ്‍മെന്റ് എന്നിവ ചേരുന്നതാണ് ഇരവിപുരം മണ്ഡലം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here